ഒന്നും ശാശ്വതമല്ല; മാറ്റം പോലും

ജിന്‍സി സന്തോഷ്‌

മനുഷ്യജീവിതം മാറ്റത്തിന്റെ ‘കലവറ’ ആണ്. നമ്മുടെ ദുഃഖങ്ങളോ, സന്തോഷങ്ങളോ, ജീവിതമോ ഒന്നും ശാശ്വതമല്ല. ഈ പ്രപഞ്ചം പോലും മാറ്റത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണ്. എല്ലാം കടന്നുപോകും എന്ന തിരിച്ചറിവിലേക്ക് കടന്നുവരുമ്പോൾ ജീവിതത്തെക്കുറിച്ച് മനുഷ്യൻ ഗൗരവമായി ചിന്തിക്കാൻ തുടങ്ങും. ശൈശവത്തിൽ നിന്ന് ബാല്യത്തിലേക്കും പിന്നെ കൗമാരത്തിലേക്കും യുവത്വത്തിലേക്കും യുവത്വപ്രസരിപ്പിൽ നിന്ന് വാർദ്ധക്യത്തിലേക്കും ഒടുവിൽ ‘മരണം’ എന്ന അപരിചിതനോടൊപ്പം പ്രയാണം ചെയ്യുന്നതുമായ മനുഷ്യജീവിതം.

അൽപകാലം മുൻപ് മണ്ണു കൊണ്ട് നിർമ്മിക്കപ്പെട്ടവനും അൽപകാലം കഴിയുമ്പോൾ തനിക്ക് കടമായി ലഭിച്ച ആത്മാവിനെ ദാതാവ് ആവശ്യപ്പെടുമ്പോൾ തിരിച്ചേൽപിച്ച് മണ്ണിലേക്കു മടങ്ങേണ്ടവനുമായ മനുഷ്യനാണ് വിഫലമായി അതേ മണ്ണിൽ ലൗകികസുഖങ്ങൾക്കു വേണ്ടി മത്സരിക്കുന്നത്. തനിക്ക് മരണമുണ്ടെന്നോ തന്റെ ജീവിതം ഹ്രസ്വമെന്നോ അവൻ ചിന്തിക്കുന്നില്ല.

“മനുഷ്യൻ നൂറു വയസ്സു വരെ ജീവിച്ചാൽ അത് ദീർഘായുസ്സാണ്. നിത്യതയോട്  തുലനം ചെയ്യുമ്പോൾ ഈ ഏതാനും സംവത്സരങ്ങൾ സമുദ്രത്തിൽ ഒരു തുള്ളി വെള്ളം പോലെയും ഒരു മണൽത്തരി പോലെയും മാത്രം” (പ്രഭാ. 18: 9-11).

“നാം നമ്മുടെ മാനസാന്തരം മരണം വരെ മാറ്റിവച്ചു കൊണ്ടിരിക്കുന്നു. പക്ഷേ, മരണസമയത്ത് അതിന് സമയമോ, ശക്തിയോ ലഭിക്കും എന്ന് ആർക്കു പറയാൻ കഴിയും?” (വി. ജോൺ മരിയ വിയാനി).

ജിൻസി സന്തോഷ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.