ആപത്തു വരുമ്പോള്‍ കൂട്ടത്തോടെ എന്ന പഴമൊഴിയെ അന്വര്‍ത്ഥമാക്കിക്കൊണ്ട് ഈമാസം പകുതിയോടെ കേരളത്തെ ഗ്രസിച്ച മഹാപ്രളയം മാളയേയും, പരിസര
പ്രദേശങ്ങളെയും പിച്ചിച്ചീന്തിയത് നമ്മള്‍ കണ്ടു കഴിഞ്ഞു.
പ്രളയമെത്തിയപ്പോഴും, പ്രളയത്തിനു ശേഷവും ദുരിതങ്ങളുടെ വലിയൊരു ചങ്ങല തന്നെ നമ്മെ വിടാതെ പിന്തുടരുന്നു. ഈയവസരത്തില്‍ Service to mankind is
service to God അതായത് മനുഷ്യരെ സേവിക്കുമ്പോള്‍ പരമകാരുണ്യവാനായ
ദൈവത്തെയാണ് സ്നേഹിക്കുന്നതെന്ന സത്യം മുറുകെപ്പിടിച്ച്
ദുരിതമനുഭവിക്കുന്ന സഹജീവികള്‍ക്ക് സഹായമെത്തിക്കുവാന്‍ അഹോരാത്രം
പാടുപെടുകയാണ് മാളയിലെ ഇസ്ലാമിക് സര്‍വിസ് ട്രസ്റ്റ് (IST).
മഹാപ്രളയത്തെ ചെറുക്കാന്‍ മാളക്കാര്‍ കാണിച്ച ഒരുമയെ എത്ര ശ്ലാഘിച്ചാലും
മതിവരില്ല. ജാതിമതഭേദമന്യേ ആബാലവൃദ്ധം ജനങ്ങളും,
രാഷ്ട്രീയ ചേരിതിരിവുകള്‍ എല്ലാം മറന്ന് വീടും, സമ്പാദ്യവും
നഷ്ടപ്പെട്ടവരെ താമസിപ്പിക്കാന്‍ ദുരിതാശ്വാസ ക്യാമ്പുകള്‍
സംഘടിപ്പിച്ചുo, ഭക്ഷണവും, വസ്ത്രങ്ങളും നല്‍കിയും, ചികിത്സനല്‍കിയും
സാന്ത്വനിപ്പിച്ചു. അങ്ങനെ കൊടുങ്കാറ്റുപോലെ ഇരച്ചുപാഞ്ഞു വന്ന പ്രളയ
ദുര്‍ഭൂതത്തെ ഒരു മാന്ത്രികന്‍റെ കൈവഴക്കത്തോടെ അവര്‍
കുടത്തിലാക്കിയെങ്കിലും അതുകൊണ്ടൊന്നും തീരുന്നതായിരുന്നില്ല കെടുതികളുടെ
ആഴവും, വ്യാപ്തിയും. മഹാപ്രളയം ഛര്‍ദ്ദിച്ചിട്ടുപോയ ചെളിയും,
മാലിന്യങ്ങളും ദുരിതബാധിതരുടെ വീടുകള്‍ ആവാസയോഗ്യമല്ലാതാക്കിയതും,
കിണറുകളും, ശുചിമുറികളും ഉപയോഗ്യശൂന്യമായതും ദുരന്തത്തിന്‍റെ
ബാക്കിപത്രമായി സന്നദ്ധസേവകര്‍ക്ക് നേരെ വെല്ലുവിളി ഉയര്‍ത്തുകയാണ്. അവയെ
അതിജീവിച്ച് സര്‍ക്കാര്‍ വിഭാവനം ചെയ്യുന്ന നവകേരളത്തിന്‍റെ ഭാഗമായി
നമ്മുടെ നാടിനെ മാറ്റിയെടുക്കാനാണ് മാളയിലെ IST പ്രവര്‍ത്തകര്‍
ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
കേരളത്തിനകത്തും, പുറത്തുമുള്ള സംഘടനകള്‍ ISTയിലേക്ക്
എത്തിച്ചുകൊണ്ടിരിക്കുന്ന ശുചീകരണ വസ്തുക്കളും, ഉപകരണങ്ങളും,
ഭക്ഷണസാധനങ്ങളും, വസ്ത്രങ്ങളും, സാനിറ്ററി പാഡുകളും, ഇന്നര്‍
വെയേഴ്സുകളും, സ്ക്കൂള്‍ ബാഗുകളും, മരുന്നുകളും അവര്‍ മാള ബ്ലോക്കിലെ ആറു
പഞ്ചായത്തുകള്‍ക്കും ആവിശ്വാനുസരണം നല്‍കിക്കൊണ്ടിരിക്കുന്നു.
