ഓഖിയെപ്പറ്റിയുള്ള കോലാഹലങ്ങൾ

ബിബിൻ മഠത്തിൽ

“നടുക്കടലില്‍ രക്ഷയുടെ മാര്‍ഗ്ഗം അടഞ്ഞ് കിടക്കുമ്പോഴും സ്വന്തം വള്ളവും ബോട്ടും ഉപേക്ഷിച്ച് രക്ഷപെടാന്‍ മത്സ്യത്തൊഴിലാളി കള്‍ വിസമ്മതിച്ചു. എന്നാല്‍, ഈ വിസമ്മതത്തിന്‍റെ കാരണം തിരയാന്‍ ഒരു ചാനല്‍ തമ്പുരാനും ഇവിടെ സന്ധ്യാ സംവാദ ങ്ങള്‍ നടത്തി കണ്ടില്ല. തിരസ്കൃതരും പാര്‍ശ്വവത്ക്കരിക്കപ്പെടുന്നവരുമായ ഒരു സമൂഹമായി മത്സ്യത്തൊഴിലാളികളെ മാറ്റി നിര്‍ത്താനുള്ള വരേണ്യവര്‍ഗ്ഗത്തിന്‍റെ ത്വരയാണ്, ഇവിടെ നാം തിരിച്ചറിയേണ്ടത്. ആദ്യം ജീവന്‍ രക്ഷിക്കു, വള്ളവും വലയുമൊക്കെ പരിഹരിക്കാവുന്ന കാര്യമാണ്’ എന്നു അധികാരികള്‍ അറിയിക്കു മ്പോള്‍ അവര്‍ ഭരണാധികാരികളെ വിശ്വസിക്കുന്നില്ല. അതിലേറെ വിശ്വസിക്കാന്‍ അവര്‍ ആഗ്രഹിക്കുന്നത് കടലിനെ തന്നെയാണ്. അവരുടെ ജീവിത സമ്പാദ്യവും അതിലേറെ കടബാധ്യതയുമാണ്, കടലില്‍ കിടക്കുന്ന ആ ബോട്ടുകളും മറ്റും.”

മാർട്ടിൻ ഈരേശ്ശേരിൽ സാർ ഇങ്ങനെ ആണ് തന്റെ “മത്സ്യതൊഴിലാളികള്‍ ആരെയാണ് വിശ്വസിക്കേണ്ടത്?” എന്ന ഫേസ്‌ബുക്കിലെ ലേഖന പരമ്പര ആരംഭിക്കുന്നത്. തുടർന്ന് അദ്ദേഹം ഒരു അനുഭവം പറയുന്നുണ്ട്. “കഴിഞ്ഞ 2004 ഡിസംമ്പറില്‍ സുനാമി കടന്നാക്ര മിച്ച തീരദേശങ്ങളില്‍ ഒന്നാണ്, പശ്ചിമകൊച്ചി യിലെ ചെല്ലാനം. Tsunami Rehabilitaion Programme എന്ന നിലയിലാണ് ചെല്ലാനത്ത് വള്ളങ്ങള്‍ അടുത്തിരുന്ന കണ്ടെക്കാട്ടു ഗ്യാപ് ഒരു ഫിഷിംഗ് ഹാര്‍ ബര്‍ ആക്കുവാന്‍ സര്‍ക്കാര്‍ തീരുമാനമുണ്ടായത്. പത്തുവര്‍ഷം മുന്‍പ് 2007-ല്‍ സര്‍ക്കാര്‍ ഇതു സംബന്ധമായ ഉത്തര വ് ഇറക്കു കയും ചെയ്തു. അന്ന്, കൊച്ചിയിലെ മെട്രോ പദ്ധതിയൊന്നും പരിഗ ണനയില്‍ വന്നിട്ടില്ല. പിന്നിട് പദ്ധതിയില്‍ വന്ന 5500 കോടിയുടെ മെട്രോ നടപ്പില്‍ വന്നിട്ടും ചെല്ലാനം ഫിഷിംഗ് ഹാര്‍ബര്‍ മാത്രം ഇന്നും ഒന്നുമായിട്ടില്ല. ചെല്ലാനം ഫിഷിംഗ് ഹാര്‍ബറിനു വേണ്ടി 31 ഭൂഉടമ കളില്‍ നിന്നായി 3 ഏക്കര്‍ 23 സെന്റ്‌ ഭൂമി മാത്രമാണ് ഏറ്റെടുക്കേണ്ടി യിരുന്നത്… ഏറ്റെടുക്കേണ്ട ഭൂമിയില്‍ 90% ഭൂഉടമ കളും മത്സ്യത്തൊഴിലാളികളാണ്. ഉദ്യോഗസ്ഥര്‍ക്കവര്‍ വിദ്യാ ഭ്യാസ മില്ലാത്ത വെറും കിഴങ്ങന്മാര്‍. അവരെ ഉദ്യോഗസ്ഥ ജാഡ കാണിച്ചു വിരട്ടി, എന്തെങ്കിലും നക്കാപ്പിച്ച കൊടുത്ത് ഭൂമി ഏറ്റെടുക്കാ നായിരുന്നു ഉദ്യോഗസ്ഥരുടെ ആദ്യ ശ്രമം. സെന്റി ന് ലക്ഷങ്ങള്‍ വിലയുള്ള പശ്ചിമകൊച്ചിയിലെ ഭൂമിക്കു വെറും നാല്‍പതിനായിരം രൂപ വിലയിട്ടായിരുന്നു അവര്‍ ഏറ്റെടുക്കല്‍ നടപടികള്‍ ആരംഭിച്ചത്. “കലക്ടര്‍ ഒരു വിലയിടും. നിങ്ങള്‍ അത് സമ്മതിച്ച് ഒപ്പിട്ടു തരണം.” എന്നതായിരുന്നു അവരുടെ നിലപാട്…. മത്സ്യത്തൊഴിലാളികള്‍ക്ക്. സര്‍ക്കാര്‍ എന്തൊക്കെ വാഗ്ദാനം ചെയ്താലും ആത്യന്തികമായി അവര്‍ക്ക് ഒന്നും കിട്ടില്ല. എത്ര മോശമായാണ് ഉദ്യോഗസ്ഥര്‍ മത്സ്യത്തൊഴിലാളികളുടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതെന്നതിന്‍റെ മികച്ച നേര്‍ക്കാഴ്ചയാണ്‌, ചെല്ലാനം ഫിഷിംഗ് ഹാര്‍ബര്‍ വിഷയം.”

