മനുഷ്യരെ മഹത്വത്തിലേയ്ക്ക് നയിച്ച മിഷൻ പ്രവർത്തനം

കീര്‍ത്തി ജേക്കബ്

‘ഇസ്രായേല്‍ വംശത്തിലെ നഷ്ടപ്പെട്ട ആടുകളുടെ അടുത്തേയ്ക്ക് പോകുവിന്‍. പോകുമ്പോള്‍ സ്വര്‍ഗ്ഗരാജ്യം സമീപിച്ചിരിക്കുന്നു എന്ന് പ്രസംഗിക്കുവിന്‍. രോഗികളെ സുഖപ്പെടുത്തുകയും, മരിച്ചവരെ ഉയിര്‍പ്പിക്കുകയും, കുഷ്ഠരോഗികളെ ശുദ്ധരാക്കുകയും, പിശാചുക്കളെ ബഹിഷ്‌കരിക്കുകയും ചെയ്യുവിന്‍. ദാനമായി നിങ്ങള്‍ക്കു കിട്ടി. ദാനമായിത്തന്നെ കൊടുക്കുവിന്‍’ (മത്തായി 10: 6,7).

ഈശോ തന്റെ ശിഷ്യന്മാര്‍ക്കു നല്‍കിയ ഈ വലിയ സന്ദേശം ഹൃദയത്തില്‍ ഏറ്റുവാങ്ങി വിളിക്കുള്ളിലെ വിളി തിരിച്ചറിഞ്ഞ്, പ്രേഷിതവേലയ്ക്കായി ഇറങ്ങിത്തിരിച്ച വ്യക്തിയാണ് എസ്എച്ച് സന്യാസ സഭാംഗമായ സി. ലൂസി വള്ളോംകുന്നേല്‍. പഠനവും, ജോലിയും, പ്രേഷിതപ്രവര്‍ത്തനവും ഒക്കെയായി പതിറ്റാണ്ടുകള്‍ മധ്യപ്രദേശിലെ സത്‌ന എന്ന ദേശത്ത് ചെലവഴിച്ച വ്യക്തി. മിഷനറി ജീവിതത്തിലെ ദീര്‍ഘകാല അനുഭവങ്ങളും ഇക്കാലയളവില്‍ ലഭിച്ച ആഴമേറിയ ഉള്‍ക്കാഴ്ചകളും ലൈഫ്‌ഡേ-യുമായി പങ്കുവയ്ക്കുകയാണ് സി. ലൂസി…

ഒരു മിഷനറിയാവുക എന്നത് സ്‌കൂള്‍ വിദ്യാര്‍ത്ഥി ആയിരുന്നപ്പോള്‍ മുതലുള്ള എന്റെ തീക്ഷ്ണവും ഉത്ക്കടവുമായ ആഗ്രഹമായിരുന്നു. ദൈവത്തോട് കൂടുതല്‍ അടുക്കണമെന്നും പാവങ്ങളോടും അവശരോടുമുള്ള അവിടുത്തെ നന്മയ്ക്കും കരുണയ്ക്കും സാക്ഷിയാവണമെന്നുമുള്ള അളവറ്റ ആഗ്രഹത്തോടെയാണ് 1980-ല്‍ മധ്യപ്രദേശിലെ മിഷന്‍ രൂപതയായ സത്‌നായില്‍ എത്തിയത്. എന്റെ മിഷനറി ജീവിതത്തിലെ പിള്ളത്തൊട്ടില്‍ എന്ന് അതിനെ വിശേഷിപ്പിക്കാം.

