ഓഖി ദുരന്തം: ആവശ്യങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍പെടുത്താമെന്നു സഭയ്ക്ക് ഗവര്‍ണറുടെ ഉറപ്പ്

തിരുവനന്തപുരം: ഓഖി ദുരന്തവുമായി ബന്ധപ്പെട്ട സഹായാഭ്യര്‍ത്ഥനയുമായി തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ച്ബിഷപ് ഡോ. എം. സൂസപാക്യത്തിന്റെ നേതൃത്വത്തിലുള്ള സംഘം ഗവര്‍ണറുമായി കൂടിക്കാഴ്ച്ച നടത്തി.

ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്നും കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികളുടെ രക്ഷാപ്രവര്‍ത്തനം കൂടുതല്‍ ഊര്‍ജിതമാക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടണമെന്ന് സംഘം അഭ്യര്‍ഥിച്ചു,  ആവശ്യങ്ങളെല്ലാം കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്താമെന്നു ഗവര്‍ണര്‍ ജസ്റ്റീസ് പി. സദാശിവം അവര്‍ക്ക് ഉറപ്പു നല്‍കി.

ഇന്നലെ രാവിലെ 11.30 യോടെയായിരുന്നു രാജ്ഭവന്‍ സന്ദര്‍ശനം. കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്തുന്നതിനുള്ള തെരച്ചില്‍ ഊര്‍ജിതമാക്കുക, ദേശീയ ദുരന്തമായി പ്രഖ്യാപിക്കുക, പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കുക, അടിസ്ഥാന സൗകര്യങ്ങള്‍ക്ക് ആവശ്യമായ പാക്കേജ് തയാറാക്കുക, ദുരന്തബാധിത മേഖലയിലെ ജനങ്ങള്‍ നേരിടുന്ന ദുഃഖം നേരിട്ടുകണ്ടു മനസിലാക്കുന്നതിനു പ്രധാനമന്ത്രി നരേന്ദ്ര മോദി ദുരന്തപ്രദേശങ്ങള്‍ സന്ദര്‍ശിക്കുക തുടങ്ങിയ 12 ആവശ്യങ്ങളാണു നിവേദനത്തിലുള്ളത്.

ആര്‍ച്ച്ബിഷപ് ഡോ. എം. സൂസപാക്യത്തെ കൂടാതെ സഹായമെത്രാന്‍ ഡോ. ആര്‍. ക്രിസ്തുദാസ്, വികാരി ജനറാള്‍ മോണ്‍. യുജിന്‍ എച്ച്. പെരേര, ഫാ. ഫ്രാന്‍സിസ് സേവ്യര്‍ താന്നിക്കാപറമ്പില്‍, ആന്റണി ആല്‍ബര്‍ട് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.