ഈ സിസ്റ്റർ പൊരുതുകയാണ്; പാവപ്പെട്ട കുട്ടികൾക്കായി

ചെറുപ്പത്തിൽത്തന്നെ കഠിനമായ ജോലികൾ ചെയ്യേണ്ടിവരുന്ന ഇളം തലമുറയെ ജീവിതത്തിലേക്ക് കൈപിടിച്ച് നടത്തുവാൻ ഈ സിസ്റ്റർ പൊരുതുകയാണ്. ഘാനയിലെ അക്ര അതിരൂപതയിലെ ദി ഡോട്ടേഴ്‌സ് ഓഫ് ഹോളി പാഷൻ എന്ന കോൺഗ്രിഗേഷനിൽ അംഗമായ സി. അന്തോണിയ ഒർജി എന്ന സന്യാസിനിയാണ് കുഞ്ഞുങ്ങൾക്കായി കരുതലിന്റെ കരം വിരിക്കുന്നത്. പാവപ്പെട്ട കുട്ടികളെ സംരക്ഷിക്കുന്ന അവരുടെ സ്ഥാപനത്തിൽ ചെറുപ്പത്തിലേ തെരുവുകളിൽ ജോലി ചെയ്യേണ്ടി വന്നതും വിദ്യാഭ്യാസം നേടാൻ കഴിയാത്തതുമായ നിരവധി കുട്ടികൾ ഉണ്ട്.

‘റേയ്‌സ് ഓഫ് ഹോപ്പ്’ എന്ന ഈ സ്ഥാപനത്തിൽ ആകെ 59 കുട്ടികളാണുള്ളത്. തെരുവുകളിൽ അലയുന്ന ഈ കുഞ്ഞുങ്ങൾക്ക് അഞ്ചു വർഷമായി സഹായമാവുകയാണ് സി. ഒർജി. കൂടാതെ ഓരോ കുട്ടിക്കും വിദ്യാഭ്യാസപരമായ കാര്യങ്ങളിലും വ്യക്തിപരമായും സഹായമാകുവാനും ഈ സിസ്റ്റർ ശ്രമിക്കുന്നു. “ഒരിക്കൽ തെരുവിലിറങ്ങിയവരും വിദ്യാഭ്യാസം ലഭിക്കാത്തതുമായ ഈ കുട്ടികൾ തിരിച്ച് സ്കൂൾ ജീവിതത്തിലേക്ക് പ്രവേശിക്കുമ്പോൾ അവർക്ക് കൂടുതൽ ശ്രദ്ധയും പരിഗണനയും സ്നേഹവും ആവശ്യമാണ്.” – സിസ്റ്റർ പറയുന്നു.

വ്യക്തിപരമായ ശുചിത്വം, സാമൂഹിക കഴിവുകൾ, മതം, ധാർമ്മികത എന്നിവയിലും ഈ കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്നുണ്ട്. മൂല്യങ്ങളിൽ അധിഷ്ഠിതമായ ഒരു തലമുറയെ വാർത്തെടുക്കുവാൻ ഈ സിസ്റ്റർ ശ്രമിക്കുന്നു. ഡാനിയൽ ലോമോട്ടി എന്ന പതിനെട്ട് വയസുകാരൻ പറയുന്നു. “സി. ഒർജിയെ കണ്ടുമുട്ടിയതിനാൽ എന്റെ ജീവിതം തന്നെ മാറിമറിഞ്ഞു. ഞാൻ ഇപ്പോൾ അയികുമയിലെ സെന്റ് പീറ്റേഴ്സ് കാത്തലിക് സ്കൂളിലെ ഹൈസ്കൂൾ സീനിയർ വിദ്യാർത്ഥിയാണ്. പഠനം മാത്രമല്ല, തയ്യൽ ജോലി ചെയ്യാനും ഒരു ബാർബർ ഷോപ്പ് നടത്താനുമുള്ള പ്രാപ്തി ഇപ്പോഴെനിക്കുണ്ട്.”

ഈ സെന്ററിൽ മതപരമായ യാതൊരു വിവേചനവും കാണിക്കുന്നില്ല. എല്ലാവരെയും സ്വന്തമായി കണ്ട് സ്നേഹിക്കുന്നു. എന്നാൽ ഇപ്പോൾ കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ 23 കുട്ടികളിൽ 20 പേരെ വിവിധ സന്നദ്ധപ്രവർത്തകരുടെ വീടുകളിൽ പാർപ്പിച്ചിരിക്കുകയാണ്. ഇത്തരം കുഞ്ഞുങ്ങൾക്ക് വേണ്ടി സി. ഒർജി തൻ്റെ ജീവിതം തന്നെ മാറ്റിവെച്ചിരിക്കുകയാണ്.

വിവര്‍ത്തനം: സി. സൗമ്യ DSHJ 

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.