പ്രാദേശികഭാഷ ഹൃദിസ്ഥമാക്കുക, കൈകാര്യം ചെയ്യാന്‍ പഠിക്കുക എന്നതാണ് ഒരു മിഷനറിയെ സംബന്ധിച്ച് ആദ്യ കടമയും കടമ്പയും. എന്നാല്‍, സത്‌നായില്‍ എത്തുന്നതിന് മുമ്പ് ജനറല്‍ ഹെല്‍ത്ത് കെയര്‍, നഴ്‌സിംഗ് മിഡ്വൈഫറി കോഴ്‌സുകളെല്ലാം ഞാന്‍ ചെയ്തത് ബീഹാറിലായിരുന്നതിനാല്‍ എനിക്ക് ഹിന്ദി അനായാസമായി കൈകാര്യം ചെയ്യാന്‍ സാധിക്കുമായിരുന്നു. അത് സത്‌നായിലെ എന്റെ മിഷനറി ദൗത്യത്തിന് മികച്ച തുടക്കം ലഭിക്കാന്‍ സഹായകമായി.

ഒരു കുടുംബം പോലെയായിരുന്നു അവിടെ. രൂപതാംഗങ്ങളും പ്രേഷിതപ്രവര്‍ത്തകരും എല്ലാം. പ്രാര്‍ത്ഥനയിലൂടെയും സഹവര്‍ത്തിത്വത്തിലൂടെയും ആശയവിനിമയത്തിലൂടെയുമെല്ലാം എല്ലാവരും സ്‌നേഹമുള്ള ഒരു കുടുംബാംന്തരീക്ഷത്തില്‍ കഴിഞ്ഞു. കുടുംബാംഗങ്ങള്‍ പരസ്പരം എന്നതുപോലെ എല്ലാവരും പരസ്പരം പിന്തുണയ്ക്കുകയും പ്രോത്സാഹിപ്പിക്കുകയും നല്ല കാര്യങ്ങള്‍ പഠിപ്പിക്കുകയുമെല്ലാം ചെയ്തുകൊണ്ടിരുന്നു.

സത്‌നായില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെയുള്ള അതാര്‍ഹര്‍ എന്ന ഒരു പാവപ്പെട്ട ഗ്രാമത്തിലാണ് എനിക്ക് ആദ്യ നിയമനം ലഭിച്ചത്. അക്രൈസ്തവര്‍ കൂടുതലുള്ള സ്ഥലം. സത്‌നായില്‍ നിന്ന് ഒരേയൊരു ബസ് മാത്രമാണ് ഈ ഗ്രാമത്തിലേയ്ക്ക് ഉണ്ടായിരുന്നത്. ഗംഗയുടെ പോഷകനദികളായ സരളും തമസും ഈ ഗ്രാമത്തെ ചുറ്റിയാണ് ഒഴുകിയിരുന്നത്. അതുകൊണ്ടു തന്നെ മഴക്കാലത്ത് രണ്ടു നദികളും കരകവിഞ്ഞ്, ഗ്രാമം ചെളിവെള്ളത്തില്‍ മുങ്ങും. ഞങ്ങളെ സംബന്ധിച്ച് അവിടെ ധാരാളം വെല്ലുവിളികള്‍ ഉണ്ടായിരുന്നു. പ്രാദേശികഭാഷ അറിയില്ല, ചെളിയും വെള്ളവും നിറഞ്ഞ പൊതുവഴികള്‍, വൈദ്യുതിയില്ല, ഫോണില്ല, ശുചിത്വസൗകര്യങ്ങളില്ല, കുടിവെള്ള ക്ഷാമം തുടങ്ങി പലതും. എന്നാല്‍, രൂപതയുടെയും നല്ലവരായ നാട്ടുകാരുടെയും പിന്തുണ ഞങ്ങള്‍ക്ക് ലഭിക്കുകയും ചെയ്തിരുന്നു.

