സ്നേഹത്തണൽ 

സുനിഷ നടവയല്‍

1858-ല്‍ ആന്‍ റീവ്‌സ് ജാര്‍വിസ് അമ്മമാര്‍ക്കുവേണ്ടി ഒരു ദിനം എന്ന ആശയം (Mother’s Day) ലോകത്തിനു മുമ്പില്‍ വച്ചെങ്കിലും വര്‍ഷങ്ങള്‍ക്കുശേഷം 1908-ല്‍ അവരുടെ മകളായ അന്ന ജാര്‍വിസ് മാതൃദിനം (Mother’s Day) എന്ന ചിന്ത മനസ്സുകളിലേയ്ക്ക് വച്ചുനീട്ടി. മെയ് മാസത്തിന്റെ രണ്ടാമത്തെ ഞായറാഴ്ച അങ്ങനെ മാതൃദിനമായി മാറിയെങ്കിലും ഒരു പ്രത്യേക ദിവസത്തില്‍ മാത്രം ഓര്‍മ്മിക്കപ്പെടേണ്ട ഒരു അപൂര്‍വ്വ പ്രതിഭാസമാണോ ‘അമ്മ’ എന്ന് നാം ചിന്തിക്കേണ്ടിയിരിക്കുന്നു. എങ്കിലും വിസ്മൃതിയുടെ കാണാപ്പുറങ്ങള്‍ക്കിപ്പുറം മറവിരോഗത്തിനുപോലും മായ്ച്ചുകളയുവാന്‍ സാധിക്കാത്ത ഒരു സത്യമുണ്ടെങ്കില്‍ അത് ‘അമ്മ’ എന്ന ഒരേയൊരു വാക്ക് മാത്രമേയുള്ളു. അനിവാര്യമായതിനെ ലോകവും കാലവും ഒരുപോലെ ഏറ്റെടുത്തിരിക്കുന്നു!

നമ്മുടെ ശ്വാസോച്ഛാസങ്ങള്‍ നാം അറിയാത്തതുപോലെ തന്നെ നമ്മുടെ ജീവിതത്തിന്റെ ഭാഗമായ ഒരു ജന്മത്തെക്കുറിച്ചു നാം ചിന്തിക്കണമെങ്കില്‍ അതിന്റെ അസാന്നിധ്യമോ വിയോഗമോ സംഭവിക്കണം. ശ്വാസം പോലെ അവിഭാജ്യഘടകമായ നമ്മുടെ ജീവിതത്തിലെ നെടുംതൂണായി നില്‍ക്കുന്ന അമ്മയുടെ സാന്നിധ്യം നമ്മിലുണ്ടാക്കുന്ന അനന്തസാധ്യതയുടെ ഭാവങ്ങള്‍ നാമൊക്കെ ഉദ്ദേശിക്കുന്നതിലുമപ്പുറത്താണ്.

സ്ത്രീയുടെ ജന്മം അര്‍ത്ഥവത്താകുന്നത് അവള്‍ അമ്മയാകുമ്പോഴാണ്. അതിനുശേഷം മാത്രമാണ് അവള്‍ ഒരു നല്ല മകളും സഹോദരിയും ഭാര്യയും മരുമകളും എന്തിനേറെപ്പറയുന്നു ഒരു നല്ല അദ്ധ്യാപിക പോലുമാകുന്നത്. മാതൃത്വം എന്ന ഭാവം കൈവരിക്കുന്നതിനു മുമ്പുതന്നെ ഇതിലെ പല ഏടുകളും നാം ആയിരുന്നിട്ടുണ്ടാകണം. എങ്കിലും അതിനുശേഷം എത്രയോ വ്യത്യസ്തമായിട്ടാണ് ഏതൊന്നിനോടുമുള്ള സമീപനരീതികള്‍.

ആകുലതയുടെ ഒരു നെരിപ്പോടായിട്ടു മാത്രമേ നാം നമ്മുടെ അമ്മമാരെ കണ്ടിട്ടുണ്ടായിരിക്കുകയുള്ളൂ. പലപ്പോഴും ചിന്തിക്കുകയും ചെയ്തിട്ടുണ്ടാകാം ഇതിനുംമാത്രം വിഷമിക്കേണ്ട കാര്യമൊക്കെ അമ്മയ്ക്കുണ്ടോ എന്നും. പക്ഷേ, കാലം അതിന്റെ പിന്നാമ്പുറക്കാഴ്ചകള്‍ നമുക്കായി തുറന്നുവെച്ചപ്പോഴാണ് മനസ്സിലായത് ജീവിതം സമര്‍പ്പണത്തിന്റെ ഒരു ആളലായി, പ്രാര്‍ത്ഥനയുടെ അണയാനെരിപ്പോടായി, ഊഷ്മളത പകരേണ്ടുന്ന സ്‌നേഹത്തിന്റെ ഒരേയൊരു പര്യായമായി മാറ്റപ്പെടേണ്ടവളാണ് അമ്മയെന്ന്. മാതൃത്വം ഒരു ഭാഗ്യമാണ്; പക്ഷേ, ഒരു പെണ്‍കുട്ടിയുടെ അമ്മയാവുകയെന്നത് ഒരു മഹാഭാഗ്യവും.