തീന്‍മേശയില്‍ മീനില്ലെങ്കില്‍ പലർക്കും ഭക്ഷണം ഇറങ്ങില്ല. എന്നാൽ ഈ മീൻ കരയിലെത്തിക്കുന്ന മത്സ്യത്തൊഴിലാളികൾ മീൻ നാറുന്നവരാണ്. കേരളതീരത്തു ഓഖി ചുഴലിക്കാറ്റ് ആഞ്ഞടിച്ചു പിൻവാങ്ങിയപ്പോൾ മാധ്യമങ്ങളിലേലയും നവമാധ്യമങ്ങളിലെയും തൊഴിലാളികൾ ഈ ദുരന്തം ആരുടെ തലയിൽ കെട്ടി വക്കണം എന്നുള്ള ആലോചനയിൽ ആയിരുന്നു. ദുരന്തബാധിതരുടെ ക്ഷേമത്തെക്കാൾ പ്രധാനം തങ്ങളുടെ ഉത്തരവാദിത്തം മറ്റാരുടെയെങ്കിലും തലയിൽ കെട്ടിവക്കുക ആണല്ലോ. പുരകത്തുമ്പോൾ വാഴ വെട്ടുന്ന കൂട്ടർ. ദുരന്തനിവാരണ പ്രവർത്തനത്തെ നേരിട്ടോ അല്ലാതെയോ ബുദ്ധിമുട്ടിക്കുന്ന തരത്തിലാകരുത് മാധ്യമപ്രവർത്തനം എന്നൊക്കെ ആരോട് പറയാൻ?

