അക്കിറോപിറ്റ മാതാവ്‌ – മാതാവിന്റെ പ്രത്യക്ഷപ്പെടലുകള്‍ 1 

ഔവര്‍ ലേഡി ഓഫ് അക്കിറോപിറ്റ 

ഇറ്റലിയിലെ റൊസാനോ (Rossano) എന്ന പട്ടണത്തില്‍  നിന്നാണ്  അക്കിറോപിറ്റ മാതാവിനോടുള്ള ഭക്തിയുടെ അരംഭം. മഡോണ അക്കിറോപിറ്റ (Acheropita)  എന്നാണ് റോസാനോയിലെ പരിശുദ്ധ കന്യകാമറിയം അറിയപ്പെടുന്നത്. റോസാനോ പട്ടണത്തിന്റെ പ്രത്യേക സംരക്ഷകയും മദ്ധ്യസ്ഥയുമാണ് മഡോണ അക്കിറോപിറ്റ. ഡിസംബര്‍ 26 ആണ് അക്കിറോപിറ്റയുടെ തിരുനാള്‍ ദിനമായി തിരുസഭ ആഘോഷിക്കുന്നത്. ഇറ്റലിയിലെ റൊസാനോ പട്ടണത്തെ ചരിത്രപ്രസിദ്ധമാക്കിയത് അക്കിറോപിറ്റ മാതാവാണ്. ഇന്ന് ഈ സ്ഥലത്താണ് റോസാനൊയിലെ കത്തിഡ്രല്‍ ദേവാലയവും ഗ്രോട്ടോയും സ്ഥിതി ചെയ്യുന്നത്.

അമ്മയില്ലാത്ത കുടംബത്തില്‍ നിന്നും അമ്മയുള്ള കുടുംബത്തിലേക്ക് ഞാന്‍ തിരിച്ചെത്തിയിരിക്കുകയാണ് എന്ന പറഞ്ഞുകൊണ്ട്  കത്തോലിക്ക തിരുസഭയിലേക്ക് കടന്ന് വന്ന കാര്‍ഡിനാല്‍ ന്യുമാന്റെ സന്തോഷ പ്രകടനമാണ് എന്റെ മനസിലേക്ക് പരിശുദ്ധ അമ്മയെ പറ്റി ഓര്‍ക്കുമ്പോള്‍ കടന്നു വരുന്നത്. അമ്മ ആരാണെന്ന് മനസിലാക്കുമ്പോഴാണ് അമ്മയെ അറിയാനും അമ്മയുടെ പ്രവര്‍ത്തനങ്ങളും ശൈലികളും അന്വേഷിച്ചിറങ്ങാനും നമ്മെ പ്രേരിപ്പിക്കുക.

1949 മെയ് 26- എന്നത് ഇറ്റലിയിലെ റോസാനൊ ദേവാലയത്തെയും ഇടവകാംഗങ്ങളെയും സംബന്ധിച്ച് വളരെ ആനന്ദത്തിന്റെ ദിനമായിരുന്നു. അന്നാണ് തങ്ങളുടെ പ്രിയപ്പെട്ട ഇടവക ദേവാലയം കത്തീഡ്രല്‍ അയി ഉയര്‍ത്തപ്പെട്ടത്. ഇപ്രകാരം ഉയര്‍ത്തപ്പെടാന്‍ കാരണമോ തങ്ങളുടെ സ്വന്തം മഡോണ അക്കിറോപിറ്റയും. അക്കിറോപിറ്റ ( മനുഷ്യകരങ്ങളാല്‍ അല്ലാത്ത) എന്ന നാമം പോലെ തന്നെ ദേവാലയത്തിന്റെ കത്തീഡ്രലായുള്ള ഉയര്‍ത്തപ്പെടലും ദൈവനിശ്ഛയം എന്ന് വിശ്വാസികള്‍ പരമ്പരാഗതമായി വിശ്വസിക്കുന്നു. 1949 ഓഗസ്റ്റ് 16 മുതല്‍ ഒക്‌ടോബര്‍ 16 വരെയുള്ള കാലയളവില്‍ (2 മാസക്കാലം) അക്കിറോപിറ്റയോടുള്ള ബഹുമാനാര്‍ത്ഥം പരി. കന്യകാമറിയത്തിന്റെ തിരുസ്വരുപം വഹിച്ചുകൊണ്ടുള്ള തീര്‍ത്ഥയാത്ര അതിരൂപത മുഴുവനും നടത്തുകയുണ്ടായി. അന്നേ ദിനം പ്രകൃതിപോലും ആനന്ദനിര്‍വൃതിയില്‍ ആയിരുന്നു എന്ന് പറയുന്നതില്‍ ഒട്ടും അതിശയോക്തിയില്ല.

