കൗമാരക്കാരായ മക്കളുടെ മാതാപിതാക്കളാണോ നിങ്ങൾ? ഇക്കാര്യങ്ങൾ കൂടുതൽ ശ്രദ്ധിക്കാം

മക്കൾ കൗമാര പ്രായത്തിലേക്ക് കടക്കുന്ന സമയത്താണ് ഒരു മാതാവും പിതാവും എന്ന നിലയിൽ നിങ്ങൾ കൂടുതൽ ഉത്തരവാദിത്വവും ക്ഷമയും കാണിക്കേണ്ടത്. അവരുമായി എങ്ങനെ ആശയ വിനിമയം നടത്തണമെന്നും അവരെ എങ്ങനെ കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്തണമെന്നും ഓർത്ത് നിങ്ങൾ സമ്മർദ്ദത്തിലായേക്കാം. ഈ സമയത്ത് എങ്ങനെ മക്കളുമായി കൂടുതൽ സ്നേഹത്തിലായിരിക്കുവാനുള്ള കുറച്ച് മാർഗങ്ങളാണ് ചുവടെ ചേർക്കുന്നത്.

1. മാതാപിതാക്കൾ അവരെ മനസ്സിലാക്കുക

ജൈവശാസ്ത്രപരമായി നമ്മുടെ മക്കൾ ഒരുപാട് മാറ്റങ്ങളിലൂടെ കടന്നുപോകുന്ന പ്രായമാണ് കൗമാരം. അവരുടെ തലച്ചോർ സജീവമായി വികസിച്ചുകൊണ്ടിരിക്കുന്ന സമയമാണിത്. മുതിർന്നവരുടെ തലച്ചോറിനേക്കാൾ വിവരങ്ങൾ കൂടുതലായി പ്രോസസ്സ് ചെയ്യാൻ ഇവർക്ക് കഴിയും. വികാരങ്ങൾ നിയന്ത്രിക്കുന്നതിനും തീരുമാനങ്ങൾ എടുക്കുന്നതിനും യുക്തിസഹജമായി പ്രവർത്തിക്കാനുമുള്ള നമ്മുടെ കഴിവിനെ നിയന്ത്രിക്കുന്ന തലച്ചോറിന്റെ ഭാഗമായ ഫ്രോണ്ടൽ കോർട്ടെക്‌സ് ഈ സമയത്താണ് കൂടുതലായി വളരുന്നത്. എന്നാൽ ഇത് പൂർണ്ണമായ വളർച്ചയിലേക്ക് ഈ സമയത്ത് എത്തുന്നില്ല. 20 കളുടെ മധ്യത്തിലാണ് ഇത് കൂടുതലായും പക്വത പ്രാപിച്ചു വരുന്നത്. നിങ്ങളുടെ കൗമാരക്കാരായ മക്കൾ ചില കാര്യങ്ങളിൽ വ്യത്യസ്തമായി ചിന്തിക്കുന്നതും നിങ്ങളെക്കാൾ പക്വതയുള്ളതുമായി കാണപ്പെടുന്നതിന്റെ ഒരു കാരണം ഇതാണ്. ഈ സമയത്തുണ്ടാകുന്ന ഹോർമോണുകളുടെ മാറ്റവും അവരെ കൂടുതൽ ഉത്കണ്ഠാകുലരും ആവേശമുള്ളവരുമാക്കി തീർക്കും. ഇതൊക്കെ മനസ്സിലാക്കിക്കൊണ്ടുവേണം അവരോട് സംസാരിക്കുവാനും അവരുടെ പ്രശ്നങ്ങളെയും പ്രതിസന്ധികളെയും മറികടക്കുവാനുള്ള മാർഗ്ഗങ്ങളെക്കുറിച്ചും ചിന്തിക്കേണ്ടത്.