ദുരന്തസമയത് ജനങ്ങളെ ആശ്വസിപ്പിക്കുകയും കൂടെ നിർത്തുകയും ചെയ്യേണ്ട സർക്കാർ ആകട്ടെ തങ്ങൾ ഒരു മെഷിനറി മാത്രം ആണ് എന്ന രീതിയിലായിരുന്നു പ്രവർത്തനം. ചെയ്യേണ്ടവ ചെയ്യേണ്ട സമയത്തു ചെയ്യാനും അത് വ്യക്തമായി പൊതുജനങ്ങളെ അറിയിക്കാനും സർക്കാരിന് സാധിക്കണമായിരുന്നു. സർക്കാരിന്റെയും ഉദ്യോഗസ്ഥരുടെയും വീഴ്ചകൾ മുരളി തുമ്മാരുകുടി മാതൃഭൂമിയിൽ എഴുതിയ ലേഖനത്തിൽ വളരെ ശരിയായ രീതിയിൽ പറഞ്ഞു വെക്കുന്നുണ്ട്. “”ഇത്തവണത്തെ അപകടത്തിൽ നിന്നും വ്യക്തമായ പല കാര്യങ്ങളിൽ പലതുണ്ട്. ഒന്നാമത്, ഓരോ ദിവസവും നമ്മുടെ തീരത്തുനിന്നും എത്രപേർ കടലിൽ പോകുന്നു എന്നതിന് ആരുടെയടുത്തും ഒരു കണക്കില്ല എന്നതാണ്. ഇതിൽ തന്നെ മറുനാടൻ തൊഴിലാളികളുടെ കാര്യത്തിൽ അന്വേഷിക്കാൻ കരയിൽ ബന്ധുക്കൾ പോലുമില്ല. രണ്ട്, ഇന്ത്യ മെറ്റീരിയോളജി ഡിപ്പാർട്ട്മെന്റ് (ഐ എം ഡി) ഉൾപ്പെടെയുള്ളവർ കാലാവസ്ഥാപ്രവചനം നടത്തുന്നുണ്ടെങ്കിലും അത് താഴേത്തട്ടിലേക്ക് എത്തുന്നില്ല. മൂന്ന്, കടലിൽ പോകുന്ന ഭൂരിഭാഗം മത്സ്യത്തൊഴിലാളികൾക്കും യാതൊരു സുരക്ഷാസംവിധാനവും ഇല്ല. നാല്, ചെറുവള്ളങ്ങളിൽ കടലിൽ പോകുന്നവരുടേത് കൈവിട്ട ഒരു കളിയാണ്. സുനാമിയോ കൊടുങ്കാറ്റോ, എന്തിന് വീട്ടിൽ ആർക്കെങ്കിലും ഒരു അത്യാഹിതം സംഭവിച്ചാൽ പോലും അവരെ അറിയിക്കാൻ യാതൊരു മാർഗ്ഗവുമില്ല.”

ഓഖി ദുരന്തത്തിൽ സംസ്ഥാന-കേന്ദ്ര സർക്കാരുകൾക്ക് പറ്റിയ പാളിച്ചകൾ തുറന്നു കാണിക്കാൻ എത്രപേർ ശ്രമിച്ചു എന്നറിയില്ല. മുന്നറിയിപ്പ് നൽകിയിരുന്നു എന്നും നൽകിയില്ല എന്നും പറഞ്ഞു എൽ.പി. സ്‌കൂളിലെ കുട്ടികളെ പോലെ പരസ്പരം ആരോപണങ്ങൾ നടത്താൻ ആയിരുന്നു പലർക്കും താല്പര്യം. ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിക്കാൻ മുഖ്യമന്ത്രിക്ക് ദിവസങ്ങൾ വേണ്ടി വന്നു എന്നുള്ളത് തന്നെ വലിയ പോരായ്മ ആണ്. മുഖ്യമന്ത്രി സി.ഇ.ഓ ആണെന്നൊക്കെ പറഞ്ഞു വരുന്നവരോട് യോജിക്കാൻ സാധിക്കില്ല. തന്റെ ജനങ്ങളുടെ ദുഃഖം നേരിട്ട് അറിയാൻ സാധിച്ചാൽ അല്ലെ ഒരു ഭരണാധികാരിക്ക് കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കാൻ സാധിക്കുകയുള്ളു? ഇക്കാര്യത്തിൽ മുഖ്യമന്ത്രിക്ക് മാത്രം അല്ല വീഴ്ച വന്നിട്ടുള്ളത്. പൂറ്റിങ്ങലിൽ മനുഷ്യരുടെ അശ്രദ്ധയിൽ അപകടം നടന്നപ്പോൾ പോലും അവിടം സന്ദർശിച്ച പ്രധാനമന്ത്രി ഇത്രയും വലിയ ഒരു ദുരിതം നടന്നിട്ടു ഇതുവരെ അവിടം സന്ദർശിച്ചു സ്ഥിതിഗതികൾ അന്വേഷിച്ചിട്ടില്ല. നിർമല സീതാരാമൻ വന്നു പോയി. എന്നിട്ടും ഇതിനെ ഒരു ദേശീയ ദുരന്തം ആയി അംഗീകരിക്കാൻ കേന്ദ്രസർക്കാർ വിസമ്മതിക്കുകയാണ്.

