
മദര്‍ തെരേസ എന്ന ഒരു സാധു കന്യാസ്ത്രിയെ ലോകം എത്രത്തോളം സ്നേഹിച്ചു എന്നതിന് തെളിവായിരുന്നു ഇരുപത്തോന്നു വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള ആ സെപ്റ്റംബര്‍ നാലാം തിയതി. അതായത് മദര്‍ തെരേസ ഈ ലോകത്തോട് വിടപറഞ്ഞ ദിനം. ജാതി മത വ്യത്യാസങ്ങളില്ലാതെ ലോകം കല്‍ക്കത്തയുടെ തെരുവുകളിലേയ്ക്ക് ഒഴുകി. വിങ്ങുന്ന ഹൃദയവുമായി. ആ ദിനം ഇന്ത്യയുടെ ചരിത്രത്തിലെ കണ്ണീരില്‍ കുതിര്‍ന്ന ഒരു ദിനമായി.
തങ്ങളുടെ പ്രിയപ്പെട്ട മദര്‍ ഇനി ഇല്ല എന്ന് വിശ്വസിക്കുവാന്‍ ആ ജന സാഗരത്തിന് കഴിഞ്ഞില്ല. അനാഥരെ സനാഥത്വത്തിലേയ്ക്ക് കൈപിടിച്ച് ഉയര്‍ത്തിയ ആ കന്യാസ്ത്രിക്ക് മുന്നില്‍, ഹിന്ദു എന്നോ മുസ്ലീം എന്നോ ക്രിസ്ത്യാനി എന്നോ വ്യത്യാസമില്ലാതെ ജനം തല കുനിച്ചു. മദര്‍ തെരേസ ജന്മം കൊണ്ട് ഇന്ത്യക്കാരി ആയിരുന്നില്ല. എങ്കിലും ലോക രാഷ്ട്രങ്ങള്‍ തങ്ങളുടെ ദേശീയ പതാക താഴ്ത്തി അനുശോചനം രേഖപ്പെടുത്തി. മദര്‍ ഒരു രാഷ്ട്രീയക്കാരി ആയിരുന്നില്ല, എങ്കിലും ലോകരാഷ്ട്ര തലവന്മാര്‍ ആ സ്നേഹാഗ്നിയെ ഒന്ന് കാണുവാന്‍ അമ്മയുടെ അടുക്കലേയ്ക്ക് എത്തി. മദര്‍ ഒരു വിപ്ലവകാരിയോ മത നേതാവോ ആയിരുന്നില്ല. എന്നിട്ടും ജാതിമത വ്യത്യാസമില്ലാതെ സാധാരണക്കാര്‍ മദറിനെ ഒരു നോക്ക് അവസാനമായി കാണാന്‍ കല്‍ക്കട്ടയിലെയ്ക്ക് പ്രവഹിച്ചു.
മദര്‍ തെരേസ ഒരു സൈന്യാധിപതിയോ നയതന്ത്രജ്ഞയോ ആയിരുന്നില്ല, എങ്കിലും ലോകം ഇന്ന് വരെ കണ്ടിട്ടില്ലാത്ത സൈനിക ബഹുമതികളോടെയാണ് മദര്‍ തെരേസ സംസ്കരിക്കപ്പെട്ടത്.
സ്ത്രീയെ ബഹുമാനിക്കപ്പെടേണ്ടവള്‍ ആണെന്ന് നിയമത്തില്‍ പ്രത്യേക ഭേതഗതികള്‍ കൊണ്ട് വരുന്നതിനു മുന്‍പ് തന്റെ വ്യക്തിത്വ പാടവം കൊണ്ട് ലോകത്തെ മുഴുവന്‍ തന്നിലേയ്ക്കു ആകര്‍ഷിച്ച വ്യക്തിയായിരുന്നു മദര്‍ തെരേസ. ആദരം പിടിച്ചു വാങ്ങാതെ, ജീവിത മാതൃകയിലൂടെ നേടിയെടുത്തു. സ്വന്തം കാര്യങ്ങള്‍ മാറ്റിവെച്ച് തന്റെ പ്രിയപ്പെട്ട മക്കള്‍ക്ക് വേണ്ടി മറ്റുള്ളവരുടെ മുന്‍പില്‍ കൈനീട്ടി.
തനിക്ക് അത്യാവശ്യം വേണ്ടത് മാത്രം മദര്‍ കയ്യില്‍ കരുതി. അതില്‍ കൂടുതല്‍ തന്റെ കയ്യില്‍ ഉള്ളതെന്തും അന്യനു അവകാശപ്പെട്ടതാണെന്ന് മദര്‍ വിശ്വസിച്ചു. അതിനെ ലോകം ദാരിദ്രം എന്ന് വിളിച്ചെന്ന് മാത്രം. പാവപ്പെട്ടവനെയും പണക്കാരനെയും ഒരുപോലെ സ്നേഹിച്ചു. ദുഷ്ടന്റെ ഉള്ളിലും ദൈവത്തെ കണ്ടെത്തി. ഇതു മദര്‍ തെരേസ എന്ന സ്നേഹാഗ്നി. ലോകത്തെ മുഴുവന്‍ സ്നേഹിച്ചു, സ്നേഹത്തിലൂടെ നേടിയ വിശുദ്ധ.