ഓഖി ദുരന്തം: പരാജയപ്പെടുന്ന രാഷ്ട്രീയം, വിജയിക്കുന്ന തിരുസ്സഭ

നോബിൾ തോമസ് പാറക്കൽ

ആവശ്യങ്ങൾ നിറവേറ്റാനും
ഭക്ഷണം തരാനും
ആൾബലവും അർഥവും കൊണ്ട് ആദ്യാവസാനം കൂടെയിരിക്കാനും
രാഷ്ട്രീയമില്ലാതെ നിലപാടുകളെടുക്കാനും
ഭാരതത്തിലെ കാതോലിക്കാസഭക്കെ കഴിയു എന്നതിന്റെ തെളിവാണ്
ഓഖിയും, അനുബന്ധ ദുരന്തനിവാരണ പ്രവർത്തനങ്ങളും…

ഗവണ്മെന്റ് തീരുമാനങ്ങളും രക്ഷാപ്രവർത്തനങ്ങളും നടപ്പിലാക്കാൻ ഭീമമായ തുക ആവശ്യമാണ്… പുനരധിവാസ പ്രവർത്തനങ്ങൾക്കും യോജിച്ചു പ്രവർത്തിക്കുന്ന ആളുകൾ വേണം… സർക്കാർ ഖജനാവുകളിൽ നിന്ന് എടുത്താലും വിശ്വസിച്ച് ആരെ ഏല്പിക്കും??? ഇക്കണ്ട കടലോരം മുഴുവൻ നടന്ന് ദുരന്തനിവാരണം ഏകോപിപ്പിക്കാൻ ആരുണ്ട്??? സഭയുടെ സ്ഥാപനങ്ങൾ തല്ലിത്തകർക്കുന്ന കുട്ടിസഖാക്കളെ തലപ്പത്തിരിക്കുന്നവർക്ക് വിശ്വാസമില്ല… അല്ലെങ്കിൽത്തന്നെ ദുരന്തമുഖത്തെ സംഘടനാപ്രവർത്തനത്തിന് എത്ര രാഷ്ട്രീയപാർട്ടിക്കാർ വന്നു???വിദ്യാർഥിസംഘടനകളും സംഘടനാ പ്രവർത്തകരും വന്നു????ഉദ്യഗസ്ഥരുടെ എണ്ണവും ദുരന്തം നേരിട്ട സ്ഥലത്തിന്റെ അനുപാതത്തിൽ തുലോം തുച്ഛം… ഉദ്യഗസ്ഥരാണെങ്കിൽ തന്നെ ഡ്യൂട്ടി സമയം കഴിഞ്ഞ് ആരുണ്ടാകും ഈഇടങ്ങളിലെല്ലാം???

എല്ലാ അർഥത്തിലും ഇതികർത്തവ്യതാമൂഢനായിപ്പോയ സർക്കാരിന്റെ മുൻപിൽ കേരളകത്തോലിക്കാ സഭ വിജയിച്ചു…
24 മണിക്കൂറും ഇടയർ അജഗണത്തിനൊപ്പം നിന്നു… മതമോ ജാതിയോ അവർക്ക് പ്രശ്നമായിരുന്നില്ല… കരയുന്ന മനുഷ്യന്റെ കണ്ണീർ അവർ കണ്ടു…. കടലോരത്തിന്റെ ഗദ്ഗദം ഏറ്റു വാങ്ങി കത്തോലിക്കാ സംഘടനാ പ്രവർത്തകരും സന്യസ്തരും വൈദികരും ആ പാവപെട്ട മനുഷ്യർക്ക് കൂട്ടിരിക്കുന്നു…. എല്ലാ ദേവാലയങ്ങളിലും അവർക്കായി പ്രാര്ഥനകളുയരുന്നു… ഞായറാഴ്ച്ച സ്തോത്രക്കാഴ്ച്ച ഇവർക്കായി മാറ്റി വെക്കപ്പെടുന്നു….

സഭയുടെ കരുത്തിലും നന്മയിലും പക്ഷേ അസ്വസ്ഥരും നാളത്തെ വോട്ടുപെട്ടിയെപ്പറ്റി ചിന്തയുള്ളവരുമായ കുബുദ്ധികൾ മാധ്യമങ്ങളുടെ കൂട്ട് പിടിച്ച് സഭയെ ഇകഴ്ത്തിക്കാട്ടുന്ന വാർത്തകൾ പ്രചരിപ്പിക്കാൻ തുടങ്ങി… തീരദേശങ്ങളിൽ നിന്ന് ജനത്തിന്റെ ശ്രദ്ധയും ഒപ്പം ചർച്ചകളും വഴിതിരിക്കാനും സഭയെ താറടിക്കാനും നടത്തിയ ഗൂഢശ്രമങ്ങൾ അത്രതന്നെ ഗൂഢമല്ലാതെ മാധ്യമങ്ങളിൽ വായിച്ചെടുക്കാൻ കഴിയും…

മതമില്ലാതെ മനുഷ്യനാകാനും മാന്യനാകാനും ആഹ്വാനം ചെയ്യുന്ന യുക്തിവാദി-നിരീശ്വരവാദി പ്രസ്ഥാനങ്ങൾക്കും വോട്ടുബാങ്കുകൾ നഷ്ടപ്പെടുമെന്ന് ഭയക്കുന്ന രാഷ്ട്രീയ പാർട്ടികൾക്കും സഭയുടെ കാരുണ്യപ്രവർത്തികൾ എന്നും ഭീഷണിയാണ്…

ശുദ്ധമാന കത്തോലിക്കാസഭ നീണാൾ വാഴട്ടെ… മിശ്ശിഹാ തമ്പുരാന്റെ തിരുഹിതം മാത്രം അവളിലൂടെ വെളിപ്പെടട്ടെ… പാവപ്പെട്ടവന്റെ കൂരയിലെ വെളിച്ചമാകാനും അവന്റെ അത്താഴത്തിന്റെ രുചിയാക്കാനും വേണ്ടി കടലോരത്ത് രക്തം വിയർക്കുന്ന ദൈവജനത്തോട്… സമർപ്പിതരോട്… വൈദികരോട്… ഐക്യദാർഢ്യം!

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.