2. കൗമാരക്കാർ വസ്തുതകകളെ വ്യത്യസ്തമായി കാണുന്നു

ഏതൊരു കാര്യത്തെയും വളരെ വ്യത്യസ്‍തമായാണ് ഈ സമയത്ത് അവർ കാണുക. മാതാപിതാക്കൾ ഇതിൽ അല്പം കൂടി വ്യത്യസ്തത പുലർത്തിയാൽ തീരാവുന്ന പ്രശ്നങ്ങളെ ഉള്ളൂ. ഒരു പക്വതയാർന്ന ചിന്താഗതിയിൽ നിന്നുകൊണ്ട് കാര്യങ്ങളെ വീക്ഷിക്കുന്ന നിങ്ങളിൽ നിന്നാണ് കൂടുതൽ പക്വമാർന്ന പെരുമാറ്റങ്ങൾ ഉണ്ടാകേണ്ടത്. അവരെ വികാരഭരിതരാക്കാതെ കാര്യങ്ങൾക്ക് മറ്റൊരു വശവുമുണ്ടെന്നു അവരെ ധരിപ്പിക്കുക. അവരുടെ കോപത്തെയും ഉത്കണ്ഠയെയും മാനിക്കുക. നിങ്ങളുടെ വികാരങ്ങളെ തല്ക്കാലം അൽപ കാലത്തേയ്ക്ക് മാറ്റിവെയ്ക്കുക. ശാന്തമായിരിക്കുന്ന സമയത്ത് പരസ്പരം സംസാരിക്കുക. കോപിക്കുന്നതിൽ തെറ്റില്ലെന്നും എന്നാൽ എല്ലാത്തിനും ഓരോ പരിധികളും മാന്യതയുമുണ്ടെന്നും അവർക്ക് മനസ്സിലാക്കി കൊടുക്കുക. അവരുടെ കോപത്തിനും ഉത്ക്കണ്ഠയ്ക്കും പിന്നിലെന്താണെന്നു മനസ്സിലാക്കാൻ ശ്രമിക്കുക. ദേഷ്യം കുറയ്ക്കാനും മനസ്സിനെ ശാന്തമായ്ക്കാനുമുള്ള മാർഗ്ഗങ്ങൾ അവർക്കായി നിർദ്ദേശിക്കുകയും ചെയ്യുക. വ്യായാമം, സ്പോർട്സ്, ഒരു പഞ്ച് ബാഗിലോ തലയിണയിലോ ഇടിക്കുന്നതുപോലും കോപം ഒഴിവാക്കും. സംഗീതം, നൃത്തം, ആത്മീയത എന്നിവയും കോപത്തെ വരുതിയിലാക്കാനുള്ള മികച്ച മാർഗ്ഗങ്ങളാണ്. അതിലുപരി നിങ്ങൾ മാതാപിതാക്കളുടെ കോപത്തെ നിയന്ത്രിക്കാനുള്ള നടപടികളും ഈ കൂടെത്തന്നെ സ്വീകരിക്കുക.

3. വിഷാദരോഗ ലക്ഷണങ്ങൾ തിരിച്ചറിയുക

കൗമാരക്കാരിൽ പ്രശ്നമുണ്ടാക്കുന്ന പല കാര്യങ്ങളുടെയും അടിസ്ഥാനം വിഷാദ രോഗമായിരിക്കാം. ഏകാഗ്രത കുറയുക, പഠന നിലവാരം താഴുക, അനാവശ്യമായ ടെൻഷൻ, വീട്ടിൽ നിന്ന് ഓടിപ്പോകുന്നതിനെക്കുറിച്ച് സംസാരിക്കുക, മയക്കുമരുന്ന്, മദ്യം എന്നിവയുടെ ഉപയോഗം, ആത്മവിശ്വാസ കുറവ്, പൊതു ഇടങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി നിൽക്കുക, സ്മാർട്ട് ഫോണിനോടുള്ള അമിതമായ ആസക്തി തുടങ്ങിയവയെല്ലാം വിഷാദരോഗത്തിന്റെ ലക്ഷണങ്ങളാണ്. ഇതിൽ ഒന്നോ രണ്ടോ ലക്ഷണങ്ങൾ ഏതൊരു കുട്ടിക്കും ഈ പ്രായത്തിൽ ഉണ്ടാകാം. അതിനെയെല്ലാം വിഷാദരോഗമെന്നു തെറ്റിദ്ധരിക്കേണ്ടതില്ല. എന്നാൽ പ്രകടമായ രീതിയിൽ ഇവയൊക്കെ കാണിക്കുന്നുണ്ടെങ്കിൽ തീർച്ചയായും കുട്ടിയെ കൗൺസിലിംഗിന് വിധേയമാക്കേണ്ടതുണ്ട്.