മനുഷ്യന്റെതല്ലാത്ത കരങ്ങളാല്‍ നിര്‍മ്മിതം എന്നര്‍ത്ഥം വരുന്ന അക്കിറോപിറ്റയെ പറ്റി പറയപ്പെടുന്ന പരമ്പരാഗതമായ വിശ്വാസങ്ങളിലൊന്ന് ഇപ്രകാരമാണ്. ഓര്‍സിനി (orsini) എന്ന ആബര്‍ട്ട് പറയുന്ന പ്രകാരം റോസേനോയില്‍ നിര്‍മ്മിക്കപ്പെട്ടുകൊണ്ടിരിക്കുന്ന പുതിയ ദേവാലയത്തിന്  രാത്രിയില്‍ കാവല്‍ നിന്ന സെക്യുരിറ്റിക്ക്  (watchman ) ഒരു ദിവസം തന്റെ ഡ്യൂട്ടിയ്ക്കിടയ്ക്ക് പ്രഭാ പൂരിതയും വര്‍ണിക്കാനാവാത്തവിധം സൗന്ദര്യവതിയുമായ ഒരു യുവതി പ്രത്യക്ഷപ്പെട്ട് എത്രയും വേഗം ഇവിടെനിന്നും പോകാന്‍ അവശ്യപ്പെട്ടു. ആശ്ഛര്യത്തോടും അതിലേറെ ഭയത്തോടും അവിടെ നിന്നും മാറി നിന്ന സെക്യൂരിറ്റി പിറ്റെ ദിനം പ്രഭാതത്തില്‍ എന്താണ് രാത്രിയില്‍ നടന്നതെന്നറിയാനുള്ള അ ന്വെഷണാര്‍ത്ഥം പണിതുകൊണ്ടിരിക്കുന്ന ദേവാലയത്തിനടുത്തെത്തിയപ്പോള്‍ അവിടെ കണ്ടത് ചുമരില്‍ മനുഷ്യന്റെതല്ലാത്ത കരങ്ങളാല്‍ വരക്കപ്പെട്ട പരി. കന്യകമറിയത്തിന്റെ ഛായാചിത്രമായിരുന്നു!

ഏറ്റവും പുരാതനമായ കണ്ടെത്തല്‍ പ്രകാരം 6-ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന വല്ലോണിലെ വിശുദ്ധനായ നിക്കോളാസും (St. Nicholas of Vallone) സഹസന്യാസിമാരും താമസിച്ചിരുന്ന ആശ്രമത്തോടു ചേര്‍ന്നുള്ള (cave ) കൊച്ചു ചാപ്പലിന്റെ  ഭിത്തിയിലാണ് ചുമര്‍ ചിത്രം എന്ന് പറയപ്പെടുന്നു.

മറ്റൊരു ഐതീഹ്യവും മഡോണ അക്കിറോപിറ്റയെ ചുറ്റിപറ്റിയുണ്ട്. 580-ാം മാണ്ടില്‍ ജിവിച്ചിരുന്ന ഒരു സന്യസിയായിരുന്നു എഫ്രേം. ഇദ്ദേഹം പരിശുദ്ധ കന്യാകാമറിയത്തിന്റെ വലിയൊരു ഭക്തനായിരുന്നു. ഒരിക്കല്‍ കൊടുങ്കാറ്റില്‍ അകപ്പെട്ട് മൗറിസിയോ എന്ന ക്യാപ്റ്റന്‍ (captain Mauricio) റൊസാനോയില്‍ എത്തിപ്പെട്ടു. എഫ്രേം ഈ ക്യാപ്റ്റനെ കാണാന്‍ എത്തുകയും ഒരു വെളിപാട് പോലെ ഇപ്രകാരം പറയുകയും ചെയ്തു.  “കൊടുംങ്കാറ്റല്ല നിന്നെ ഇവിടെ എത്തിച്ചത്, പരിശുദ്ധ കന്യാകമറിയമാണ്. അദേഹം തുടര്‍ന്നു. നീ ഒരിക്കല്‍ ചക്രവര്‍ത്തിയാകും അന്ന് പരിശുദ്ധ കന്യാകാമറിയത്തിന് ഇവിടെ നീയൊരു ദേവാലയം പണിയണം” എന്ന്.