ഡിസ്‌പെന്‍സറി തുടങ്ങി പാവപ്പെട്ട രോഗികള്‍ക്കുള്ള ചികിത്സയാണ് ഞങ്ങള്‍ ആദ്യം തുടങ്ങിയത്. ധാരാളം രോഗികള്‍, പല ആശുപത്രികളില്‍ നിന്നും ഉപേക്ഷിച്ച് വിടുന്നവരൊക്കെ ഞങ്ങളുടെ ഡിസ്‌പെന്‍സറിയില്‍ ചികിത്സ തേടി എത്തിയിരുന്നു. അവരില്‍ നല്ലൊരു ശതമാനം പരിപൂര്‍ണ്ണ സൗഖ്യത്തോടെയാണ് മടങ്ങിയിരുന്നതും. പ്രത്യേകിച്ച്, പാമ്പുകടിയേറ്റ് മരണത്തെ മുഖാമുഖം കണ്ട നിരവധിയാളുകളെ ജീവിതത്തിലേയ്ക്ക് തിരിച്ചു കൊണ്ടുവരാന്‍ സാധിച്ചിട്ടുണ്ട്. എന്തുതരം ചികിത്സയോ മരുന്നോ കൊടുക്കുന്നതിനു മുമ്പ് രോഗികളുടെ നാഥനായ കര്‍ത്താവിനോട് പ്രാര്‍ത്ഥിച്ച് ഒരുങ്ങിയാണ് ഞങ്ങൾ അത് ചെയ്തിരുന്നത് എന്നതായിരുന്നു അത്തരം അത്ഭുത രോഗസൗഖ്യങ്ങള്‍ക്കു കാരണക്കാരാവാന്‍ ഞങ്ങളെ യോഗ്യരാക്കിയത് എന്ന് ഞങ്ങൾ ഉറച്ചു വിശ്വസിക്കുന്നു.

1980-കളില്‍ വരള്‍ച്ചാബാധിത മേഖലകളില്‍ ജലസേചനം നടത്തുന്നതിനായി ബക്കിയ ഡാമിന്റെ നിര്‍മ്മാണം നടന്നു. ആ സമയത്ത് ഞങ്ങളുടെ മിഷനറി സ്‌റ്റേഷന്‍ വെള്ളത്തിലായി. ആളുകളെ ഒഴിപ്പിക്കുകയും ചെയ്തു. അതുകൊണ്ട് അതാര്‍ഹറില്‍ നിന്ന് എട്ട് കിലോമീറ്റര്‍ അകലെയുള്ള ദേവ്‌ര എന്ന സ്ഥലത്തേയ്ക്ക് ഞങ്ങള്‍ക്ക് മിഷന്‍ സ്‌റ്റേഷന്‍ മാറ്റേണ്ടതായും വന്നു. സത്‌ന – സമരിയ റൂട്ടില്‍ മെയിന്‍ റോഡിലായിരുന്നു പുതിയ സ്റ്റേഷന്‍. എങ്കിലും അതാര്‍ഹര്‍ പോലെ തന്നെ അടിസ്ഥാന സൗകര്യങ്ങളും അനുകൂല സാഹചര്യങ്ങളും ഇല്ലാത്ത പാവപ്പെട്ട ഗ്രാമം തന്നെയായിരുന്നു ദേവ്‌രയും. അവിടെയും ഡിസ്‌പെന്‍സറിയോടൊപ്പം കാരിത്താസിന്റെയും സിആര്‍എസ് അസിസ്റ്റന്‍സിന്റെയും സഹായത്തോടെ മറ്റ് വികസനപ്രവര്‍ത്തനങ്ങള്‍ക്കും ഞങ്ങള്‍ തുടക്കമിട്ടു. ഇതിനിടയില്‍ സത്‌ന രൂപതയുടെ ഹെല്‍ത്ത് കോര്‍ഡിനേറ്ററായി ഞാന്‍ നിയമിതയായിരുന്നു. ആ ദൗത്യത്തിന്റെ ഭാഗമായി അനേകം ഗ്രാമങ്ങള്‍തോറും സഞ്ചരിക്കുകയും വില്ലേജ് ഹെല്‍ത്ത് വര്‍ക്കര്‍മാരെ കണ്ടെത്തി അവര്‍ക്കു വേണ്ട പരിശീലനം നല്‍കാന്‍ മിഷനറിമാരായ സിസ്റ്റേഴ്‌സിനെ സഹായിക്കുകയും ചെയ്തുപോന്നു.

