ഓഖി: മത്സ്യത്തൊഴിലാളികളെ കണ്ടെത്താന്‍ ഹേബിയസ് കോര്‍പസുമായി സഭ ഹൈക്കോടതിയിലേക്ക്

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റില്‍പ്പെട്ട് കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്താന്‍ ലത്തീന്‍ കത്തോലിക്കാ സഭ ഹേബിയസ് കോര്‍പസ് ഹര്‍ജിയുമായി ഹൈക്കോടതിയിലേക്ക്. ഇതിനായുള്‌ല നടപടികള്‍ ദിവസങ്ങള്‍ക്കുള്ളില്‍ ഉണ്ടാകുമെന്നു തിരുവനന്തപുരം അതിരൂപത വികാരി ജനറാള്‍ മോണ്‍. യൂജിന്‍ എച്ച്. പെരേര പറഞ്ഞു. കാണാതായവരെക്കുറിച്ച് സര്‍ക്കാര്‍ വ്യത്യസ്ത കണക്കുകള്‍ പറയുന്ന സാഹചര്യത്തിലാണ് സഭ കോടതിയെ സമീപിക്കുന്നത്.

സംസ്ഥാന റവന്യു വകുപ്പ് പുറത്തിറക്കിയ കണക്കനുസരിച്ച് ഇനിയും കാണാനുള്ളത് 105 മത്സ്യത്തൊഴിലാളികളെയാണ്.  68 മത്സ്യത്തൊഴിലാളികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയതായും റവന്യു വകുപ്പ് പറയുന്നു. എന്നാല്‍ അതിരൂപത വിവിധ സ്ഥലങ്ങളില്‍നിന്നും ശേഖരിച്ച കണക്കനുസരിച്ച് തിരുവനന്തപുരത്തുനിന്നു 256 മത്സ്യത്തൊഴിലാളികളെയാണ് കാണാനുള്ളത്. ഇതില്‍ 94 പേര്‍ നാട്ടില്‍നിന്നും 147 മത്സ്യത്തൊഴിലാളികള്‍ മറ്റു സ്ഥലങ്ങളില്‍ നിന്നുമായി മത്സ്യബന്ധനത്തിനു പോയതാണ്.

കാണാതായ മത്സ്യത്തൊഴിലാളികളെ സംബന്ധിച്ച് തിരുവനന്തപുരം അതിരൂപത വ്യക്തമായ കണക്കുകള്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും നല്കിയിരുന്നു. മത്സ്യത്തൊഴിലാളികളെ കണ്ടെത്തുന്നതിനായി കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ ഭാഗത്തുനിന്നു തൃപ്തികരമായ ഒരു അന്വേഷണമല്ല കാണുന്നത്. മത്സ്യത്തൊഴിലാളികള്‍ മറ്റുള്ള രാജ്യങ്ങളിലെ സേനയുടെ പിടിയില്‍ ആയോ എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിശോധിക്കണം. പാക്കിസ്ഥാന്‍, മാലദ്വീപ്, ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവ രുമായി ഇക്കാര്യം ചര്‍ച്ച ചെയ്യണമെന്നും സഭ ആവശ്യപ്പെട്ടിരുന്നു.  സര്‍ക്കാരിന്റെ കണക്കുകള്‍ വ്യത്യസ്തമാണ്. ഇതിനു കാരണമെന്താണെന്നു വ്യക്തമാകുന്നില്ലെന്നും മോണ്‍. യൂജിന്‍ എച്ച്. പെരേര പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.