എകദേശം രണ്ട് വര്‍ഷം കഴിഞ്ഞ് ഏഡി 582 – ല്‍ മൗറിയോ (Mauricio) ചക്രവര്‍ത്തിയായി അവരോധിക്കപ്പെട്ടുകയും തന്നെ പറ്റിയുള്ള സന്യാസിയുടെ പ്രവചനം ഓര്‍മ്മിക്കുകയും ചെയ്തു. നന്ദി സൂചകമായി പരിശുദ്ധ കന്യാകാമറിയത്തിന്റെ ഒരു ഛായാചിത്രം വരക്കുന്നതിന് ഉത്തരവിടുകയും രാജ്യത്തെ ഏറ്റവും മികച്ച കലകാരന്‍മാരെ കണ്ടെത്തി ദൗത്യം ഏല്‍പ്പിക്കുകയും ചെയ്തു. അത്ഭുതമെന്ന് പറയട്ടെ, കലാകാരന്‍മാര്‍ പകല്‍ മുഴുവന്‍ പരിശുദ്ധ കന്യാകാമറിയത്തിന്റെ ചിത്രം വരക്കുകയും രാത്രിയില്‍ വിശ്രമത്തിനായി നീങ്ങുമ്പോള്‍ ചിത്രം അപ്രത്യക്ഷമാകാനും തുടങ്ങി. വിവരം അറിഞ്ഞ ഗവര്‍ണര്‍ സംഭവത്തിന്റെ നിജസ്ഥിതിയില്‍ വിശ്വാസ്യത തോന്നായ്കയാല്‍ രാത്രിയില്‍ കാവല്‍ക്കാരെ നിര്‍ത്തി.

രാത്രിയില്‍ കാവല്‍ നില്‍ക്കുവാനായി കാവല്‍ക്കാര്‍ എത്തിയപ്പോള്‍ അവരെ ആശ്ഛര്യപ്പെടുത്തിക്കണ്ട് സുന്ദരിയും പ്രഭാപൂരിതയുമായ ഒരു യുവതി അവര്‍ക്ക് കാണപ്പെട്ടു. ഇതു വരെ കാണാത്തത്ര സൗന്ദര്യവതിയായിരുന്നു അവള്‍. വെളുത്ത നിറമുള്ള സില്‍ക്ക് വസ്ത്രം കൊണ്ട് തല ആവരണം ചെയ്ത അവള്‍, കാവല്‍ നിന്ന കാവല്‍ക്കാരോട് അവിടെ നിന്ന് പോകാന്‍ അവശ്യപ്പെട്ടതുമൂലം രാത്രയില്‍ അവിടെ നിന്ന് മാറി നില്‍ക്കുകയും സംഭവിച്ചതെല്ലാം ഗവര്‍ണറെ അറിയിക്കുകയും ചെയ്തു. അടുത്ത ദിവസം രാവിലെ തന്നെ സംഭവിച്ചതെന്തെന്ന് നേരിട്ട് കാണാനായി ഗവര്‍ണര്‍ എത്തിയപ്പോള്‍ ദേവാലയത്തിന്റെ അടിഭാഗത്തായി പരിശുദ്ധ കന്യാകാമറിയത്തിന്റെ ഒരു ചുമര്‍ ചിത്രം കണ്ടെടുത്തു. അത് ബൈസന്‍ന്റയില്‍ ഐക്കണുകളോട് സാദൃശ്യമുള്ള പരിശുദ്ധ കന്യാകാമറിയത്തിന്റെ ഛായാചിത്രമായിരുന്നു. ഇതേ ചിത്രം തന്നെയായിരുന്നു ഗവര്‍ണറുടെ ചിത്രകാരന്‍മാര്‍ വരയ്ക്കാന്‍ പരിശ്രമിച്ചുകൊണ്ടിരുന്നതും.