‘ചികിത്സ ഞങ്ങള്‍ നല്‍കുന്നു. പക്ഷേ, സുഖപ്പെടുത്തുന്നത് ഈശോയാണ്’  ഈ സന്ദേശം പകര്‍ന്നുകൊണ്ടുള്ള ചികിത്സാ രീതിയായിരുന്നു ഞങ്ങള്‍ തുടര്‍ന്നുപോന്നത്. ആളുകള്‍ക്ക് വലിയ രീതിയില്‍ ഡിസ്‌പെന്‍സറി ഉപകാരപ്പെടുകയും ചെയ്തിരുന്നു. മലേറിയ, ടി.ബി., കുഷ്ഠരോഗം തുടങ്ങി അപകടകരമായ പല രോഗങ്ങളും ഈ  പ്രദേശത്തുള്ളവരില്‍ ഉണ്ടായിരുന്നു. പലതും ശുചിത്വക്കുറവ് മൂലം ഉണ്ടാകുന്നവയുമായിരുന്നു. കൊതുക് ശല്യം കൂടുതലായതിനാല്‍ കൊതുകിലൂടെ പരക്കുന്ന രോഗങ്ങളും ആളുകളെ പെട്ടെന്ന് ബാധിച്ചിരുന്നു. തത്ഫലമായി ഉയര്‍ന്ന മരണനിരക്കാണ് ആ പ്രദേശത്ത് ഉണ്ടായിരുന്നത്.

രോഗികള്‍ കൂടുതലായതിനാല്‍ സമയം വകവയ്ക്കാതെയാണ് പലപ്പോഴും ജോലി ചെയ്തത്. ഒറ്റപ്പെട്ട, ഉള്‍ഗ്രാമങ്ങളിലെ ആളുകള്‍ക്ക് ഞങ്ങളുടെ മൊബൈല്‍ ക്ലിനിക്കും വലിയ ആശ്വാസം പകര്‍ന്നു. പ്രാഥമിക ചികിത്സയോടൊപ്പം തന്നെ ശുചിത്വം, സാമൂഹികാരോഗ്യം, രോഗപ്രതിരോധം തുടങ്ങിയ വിഷയങ്ങളിലെല്ലാം അവര്‍ക്ക് അറിവ് പകരാനും ഞങ്ങള്‍ ശ്രമിച്ചിരുന്നു.

യേശുവിന്റെ സ്‌നേഹം പകര്‍ന്നു കൊടുക്കുന്നതിന്റെ ഭാഗമായി പല വൈകുന്നേരങ്ങളിലും ഞങ്ങള്‍ ഭവനസന്ദര്‍ശനം നടത്തി. തകര്‍ച്ചയുടെ വക്കിലായിരുന്ന പല കുടുംബങ്ങളെയും ജീവിതങ്ങളെയും കൈപിടിച്ചു കയറ്റാന്‍ ഞങ്ങളുടെ സാന്നിധ്യവും സംസാരവും കൊണ്ട് സാധിച്ചുവെന്നത് മിഷനറി എന്ന നിലയില്‍ അഭിമാനത്തോടെ മനസില്‍ സൂക്ഷിക്കുന്ന കാര്യമാണ്. അതുപോലെ തന്നെ കുട്ടികളെ സ്‌കൂളില്‍ അയയ്ക്കണമെന്ന അഭ്യര്‍ത്ഥനയും ഓരോ വീട്ടിലെയും മാതാപിതാക്കളോട് ഞങ്ങള്‍ നടത്തിയിരുന്നു. മദ്യപാനം ഉപേക്ഷിക്കേണ്ടതിനെക്കുറിച്ചും, തൊഴില്‍ദാതാവിനോട് മാന്യമായ വേതനം ആവശ്യപ്പെടേണ്ടതിനെക്കുറിച്ചും, സ്വന്തമായി സമ്പാദ്യം സൂക്ഷിക്കേണ്ടതിനെയും, പലിശക്കാരുടെ ചൂഷണത്തില്‍ നിന്ന് ഒഴിയേണ്ടതിനെക്കുറിച്ചും പുരുഷന്മാരെ ബോധവത്കരിച്ചു. കൃഷിക്കാവശ്യമായ വളവും വിത്തും വാങ്ങുന്നതിനും മറ്റ് ആവശ്യങ്ങള്‍ക്കുമായി സര്‍ക്കാര്‍ നല്‍കുന്ന ആനുകൂല്യങ്ങളെയും ലോണുകളെയും അവര്‍ക്ക് പരിചയപ്പെടുത്തി കൊടുക്കുകയും അത് നേടുന്നതിനായി അവരെ സഹായിക്കുകയും ചെയ്തുപോന്നു.