ഇതിനിടയിൽ വീണു കിട്ടിയ അവസരം കാതോലിക്കാസഭയ്‌ക്കെതിരെ പ്രയോഗിക്കുകയായിരുന്നു മറ്റു ചിലർ. കത്തോലിക്കാസഭയുടെ ഭാഗം അല്ലെങ്കിൽ കൂടി സി.എസ.ഐ.സഭയിലെ മെത്രാൻ തന്റെ കാറിനു വാങ്ങിയ ഫാൻസി നമ്പറിലായിരുന്നു കത്തോലിക്കാസഭയ്ക്ക് നേരെയുള്ള ആക്രമണത്തിന്റെ തുടക്കം. റോയി മാത്യുവിന്റെ ഈ ഗൂഗ്ലി മാധ്യമ ജഡ്ജി വേണു ഏറ്റെടുത്ത കത്തോലിക്കാസഭയെ നന്നാക്കാൻ ഉള്ള സന്ദർഭം ആയി വിധിയെഴുതി. ഇതിനെത്തുടർന്ന് മാധ്യമങ്ങളിലും നവമാധ്യമങ്ങളിലുമൊക്കെ സഭാവിരോധം അണപൊട്ടി ഒഴുകുക ആയിരുന്നു. ജസ്റ്റിസ് ഹേമയുടെ വിമർശനങ്ങൾ ഏറ്റുവാങ്ങി സി.ബി.ഐ തന്നെ പൂട്ടികെട്ടി വച്ചിരിക്കുന്ന സി.അഭയകേസും പലരാഷ്ട്രീയപാർട്ടികളുടെയും പൊയ്മുഖങ്ങൾ വ്യക്തമായ കടൽക്കൊല കേസിന്റെയും ഒക്കെ കണക്കുകൾ നിരത്തി സഭയെ താറടിച്ചു കാണിച്ചു സർക്കാരിനെ രക്ഷിക്കാൻ ആയിരുന്നു സഖാക്കൾ ശ്രമിച്ചതെങ്കിൽ മറ്റുചിലർക്ക് തങ്ങളുടെ സഭാവിരോദം തീർക്കാൻ ഇത് വീണുകിട്ടിയ ഒരു അവസരം ആയിരുന്നു. എന്നാൽ ഇതിനിടയിലും രക്ഷാപ്രവർത്തങ്ങൾക്കും ദുരന്തനിവാരണത്തിനും മുൻപിൽ നിന്നുകൊണ്ടും ദുരന്തബാധിതരെ ആശ്വസിപ്പിച്ചുകൊണ്ടും വൈദീകരും സന്യസ്തരും അല്മായരും ഉൾപ്പെടുന്ന സഭാസമൂഹം മുൻപിൽ നിന്നു. വിമര്ശനങ്ങൾക്കിടയിലും അവർ തങ്ങളുടെ പ്രവർത്തികൾ ചെയ്തുകൊണ്ട് ഇരുന്നു. കെ.സി.ബി.സി ഒരു ദിവസം പ്രാർത്ഥനാദിനമായി ആചരിക്കുകയും എല്ലാവരും ഒരുദിവസത്തെ കൂലി ദുരന്തബാധിതർക്കു കൊടുക്കണം എന്ന് പറയുകയും ചെയ്തു. മത്സ്യത്തൊഴിലാളികളുടെ പ്രശ്നത്തിൽ സഭ ശക്തമായി ഇടപെടുന്നതു ആദ്യമായിട്ടല്ല. നാഷണൽ ലെവലിൽ പോലും സഭയുടെ പ്രവർത്തനങ്ങൾ ഇക്കാര്യത്തിൽ ശ്ലാഖനീയമാണ്. അതുകൊണ്ടു കൂടി ആവണം സർക്കാർ സ്ഥാപങ്ങളിൽ ആശ്രയം തേടുന്നതിന് മുൻപ് കടലിന്റെ മക്കൾ പള്ളികളിൽ ആശ്രയം തേടിയത്. തിരുവനതപുരം രൂപതയിലെ മേഖലകളിൽ ആയിരുന്നു ദുരന്തം ഉണ്ടായത്. ഇക്കാര്യത്തിൽ തിരുവനതപുരം രൂപത വലിയ പ്രവർത്തനങ്ങൾ ആണ് നടത്തിയത്. കടലിൽ കാണാതെ പോയവരുടെ ലിസ്റ്റ് പോലും തയാർക്കറിയതു ബേസിക് ക്രിസ്ത്യൻ കമ്മ്യൂണിറ്റികൾ വഴിയാണ്. തിരുവന്തപുരത്തെയും കൊല്ലത്തെയുമൊക്കെ വൈദീകരിൽ പലരും ഈ കടലിന്റെ മക്കൾ തന്നെ ആണെന്നുള്ളതിനാൽ അവിടുത്തെ ജനങ്ങളുടെ സങ്കടങ്ങൾ അവരെക്കാൾ കൂടുതലായി ആർക്കു മനസിലാക്കാൻ ആണ്.