ഈ അത്ഭുതചിത്രത്തെ സംബദ്ധിച്ച വാര്‍ത്ത നാടാകെ പരന്നു. കേട്ടവര്‍ കേട്ടവര്‍ അത്ഭുത ചിത്രം കാണുതിനും വണങ്ങുന്നതിനും റൊസാനോ ദേവാലയത്തിലേക്ക് ഒഴുകാന്‍ തുടങ്ങി. നിമിഷനേരം കൊണ്ട് ദേവാലയ അങ്കണം ജനസാന്ദ്രമായി. പരിശുദ്ധ കന്യാകാമാതാവിന്റെ ഈ അത്ഭുതചിത്രം കണ്ട് ആളുകള്‍ സന്തോഷാധിക്യത്താല്‍ കണ്ണീര്‍ പൊഴിക്കുകയും ആദരവും നന്ദിയും പ്രകടിപ്പിക്കുന്നതിന്റെ ഭാഗമായി അക്കിറോപിറ്റ എന്ന് ആര്‍ത്തുവിളിക്കുകയും ചെയ്തു. പരിശുദ്ധ കന്യാകയോടുള്ള തങ്ങളുടെ ആദരവുകള്‍ പ്രകടിപ്പിക്കുന്നതിന്റെ ഭാഗമായി പുതിയതും മനോഹരവുമായ ഒരു ദേവാലയം തല്‍സ്ഥാനത്ത്  പണിയകയും പരിശുദ്ധ അമ്മയുടെ ചിത്രം അവിടെ പ്രതിഷ്ഠിക്കുകയും ചെയ്തു.

കുറെ നാളുകള്‍ക്ക് ശേഷം റൊസാനോ പട്ടണം സാരസന്‍മാര്‍ ആക്രമിക്കാന്‍ തുനിഞ്ഞപ്പോള്‍ പരിശുദ്ധ കന്യാകാമറിയം പര്‍പ്പിള്‍ കളര്‍ വസ്ത്രം അണിഞ്ഞ് അക്രമികള്‍ക്ക് നോക്കാനാകാത്ത വിധം തീവ്രമായ പ്രകാശം പുറപ്പടുവിക്കുന്ന ഒരു പ്രകാശ ശ്രോതസ് കൈയില്‍ പിടിച്ച് അധികാരവും ഗൗരവവും നിറഞ്ഞ് സാരസന്‍മാരെ നോക്കി. ഈ അത്ഭത സ്ത്രീയെ കണ്ട് ഭയപ്പെട്ട സാരസന്‍മാര്‍ പട്ടണം ആക്രമണം  അവസാനിപ്പിച്ച്‌  ഭയന്ന് വിറച്ച് ഓടി രക്ഷപ്പെട്ടതായി ചരിത്രം സാക്ഷ്യപ്പെടുത്തുന്നു.

1950 ജൂണ്‍ 18 – ന് കാര്‍ഡിനാല്‍ മിക്കറ, പരിശുദ്ധ കന്യാകാമറിയത്തിന്റെ തിരുസ്വരൂപത്തിന് (അക്കിറോപിറ്റ മാതാവിനെ) കിരീടം ചാര്‍ത്തി. ഇന്നും ഇറ്റലിയിലെ റൊസാനോ പട്ടണത്തില്‍ ഇരുന്ന് അക്കിറൊപിറ്റ സര്‍വരെയും അനുഗ്രഹിച്ചുകൊണ്ടിരിക്കുന്നു.

നമുക്ക് പ്രാര്‍ത്ഥിക്കാം –

ഓ, പ്രിയ പരിശുദ്ധ കന്യകയേ, അക്കിറോപ്പിറ്റ മാതാവേ, അങ്ങ് ഞങ്ങളുടെ അമ്മയാണെന്ന് ഞങ്ങള്‍ വിശ്വാസപൂര്‍വ്വം ഏറ്റ് പറഞ്ഞ് അമ്മയെ വണങ്ങുന്നു. അനുദിന ജീവിതത്തിലെ സന്താപ-സന്തോഷ നിമിഷങ്ങളില്‍ ഞങ്ങള്‍ക്ക് തുണയും സഹായവുമരുളാനായി പ്രഭാപൂരിതയായി അമ്മേ അങ്ങ് കടന്നുവരണമേ. സാരസന്‍മാരുടെ ആക്രമണങ്ങളില്‍ നിന്നും റൊസാനോ പട്ടണത്തെ അമ്മ സംരക്ഷിച്ചതുപോലെ ശത്രുവിന്റെ സകല ആക്രമണങ്ങളില്‍ നിന്നും ഞങ്ങളെയും ഞങ്ങളുടെ കുടുംബത്തെയും ദേശത്തെയും കാത്തു പരിപാലിക്കണമെ, -ആമ്മേന്‍.

സി. അന്‍സ തുണ്ടത്തില്‍ എസ്. എ. ബി. എസ് 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.