പാപ്പാ – ചൈനീസ് പ്രസിഡന്റ് കൂടിക്കാഴ്ച ഉടന്‍: പ്രത്യാശയോടെ ക്രൈസ്തവലോകം

ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ്, റോമില്‍ ഫ്രാന്‍സിസ് പാപ്പായെ സന്ദര്‍ശിക്കും എന്ന് സൂചന. മാര്‍ച്ച് 21 മുതല്‍ 26 വരെ നടക്കുന്ന ചൈനീസ് പ്രസിഡന്റിന്റെ ഇറ്റലി, മൊണാക്കോ, ഫ്രാന്‍സ് ഔദ്യോഗിക സന്ദര്‍ശനത്തിനിടെ അദ്ദേഹം വത്തിക്കാനിലെത്തി പാപ്പയെ സന്ദര്‍ശിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇക്കാര്യം ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

വത്തിക്കാനുമായുള്ള ബന്ധം പുതുക്കാന്‍ ഒരുക്കമാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ജെങ്ങ് ഷുവങ്ങ് വ്യക്തമാക്കിയത് ഇക്കഴിഞ്ഞയാഴ്ചയാണ്. നയതന്ത്രബന്ധമില്ലെങ്കിലും ചൈനീസ് പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്താന്‍ പാപ്പ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്ന റിപ്പോര്‍ട്ടും ഇക്കഴിഞ്ഞ ദിവസം ഒരു ഇറ്റാലിയന്‍ പത്രം പുറത്തുവിട്ടിരുന്നു. എല്ലാ രാജ്യങ്ങളുമായി സൗഹൃദപരമായ ബന്ധം കാത്തുസൂക്ഷിക്കാനാണ് വത്തിക്കാന്‍ ശ്രമിക്കുന്നതെന്ന് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ പിയട്രോ പരോളിന്റെ പ്രസ്താവനയും ഇതോടൊപ്പം ചേര്‍ത്തുവായിക്കുമ്പോള്‍ ലോകം, നല്ലത് സംഭവിക്കും എന്ന ശുഭപ്രതീക്ഷയിലാണ്.

വത്തിക്കാന്‍ – ചൈന നയതന്ത്രബന്ധത്തേക്കാള്‍ ചൈനീസ് കത്തോലിക്കാസഭയുടെ കടിഞ്ഞാണ്‍ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ കൈകളിലാണെന്നത് വിസ്മരിക്കരുത് എന്ന ഹോങ്കോങിലെ രാഷ്ട്രീയനേതാവ് സാങ്ങ് പോയുടെ പ്രസ്താവന നേരിയ ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. വത്തിക്കാന്‍ – ചൈന കരാര്‍ ഏതാണ്ട് ഫലശൂന്യമായ സാഹചര്യത്തില്‍ ഇദ്ദേഹത്തിന്റെ പ്രസ്താവന നിര്‍ണ്ണായകമാണ്.