‘നമ്മുടെ ആൾക്കാരെ കടലിൽ മൃതശരീരമായി അലയാൻ വിടരുതെന്ന് പറയണം’

ക്ലിന്റൻ എൻ സി ഡാമിയൻ

ആൾക്കൂട്ടത്തിനു ഇടയിൽ നിന്ന് ഒരു ബലിഷ്ഠമായ കരം കൈകളിലെക്ക് പിടിത്തമിട്ടു. പരിചയമുള്ള ഒരു മുതിർന്ന മത്സ്യതൊഴിലാളിയായിരുന്നു.

“മോനേ കടലിൽ നമ്മുടെ ആൾക്കാരുമായി പോയ കോസ്റ്റ്ഗാർഡിന്റെ കപ്പൽ രണ്ട് മൃതശരീരങ്ങളുമായി തിരിച്ചു വന്നെന്നു കേട്ടു… മൂന്നു ദിവസത്തേയ്ക്ക് പോയതല്ലേ? പിന്നെയന്താ തിരിച്ചു വന്നത്…”

“അങ്കിളേ, അവർക്കു മൃതദ്ദേഹങ്ങൾ സൂക്ഷിക്കാനുള്ള സംവിധാനമില്ല. അതിനാലാണ് പെട്ടെന്ന് തിരിച്ചു വന്നത്…”

“മോനേ, അവർ ശരീരങ്ങൾ എടുക്കുന്നില്ല എന്നു കേട്ടു …..സത്യമാണോ?”

“അങ്കിളേ, നമ്മളേയും കൂട്ടി പോകുന്നത് നമ്മുടെ ആൾക്കാർ എവിടെങ്കിലും ജീവനോടെ ഉണ്ടോ എന്നു തിരക്കാനാണ്…”

“അപ്പോ മോനേ, മൃതശരീരങ്ങളുടെ കാര്യമോ?”

ഒന്നും മിണ്ടാതെ നിന്ന എനിക്കു മുൻപിൽ ഇടറിയ സ്വരത്തോടെ അദ്ദേഹം തുടർന്നു.

“സാറൻമാരോട് പറയണം നമ്മുടെ ആൾക്കാരെ ജീവനോടെ കണ്ടെത്തണം അല്ലാത്തവരെ കടലിൽ മൃതശരീരമായി അലയാൻ വിടരുതെന്ന്. ഈ മണ്ണിൽ അന്തസ്സോടെ ഉറങ്ങണമെന്ന്….”

കാണാതായവരുടെ ചിത്രങ്ങളിൽ നോക്കി നിറഞ്ഞ കണ്ണുകളെ തുടച്ച് അദ്ദേഹം വള്ളങ്ങളിലൂടെ തീരത്തേയ്ക്ക് നടന്നകന്നു…. ആ കണ്ണുകളിലെ സങ്കടകടലുമായി കടലമ്മയുടെ മുന്നിലെക്ക്…. എന്തീനി ഞങ്ങളോട് ഈ ക്രൂരത കാട്ടി എന്നു ചോദിച്ചറിയാൻ…

കൺവെട്ടത്തു നിന്നും ഇരുട്ടിലെക്ക് അകന്നിടുന്നതു വരെ നോക്കി മരവിച്ചു നിന്നു ഞാൻ… ഒരിക്കലും നിറയാത്ത ആ കണ്ണുകൾ അണപ്പൊട്ടുന്നതു കണ്ട്….

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.