നിക്കരാഗ്വന്‍ ബിഷപ്പുമാര്‍ പാപ്പയെ സന്ദര്‍ശിക്കും 

രാജ്യത്തെ സന്തുലിതാവസ്ഥ തന്നെ താറുമാറായ സാഹചര്യത്തില്‍  നിക്കരാഗ്വന്‍ ബിഷപ്പുമാര്‍ ഫ്രാന്‍സിസ് പാപ്പയെ കാണാന്‍ തയാറെടുക്കുന്നു. സമാധാനത്തിനു പുറമേ വളര്‍ന്നു വരുന്ന അസഹിഷ്ണുതയെ തടുക്കാന്‍ മതിയായ നടപടികള്‍ സ്വീകരിക്കാനായി പാപ്പയുമായി ചര്‍ച്ച നടത്തുക, അഭിപ്രായങ്ങള്‍ പങ്കുവെയ്ക്കുക എന്നിവയാണ് യാത്രയുടെ ലക്ഷ്യം.

മനാഗ്വയിലെ കര്‍ദ്ദിനാള്‍ ലിയോപോള്‍ഡോ ജോസ് ബ്രെനെസ്, മറ്റാഗല്‍പ്പയിലെ  ബിഷപ്പ് റോലാണ്ടൊ ജോസെ അല്‍വേസ് ലാഗോസും എന്നിവരും സംഘത്തില്‍ ഉണ്ടാകും. നിക്കരാഗ്വയിലെ ജനത അനുഭവിക്കുന്ന കഷ്ട്ടപ്പാടുകളും സര്‍ക്കാരും പ്രതിഷേധക്കാരുമായി നടത്തുന്ന പാളിയ സമാധാന ചര്‍ച്ചകളുടെ പരമ്പരയും ഒക്കെ ഇവിടെ ചര്‍ച്ച ആവും. കര്‍ദിനാള്‍ ബ്രെന്‍സ് ജൂണ്‍ 29 ന് നടത്തുന്ന കര്‍ദിനാള്‍മാരുടെ യോഗത്തില്‍ കൂടി പങ്കെടുക്കും.

രണ്ട് മാസമായി തുടര്‍ന്നു പോരുന്ന പ്രതിഷേധങ്ങള്‍ രാജ്യത്ത് വലിയ അടിയന്തരാവസ്ഥയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഡാനിയല്‍ ഓര്‍ട്ടെഗയുടെ സാമൂഹ്യ സുരക്ഷ, പെന്‍ഷന്‍ പരിഷ്‌കരണം എന്നീ പ്രഖ്യാപനങ്ങള്‍ക്ക് ശേഷമാണ് പ്രതിഷേധങ്ങള്‍ ആരംഭിച്ചത്. ഏപ്രില്‍ 18 ന് ആരംഭിച്ച പ്രതിഷേധം, ആദ്യഘട്ടത്തില്‍ നാല്‍പ്പതിലധികം പ്രതിഷേധക്കാരുടെ ജീവനെടുത്തു. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം 200 ല്‍ അധികം ആളുകളാണ് രാജ്യത്ത് കൊല്ലപ്പെട്ടിരിക്കുന്നത്. ഈ സാഹചര്യത്തില്‍ പാപ്പയുടെ തീരുമാനങ്ങള്‍ ഏറെ നിര്‍ണായകമാകും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.