സ്‌നേഹവും കരുതലും നിറഞ്ഞ ദൈവത്തിന്റെ ഇടപെടലും സഹായവും ഓരോ നിമിഷവും ഞങ്ങള്‍ക്ക് അനുഭവിക്കാന്‍ സാധിച്ചിരുന്നു. 1986 ജൂലൈ 31-ന് ആയുധധാരികളായ കൊള്ളസംഘത്തിന്റെ ആക്രമണം നടക്കുമ്പോള്‍ സത്‌നായില്‍ നിന്ന് ദേവ്‌രയില്‍ സന്ദര്‍ശനത്തിനായി എത്തിയതായിരുന്നു ഞാന്‍. കോണ്‍വെന്റിലേയ്ക്ക് അതിക്രമിച്ചു കയറിയ കള്ളന്മാര്‍ ഭവനം കൊള്ളയടിക്കുകയും ചാപ്പല്‍ നശിപ്പിക്കുകയും വിശുദ്ധ വസ്തുക്കളെ ദുരുപയോഗം ചെയ്ത് അപമാനിക്കുകയും ചെയ്തു. ആ സമയമെല്ലാം ഞങ്ങളെ അവര്‍ തോക്കിന്‍മുനയില്‍ നിര്‍ത്തിയിരിക്കുകയായിരുന്നു. ബോംബ് പൊട്ടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമാണ് അവര്‍ കോണ്‍വെന്റില്‍ നിന്ന് മടങ്ങിപ്പോയതും. ഭയപ്പെട്ടെങ്കിലും ദൈവത്തിന്റെ കരുതലുള്ള സംരക്ഷണം അന്ന് ഞങ്ങള്‍ക്ക് വ്യക്തമായി അനുഭവിക്കാന്‍ കഴിഞ്ഞു. കാരണം, ഒരു പോറല്‍ പോലും ഞങ്ങള്‍ക്കാര്‍ക്കും വരുത്താന്‍ അക്രമികള്‍ തുനിഞ്ഞില്ല. അല്ലെങ്കില്‍ അവര്‍ക്കതിന് സാധിച്ചില്ല. ‘ദൈവം നമ്മുടെ പക്ഷെത്തെങ്കില്‍ ആര് നമുക്ക് എതിരു നില്‍ക്കും’ (റോമ 8:31).

രൂപതയില്‍ സോഷ്യല്‍ വര്‍ക്കറായി അനേക വര്‍ഷങ്ങള്‍ പ്രവര്‍ത്തിച്ചപ്പോള്‍, സുവിശേഷ സത്യങ്ങളെ ആധാരമാക്കിയുള്ള സാമൂഹ്യ പരിവര്‍ത്തനത്തിനാണ് ഞാന്‍ മുന്‍തൂക്കം കൊടുത്തത്. വ്യക്തികളുടെയും സമൂഹത്തിന്റെയും ക്ഷേമം ആഗ്രഹിച്ചാണല്ലോ യേശുവും സ്വര്‍ഗരാജ്യം പ്രഘോഷിച്ചത്. അതുകൊണ്ടു തന്നെ തുല്യത, നീതി, ബഹുമാനം തുടങ്ങിയവ സമൂഹത്തിന്റെ എല്ലാ തട്ടിലുമുള്ളവര്‍ക്ക് ഒരുപോലെ ലഭിക്കുന്നതിനായി പ്രവര്‍ത്തിച്ചു പോന്നു. ദൈവത്തോട് ചേര്‍ന്നു നിന്നുള്ള പ്രവര്‍ത്തനമായിരുന്നു ഓരോന്നുമെന്ന് ഉറച്ച ബോധ്യത്തോടെ പറയാന്‍ സാധിക്കും. ‘ഇവാഞ്ചലി ഗൗദിയും’ എന്ന തന്റെ അപ്പസ്‌തോലിക ലേഖനത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ പറയുന്നുണ്ട്: “യേശു തന്നോടൊപ്പം നടക്കുന്നുവെന്നും സംസാരിക്കുന്നുവെന്നും ശ്വസിക്കുന്നുവെന്നും പ്രവര്‍ത്തിക്കുന്നുവെന്നും മനസിലാക്കുന്നവനാണ് ഒരു യഥാര്‍ത്ഥ മിഷനറിയെന്ന്.”