എന്നാൽ ഓഖി ദുരന്തവുമായി ബന്ധപെട്ടു സഭാവിരുദ്ധർ പ്രചരിപ്പിക്കുന്ന പല കാര്യങ്ങളിൽ ഒന്നാണ്, ഇവരെയെല്ലാം സഭയാണ് നോക്കേണ്ടത് എന്ന്. പ്രകൃതിദുരന്തം ഉണ്ടാകുമ്പോൾ അവിടുത്തെ ജാതിയും മതവും നോക്കി അവരവർ തങ്ങളുടെ ആളുകളെ സംരക്ഷിച്ചാൽ മതിയെങ്കിൽ പിന്നെയെന്തിനാണ് നമുക്ക് സർക്കാർ? പൂറ്റിങ്ങൽ അപകടം ഉണ്ടായപ്പോൾ നാമാരും അത് ഹിന്ദുക്കളുടെ ഉത്തരവാദിത്തം ആണെന്ന് പറഞ്ഞില്ല. അതുപോലെ തന്നെ അല്ലെ ഇതും? മറ്റു ചില വാദങ്ങൾ ആണ്… കടലിന്റെ മക്കളുടെ പിന്നോക്കാവസ്ഥ. പതിനാറു വയസുള്ള ഒരു മകൻ കടലിൽ പോയിരുന്നു. ഇതൊക്കെ സഭയുടെ കഴിവുകേടാണോ മാറിമാറി വരുന്ന സർക്കാരുകളുടെ കഴിവുകേട് ആണോ എന്ന് ചിന്തിക്കാൻ ഉള്ള വകതിരിവ് പോലും നമ്മുടെ സമൂഹത്തിനു ഇല്ലാതായിരിക്കുന്നു. അറുപതുകളുടെ മധ്യത്തിൽ തുമ്പയിലെ തങ്ങളുടെ പള്ളിയും പരിസരവും രാഷ്ട്രത്തിനു വിട്ടുകൊടുത്ത പാരമ്പര്യം ഉള്ളവരാണ് കടലോരമക്കളും തിരുവന്തപുരം രൂപതയും. ആ സ്ഥലത്താണ് ഇന്ന് ഭാരത്തിന്റെ അഭിമാനമായ തുമ്പ റോക്കറ്റ് സ്റ്റേഷൻ നിലകൊള്ളുന്നത്. ഈ വിട്ടുകൊടുക്കലിന്ന് പകരമായി രാഷ്ട്രത്തിനു ആ സമൂഹത്തിനു വേണ്ടി എന്ത് ചെയ്യാൻ സാധിച്ചു എന്ന് ചോദിക്കേണ്ടിടത്തു സഭ എന്തുകൊണ്ട് സർക്കാർ ആകുന്നില്ല എന്ന് ചോദിക്കുന്നത് അങ്ങേയറ്റം ആക്ഷേപകരമാണ്.

