ഞങ്ങളുടെ ദൈവം പ്രതികാരത്തിന്റെ ദൈവം അല്ല: ശ്രീലങ്കയിൽ നിന്ന് വൈദികൻ സംസാരിക്കുന്നു

ഞങ്ങളുടെ ദൈവം പ്രതികാരത്തിന്റെ ദൈവം അല്ല, സ്നേഹത്തിന്റെ ദൈവമാണ് എന്ന് വെളിപ്പെടുത്തി കൊളംബോയിലെ, സ്ഫോടനം നടന്ന സെന്റ് അന്തോണീസ് ദേവാലയത്തിന്റെ റെക്ടർ ഫാ. ജൂഡ് രാജ് ഫെർണാണ്ടോ. സ്ഫോടനം നടന്നതിന് ഒരു മാസത്തിനിപ്പുറം വിശ്വാസികളുടെ പ്രതികരണത്തെക്കുറിച്ച് വത്തിക്കാൻ ന്യൂസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്ഫോടനം ഒരിക്കലും അവരുടെ വിശ്വാസത്തെ തകർത്തിട്ടില്ല. അവർ അപകടം നടന്ന ആ ദേവാലയത്തിലേക്ക് തന്നെ മടങ്ങിവരികയും അവിടെ, തങ്ങളെ വേർപെട്ടു പോയവരുടെ സ്മരണയിൽ ദിവ്യബലി അർപ്പിക്കുകയും ചെയ്യും. അതിന് അവരെ പ്രേരിപ്പിക്കുന്ന ഏകഘടകം ദൈവം സ്നേഹമാകുന്നു എന്നതാണ്. അദ്ദേഹം വ്യക്തമാക്കി.

കുരിശിലെ ഈശോയുടെ അവസാന വാക്കുകൾ… “പിതാവേ, ഇവർ ചെയ്യുന്നത് എന്തെന്ന് ഇവർ അറിയുന്നില്ല. ഇവരോട് ക്ഷമിക്കണമേ…” എന്നതായിരുന്നു. ഇതേ മനോഭാവം തന്നെയാണ് ശ്രീലങ്കയിലെ ക്രിസ്ത്യാനികൾക്ക് അക്രമികളോടുള്ളതും. ഇന്ന് അവർ ആഗ്രഹിക്കുന്നത് ഈശോയെ അനുഗമിക്കുവാനും അവിടുത്തെ സ്നേഹം പകർന്നുനൽകുവാനും ആണ്. അവരുടെ മനസ്സിൽ പ്രതികാരചിന്തകൾക്ക് സ്ഥാനമില്ല. ഇന്ന് ഉറ്റവരും ഉടയവരും നഷ്ട്ടപ്പെട്ട അനേകം ആളുകൾ ഇവിടെയുണ്ട്. അവരുടെയൊക്കെ പ്രാർത്ഥന, തങ്ങളെ വേദനിപ്പിച്ചവരിലേയ്ക്ക് കരുണ ചൊരിയണം എന്നു മാത്രമാണ്. അച്ചൻ വെളിപ്പെടുത്തി.

ഇന്ന് സ്‌ഫോടനത്തിൽ തകർന്ന ദേവാലയം കേടുപാടുകൾ നീക്കി പണിതു കൊണ്ടിരിക്കുകയാണ് എന്ന് ഓർമ്മിപ്പിച്ച വൈദികന്‍, ദേവാലയത്തിന്റെ പുനഃർനിർമ്മാണം മാത്രമല്ല അതെന്നും, തകർന്ന – മുറിവേറ്റ മനസ്സുകളുടെ പുനഃർനിർമ്മാണം കൂടിയാണെന്നും കൂട്ടിച്ചേർത്തു.