കാസര്‍ഗോഡ് മുതല്‍ തൃശൂര്‍വരെയുള്ള സ്ഥലങ്ങളില്‍ നിന്നുമെത്തിയ ഏകദേശം
800 ഓളം സന്നദ്ധസേവകര്‍ ഇതിനകo അസംഖ്യം വീടുകളും, വെള്ളം കയറിയ
ആരാധനാലയങ്ങളും, പൊതു സ്ഥാപനങ്ങളും വൃത്തിയാക്കി കഴിഞ്ഞു. കുണ്ടൂര്‍,
കൂഴൂര്‍, കൊച്ചുകടവ്, പൂവ്വത്തുശ്ശേരി, താണിശ്ശേരി, അന്നമനട, വെണ്ണൂര്‍,
മാളയുടെ വടക്കുഭാഗങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ പ്രവര്‍ത്തനം.
ഇന്ന് നിലമ്പൂരില്‍ നിന്നും വന്നെത്തുന്ന ടീം ഉപയോഗശൂന്യമായിക്കിടക്കുന്ന
കിണറുകള്‍ വറ്റിച്ച് ശുദ്ധീകരിക്കാന്‍ ഇറങ്ങുകയാണ്. മാളയങ്ങാടി
വൃത്തിയാക്കാന്‍ മാത്രമായി 25 ഓളം പേര്‍ രണ്ടു ദിവസം പ്രവര്‍ത്തിച്ചു.
ഇസ്ലാംമത വിശ്വാസികളായ പ്രവര്‍ത്തകള്‍ ക്ലീനിംഗ് നടത്തിയ ഒരു
ക്രിസ്ത്യന്‍ ദേവാലയത്തില്‍ കഴിഞ്ഞ വെള്ളിയാഴ്ച വൈദികന്‍റെ
അനുവാദത്തോടെ അവര്‍ നിസ്ക്കരിച്ചപ്പോള്‍ അവിടമൊരു മതമൈത്രിയുടെ
പ്രതീകമായി മാറി. മാതാവിന്‍റെ തിരുസ്വരൂപം പോലും ആദരപൂര്‍വ്വം അവര്‍
വൃത്തിയാക്കിയിരുന്നു.
പ്രളയദിനങ്ങളില്‍ ക്യാമ്പുകളിലെ താമസം കഴിഞ്ഞ് മടങ്ങിപ്പോയ 1500
വീട്ടുകാര്‍ക്ക് രണ്ടാഴ്ചത്തേക്കുള്ള ഭക്ഷണ കിറ്റും IST വിതരണം ചെയ്തു.
ഇനിയും 1000 വീടുകളില്‍ കിറ്റുകള്‍ എത്തിക്കാനുള്ള ശ്രമം നടന്നു വരുന്നു.
ബക്രീദ് നാളില്‍ 9 ക്യാമ്പുകളിലെ അന്തേവാസികള്‍ക്കായി 580 കിലോയും,
ദുരിതബാധിതരുടെ 50 വീടുകളിലേക്ക് 50 കിലോയും ഉളുഹിയ്യത്ത് (ബലി മാംസo)
എത്തിച്ച് എല്ലാവര്‍ക്കും ഈദ് മുബാറക്ക് നേര്‍ന്നതും മനുഷ്യമനസ്സുകളില്‍
സ്നേഹം നിറച്ചു.
ISTയുടെ ചെയര്‍മാനും, മാളയുടെ അഭിമാനവും, പ്രശസ്ത ഇസ്ലാമിക പണ്ഡിതനുമായ
ജനാബ് ടി.എ മുഹമ്മദ് മൗലവിയും, ജമാഅത്തെ ഇസ്ലാമിയയുടെ ഏരിയ സെക്രട്ടറി
നാസര്‍ മാഷും, ജനറല്‍ കണ്‍വീനര്‍ വി.എസ്. ജമാലുo, വളണ്ടിയര്‍
ക്യാപ്റ്റന്‍ എ. എ. ഉബൈസും,സഹപ്രവര്‍ത്തകരുമാണ് ഒരു ചെറിയ പരാതിക്കുപോലും ഇടം കൊടുക്കാതെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു കൊണ്ടുപോകുന്നത്.
ദുരിതം അനുഭവിക്കുന്നവര്‍ എവിടെയുണ്ടോ അവിടെ സഹായം എത്തിക്കുവാനുള്ളതാണ് ഈ മനുഷ്യജന്മമെന്ന് ഇവര്‍ അറിയുന്നു. സല്‍കര്‍മ്മവും, സദ്‌വാക്കും,സദ് ചിന്തയും, നന്മയും ഇല്ലാത്ത ജീവിതം ചന്ദ്രനോ, താരകങ്ങളോ ഇല്ലാത്ത ഇരുണ്ട ആകാശംപോലെയാണെന്ന് ഇവര്‍ മനസ്സിലാക്കുന്നു.
സണ്ണി ജോസഫ്, മാള