എന്തായാലും ഒരു കാര്യം നിങ്ങളോടു പറയാം… നിങ്ങൾ ഇവിടെ ഘോരഘോരം വിമർശങ്ങൾ ഉന്നയിക്കുമ്പോഴും അവിടെ സഭയുടെ മക്കൾ ദുരന്തത്തിൽ പെട്ടവരെ സഹായിക്കുന്ന തിരക്കിലാണ്. സഭ മാത്രം അല്ല, മറ്റു സംഘടനകളും ഉണ്ട്. ക്രിസ്ത്യാനികളും മുസ്ലീങ്ങളും ഹിന്ദുക്കളുമൊക്കെ കൂട്ടായ പ്രവർത്തനം ആണ് അവിടെ നടത്തുന്നത്. സഹായിക്കുന്നവരും സഹായം സ്വീകരിക്കുന്നവരും പരസ്പരം മതം ചോദിക്കുന്നില്ല. കാരണം അവർക്കു ഇപ്പോൾ ആവശ്യം സഹായം ആണ്… അത് സാമ്പത്തികമായും മാനസികമായും ആത്മീയമായുമൊക്കെ ആവശ്യമുണ്ട്. ചെയ്യുന്നവരെ ബഹുമാനിച്ചില്ലെങ്കിലും നിന്ദിക്കാതിരിക്കുകയെങ്കിലും ചെയ്തു കൂടെ? ഫേസ്‌ബുക്കിലെ തലമുറ എന്താണ് ചെയ്തത്? എല്ലാ ഔദ്യോഗിക സംവിധാനങ്ങളെയും പുച്ഛത്തോടെ നോക്കിക്കണ്ട്, കുറ്റം പറഞ്ഞ്, കളിയാക്കി അവർ ചാരുകസേരയിൽ കയറി മൊബൈലും നോക്കിയിരുന്നു. അച്ഛനമ്മമാർ നഷ്ടപ്പെട്ട കടപ്പുറത്തെ കുട്ടികൾക്ക് സഹായമെത്തിക്കാനായി ശ്രമിച്ചവരെ പോലും പുച്ഛിച്ചുകൊണ്ടിരിക്കുന്നവർക്കു ദൈവം മാപ്പു കൊടുക്കട്ടെ.

സർക്കാർ തങ്ങൾക്കു ചെയ്യാൻ പറ്റാവുന്ന എല്ലാം ചെയ്യുന്നുണ്ട് എന്ന് വാദിക്കുന്നവർ മുരളി തുമ്മാരുകുടി എഴുതിയ ലേഖനത്തിലെ ചില ഭാഗങ്ങൾ വായിക്കണം. “മൽസ്യബന്ധന തൊഴിലാളികളുടെ അവസ്ഥ വളരെ കഷ്ടമാണ്. ഓഖിയെപ്പറ്റിയുള്ള കോലാഹലങ്ങൾ കുറച്ചു ദിവസങ്ങളിൽ കെട്ടടങ്ങും. കടൽത്തീരത്തെ ആൾക്കൂട്ടവും കാമറയും ഒക്കെ സ്ഥലം വീടും. പക്ഷെ ദുരന്തത്തിൽ ശരിക്കും നഷ്ടം പറ്റിയത് ബന്ധുക്കളെ നഷ്ടപ്പെട്ട വീട്ടുകാർക്കായിരിക്കും. അതിൽ തന്നെ കടലിൽ കാണാതാവുകയും മൃതദേഹം കണ്ടുകിട്ടാത്തവരുടെയും കാര്യമാണ് ഏറെ കഷ്ടമാകാൻ പോകുന്നത്. മൃതദേഹം കണ്ടുകിട്ടാത്തിടത്തോളം ഇവരുടെ ബന്ധുക്കൾക്ക് സർക്കാർ പ്രഖ്യാപിച്ച നഷ്ടപരിഹാരം പോലും കിട്ടില്ല. . സാധാരണഗതിയിൽ ഏഴുവർഷം ഒരാളെ കാണാതായാലെ അയാൾ മരിച്ചു എന്ന് നിയമപരമായി അംഗീകരിക്കൂ. അത്രയും നാൾ അവരുടെ കുടുംബത്തിന് സഹായം കിട്ടാത്തതോ പോകട്ടെ, അവരുടെ പേരിൽ സ്വന്തമായുള്ള സമ്പാദ്യം പോലും ഉപയോഗിക്കാൻ പറ്റില്ല.”

അതെ.ഉറ്റവരും ഉടയവരും നഷ്ടപ്പെട്ടവർക്ക് ഓഖി ഒരു വാർത്ത അല്ല. തങ്ങളുടെ കുടുംബങ്ങളെ തകർത്തെറിഞ്ഞ അതിഭീകരമായ ഒരു ദുരന്തം ആണ്. അത്രത്തോളം തന്നെ ഭീകരവും വേദനാജനകവും ആണ് രാഷ്ട്രീയവും സാമൂഹികവും ആയ മുതലെടുപ്പിനും റേറ്റിംഗ് കൂട്ടാനുള്ള മാധ്യമങ്ങളുടെ മത്സരത്തിനും ഈ ദുരന്തവും അവസരമാക്കി എന്നത്. നാളെ നിങ്ങൾക്കും എനിക്കും ഇതേപോലെ ഒരു അവസ്ഥ വരുമ്പോൾ മറ്റുള്ളവർ ഇത് നിങ്ങളോടു ചെയ്യാതിരിക്കട്ടെ.

ബിബിൻ മഠത്തിൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.