സോഷ്യല്‍ വര്‍ക്ക് മേഖലയില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടി നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക്, 12 വര്‍ഷത്തെ സേവനത്തിന് അംഗീകാരമെന്നവണ്ണം 1997-ല്‍ ദേശീയ വനിതാ കമ്മീഷന്റെ അവാര്‍ഡും ലഭിച്ചിരുന്നു. അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്കും വേണ്ടി പ്രവര്‍ത്തിച്ചതിന്റെ പേരില്‍ രക്തസാക്ഷിയായ വാ. സി. റാണി മരിയയോടൊപ്പം പ്രേഷിതവേല ചെയ്യാനുള്ള ഭാഗ്യവും എനിക്ക് ലഭിച്ചിട്ടുണ്ട്. അവരുടെ ജീവിതവും ക്രിസ്തുവിനു വേണ്ടിയുള്ള മരണവും മിഷനറി ജീവിതത്തില്‍ വലിയ പ്രചോദനവും പ്രോത്സാഹനവുമായിരുന്നു.

ഇന്ന്, ഞങ്ങള്‍ സേവനം ചെയ്ത പ്രദേശങ്ങളിലേയ്‌ക്കൊക്കെ തിരിഞ്ഞുനോക്കുമ്പോള്‍ കര്‍ത്താവില്‍ അഭിമാനമാണുള്ളത്. കാരണം, അടിമത്വത്തില്‍ ജീവിക്കുന്ന ആരും ഇന്ന് അവിടെയില്ല. മറിച്ച്, അന്തസ്സോടും സ്വാതന്ത്രത്തോടും കൂടെ ജീവിക്കുന്ന ഒരു ജനതയാണുള്ളത്. സത്‌ന രൂപതയിലെ 31 വര്‍ഷത്തെ മിഷനറി ജീവിതത്തെ വിജയത്തിന്റെ ജീവിതമെന്നല്ല, പൂര്‍ണ്ണതയോടെയുള്ള ജീവിതമെന്നു വിളിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. അതുപോലെ തന്നെ ഒരു വ്യക്തിയുടെ മിഷന്‍ ജീവിതമല്ല, അയയ്ക്കപ്പെട്ട ഒരു സമൂഹത്തിന്റെ ഒന്നാകെയുള്ള പ്രവര്‍ത്തനഫലമാണത്.

സന്തോഷവും സംതൃപ്തിയും നിറഞ്ഞ ഹൃദയവും നല്ല കര്‍ത്താവ് ഞങ്ങളെ എത്ര മനോഹരമായാണ് തന്റെ ദൗത്യത്തില്‍ പങ്കാളികളാക്കിയത് എന്ന അഭിമാനവുമാണ് വര്‍ഷങ്ങള്‍ നീണ്ട മിഷന്‍ ജീവിതത്തെക്കുറിച്ച് ഞങ്ങള്‍ക്കുള്ളത്. അതുകൊണ്ട് കര്‍ത്താവിന്റെ വിളഭൂമിയിലെ വേലക്കാരാവാന്‍ ഇനിയും അനേകര്‍ സന്നദ്ധരാവട്ടെ. അതിനുവേണ്ടി വിളവിന്റെ നാഥനോടു തന്നെ നമുക്ക് പ്രാര്‍ത്ഥിക്കാം.

കീർത്തി ജേക്കബ് 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.