മക്കള്‍ എന്നും അമ്മയ്ക്ക് ഒരുപോലെയാണെങ്കിലും പെണ്‍കുട്ടികള്‍ കുറച്ചധികം പരിഗണന അര്‍ഹിക്കേണ്ടുന്നവരാണ്. എങ്കില്‍ മാത്രമേ നാളെ അവളും അവളുടെ മാതൃത്വത്തില്‍ അഭിമാനിക്കുകയുള്ളൂ. ‘അമ്മ വരാതെ ഭക്ഷണം കഴിക്കില്ല വെള്ളം കുടിക്കില്ലാ’ എന്നുപറയുന്ന മക്കള്‍ നിങ്ങള്‍ക്കുണ്ടെങ്കില്‍ നിങ്ങള്‍ ഭാഗ്യം ചെയ്തവരാണ്. കാരണം, ഈ ഭൂമിയില്‍ മറ്റെന്തിനേക്കാളും അവര്‍ നിങ്ങളിലാണ് വിശ്വാസമര്‍പ്പിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ ആ കുഞ്ഞുമനസ്സിന്റെ നൈര്‍മ്മല്യത്തിന്റെ വലയം വിട്ട് നിങ്ങള്‍ക്കെവിടെയും പോകാന്‍ സാധിക്കില്ല. ഗര്‍ഭം ധരിക്കുന്നതിന്റെ അഞ്ചാം മാസത്തില്‍ ഉദരത്തിലെ കുഞ്ഞ് ആണോ പെണ്ണോ എന്ന് അവനോട്/ അവളോട് തന്നെ സംസാരിച്ചറിയാന്‍ കഴിയുന്ന ആ മാജിക് എന്നെപ്പോലെ തന്നെ എല്ലാ സ്ത്രീകള്‍ക്കുമറിയാമെന്നു വിശ്വസിക്കുന്നു. പെണ്ണേ, നിനക്കഭിമാനിക്കാം, ‘അമ്മ’ എന്ന രണ്ടക്ഷരങ്ങള്‍ കൊണ്ട് ഒരുപാട് ജീവിതങ്ങളുടെ ദീപമായി മാറുന്നതില്‍, ജീവിതത്തിലെ ഒരുപാട് മുഖങ്ങളെ, ഭാവങ്ങളെ ഒരുവളില്‍ സമന്വയിച്ച അപൂര്‍വ്വ സൃഷ്ടിയായതില്‍…!

എങ്കിലും ഈ ദിവസം നാം പ്രത്യേകമായി ഓര്‍ക്കേണ്ടത് അമ്മത്വമെന്ന മഹാസാഗരത്തെ ഹൃദയത്തിലും ജീവിതത്തിലും ആവാഹിച്ച ‘അച്ഛന്‍ അമ്മ’മാര്‍ക്കാണ്. അമ്മയെന്ന സൗഭാഗ്യത്തിന്റെ അഭാവത്തെ ഒരായുസ്സിന്റെ വ്രതമായേറ്റെടുത്ത, പ്രസവിച്ചില്ലെങ്കിലും മുലയൂട്ടിയില്ലെങ്കിലും ഹൃദയം കൊണ്ടും ജീവിതം കൊണ്ടും അമ്മയാകേണ്ടിവന്ന, മകനെയോ മകളെയോ സമ്മാനിച്ച് അകാലത്തില്‍ മറഞ്ഞുനില്‍ക്കുന്ന സ്വന്തം ഭാര്യയുടെ അസാന്നിധ്യമറിയിക്കാതെ, ആകുലതയും കണ്ണുനീരും പുറത്തുകാണിക്കുവാന്‍ സാധിക്കാതെ, ജീവിതത്തിന്റെ ബഹുമുഖത്തില്‍ രാവ് പകലാക്കി, പകലില്‍ വിയര്‍പ്പുതുള്ളികള്‍ അന്നമാക്കി, അലിവിന്റെ ആഴിയില്‍ അവന്റെയോ അവളുടെയോ എല്ലാമെല്ലാമായി കാവലാളായി തന്റെ ‘നല്ല പാതി’യുടെ സകല ഭാവങ്ങളും ഉള്‍ക്കൊണ്ടു കൊണ്ട് മക്കളെ സ്വന്തം ചിറകിനടിയില്‍ പൊതിഞ്ഞുപിടിക്കുന്ന എല്ലാ ‘പുരുഷ അമ്മ ‘മാരെയും മനസ്സാ നമിച്ചുകൊണ്ട് മാതൃദിനത്തിന്റെ എല്ലാവിധ ആശംസകളും നേരുന്നു…

സുനിഷ നടവയല്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.