4. പോഷകസമൃദ്ധമായ ശരിയായ ഭക്ഷണരീതി

ആരോഗ്യകരമായ ഭക്ഷണം കൗമാരക്കാരുടെ ആരോഗ്യം സുസ്ഥിരമാക്കാനും അവരുടെ മനസ്സിന് ഉറപ്പുണ്ടാകാനും സഹായിക്കും. ഇഷ്ടമുള്ള ഭക്ഷണം എന്നതുപോലെതന്നെ ആരോഗ്യം നൽകുന്ന ഭക്ഷണം വീട്ടിൽ ഉണ്ടാക്കുക. കൂടുതൽ പഴങ്ങളും പച്ചക്കറികളും കഴിക്കുക. ജങ്ക് ഫുഡ്, സോഡാ എന്നിവയെ ഒഴിവാക്കുക. ഭക്ഷണം പോലെത്തന്നെ പ്രധാനപ്പെട്ടതാണ് ഉറക്കവും. മക്കൾക്ക് ശരിയായ ഉറക്കം ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുക. ഉറക്കക്കുറവ് അവരെ കൂടുതൽ സമ്മർദ്ദത്തിലാക്കും. ഈ സമയത്ത് കുട്ടിക്ക് 8.5 മുതൽ പത്തു മണിക്കൂർ വരെ ഉറക്കം ആവശ്യമാണ്.

5. സ്വയം ശ്രദ്ധിക്കുക

കൗമാരക്കാരായ മക്കളുള്ള മാതാപിതാക്കൾക്ക് തീർച്ചയായും സമ്മർദ്ദം അനുഭവപ്പെടും. അതിനാൽ മാതാപിതാക്കൾ അവരുടെ ആരോഗ്യം ശ്രദ്ധിക്കേണ്ടത് വളരെയധികം അനിവാര്യമാണ്. ദിവസവും വിശ്രമിക്കാൻ സമയം കണ്ടെത്തുക. സ്വയം നിയന്ത്രിക്കാൻ എങ്ങനെ കഴിയുമെന്ന് ചിന്തിക്കുക. സുഹൃത്തുക്കളോട് സംസാരിക്കുക. കുടുംബത്തിലെ മറ്റു കുട്ടികളെക്കുറിച്ചും ചിന്തിക്കുക. കൗമാരത്തിലെത്തി നിൽക്കുന്ന കുട്ടികളുടെ വികാര വിസ്ഫോടനങ്ങൾ പലപ്പോഴും അവരുടെ ഇളയ കുഞ്ഞുങ്ങളെ മോശമായി ബാധിക്കും. അതിനാൽത്തന്നെ അവരെ അവഗണിച്ചിട്ടില്ലെന്നു ഉറപ്പു വരുത്തുക. നിലവിലുള്ള സാഹചര്യങ്ങൾ സ്ഥിരമായിട്ടുള്ളതല്ലെന്നും എല്ലാം മാറുമെന്നും വീട്ടിലെ എല്ലാവരെയും ബോധ്യപ്പെടുത്തുക.

6. പ്രാർത്ഥന ഏറ്റവും മികച്ച ആശ്വാസം

ദൈവത്തിലുള്ള വിശ്വാസവും പ്രാർത്ഥനയിലുള്ള ആഴപ്പെടലുമാണ് പ്രതിസന്ധികളെ തരണം ചെയ്യാനുള്ള ഏറ്റവും മികച്ച മാർഗ്ഗം. ജീവിതത്തിലെ ഏതൊരാവസ്ഥയിലും നമ്മെ ഉറപ്പിച്ചു നിർത്തുന്നത് നമ്മുടെ ആത്മീയതയും വിശ്വാസവുമാണ്. ദൈവത്തിലാശ്രയിക്കാൻ നമ്മുടെ മക്കളെയും പരിശീലിപ്പിക്കാം. എന്ത് വന്നാലും പരിഹരിക്കാൻ ദൈവം ഉണ്ടെന്നു നമുക്ക് അവരെ ബോധ്യപ്പെടുത്തേണ്ടതിനു നമ്മുടെ പ്രതിസന്ധിയിലും വിഷമഘട്ടത്തിലും നാം ദൈവത്തെ ആശ്രയിക്കുന്നത് അവരെ കാണിച്ചുകൊടുക്കണം. അവരെ ദൈവത്തിങ്കലേയ്‌ക്ക് അടുപ്പിക്കാനായി നാം അവിടുത്തോട് എപ്പോഴും ചേർന്നിരിക്കണം.

സുനീഷാ വി. എഫ്.

1 COMMENT

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.