മിഷൻ പ്രവർത്തനം – തുടങ്ങാം കുടുംബത്തിൽനിന്ന്

ബിജു കുന്നേൽ

ബിജു കുന്നേൽ

“ലോകം മുഴുവന്‍ നേടിയാലും സ്വന്തം ആത്മാവിനെ നഷ്ടപ്പെടുത്തിയാല്‍ എന്ത് ഫലം” എന്ന ദൈവവചനം ഇഗ്നേഷ്യസ് ലയോളയിലൂടെ പ്രതിധ്വനിച്ചപ്പോള്‍ സ്ഥാനമാനങ്ങളും സുഖഭോഗങ്ങളും ഭൗതികാഭിനിവേശങ്ങളും സ്വപ്നം കണ്ടിരുന്ന തന്റെ ലൗകീക ആസക്തികളാൽ കലുഷിതമായ ജീവിതം ഉപേക്ഷിച്ച്‌ ക്രിസ്തുവിന്റെ സാക്ഷിയായി മാറിയ വിശുദ്ധനായ ഫ്രാൻസിസ് സേവ്യർ, കൊൽക്കത്തയിലെ വിശുദ്ധ മദർ തെരേസ, ഭാരതത്തിന്റെ സ്വന്തം അപ്പസ്തോലൻ വിശുദ്ധ തോമാശ്ലീഹ അങ്ങനെ ക്രിസ്തുരാജ്യം പൂകിയ എത്രയെത്ര മിഷനറിമാർ. ഓരോ മിഷനറിയുടെയും ജീവിതം പ്രതിസന്ധിഘട്ടങ്ങൾ നിറഞ്ഞതാണെന്ന യാഥാർഥ്യം ബഹുമാനപ്പെട്ട “ടോം ഉഴുന്നാലിൽ” അച്ചന്റെ ജീവിതത്തിലൂടെ നാം മനസിലാക്കിയവരാണ്.

മാമോദീസയുൾപ്പടെയുള്ള പ്രവേശന കൂദാശകൾ ഓരോ ക്രൈസ്തവനും നൽകപ്പെട്ടത് പിതാവിന്റെയും, പുത്രന്റെയും, പരിശുദ്ധാത്മാവിന്റെയും നാമത്തിലാണ്. ഈ പരമമായ രഹസ്യത്തിലൂടെ ക്രിസ്തുവിന്റെ രാജ്യത്തിൽ പങ്കാളികളായ നമ്മോട്‌- പ്രപഞ്ച സൃഷ്ടാവായ, മനുഷ്യകുലത്തിന്റെ പാപങ്ങൾ നീക്കാനായി വന്ന ദൈവത്തിന്റെ ആ കുഞ്ഞാട് – ക്രിസ്തു – ചോദിക്കുന്നുണ്ടാവാം -“നിങ്ങൾ സഭക്കുവേണ്ടി എന്ത് ചെയ്തു? എന്ത് ചെയുന്നു? എന്ത് ചെയ്യും?” കത്തോലിക്കാ സഭ, മിഷൻ സൺ‌ഡേ ആചരിക്കുന്ന ഈ വേളയിൽ ഈ ചോദ്യത്തിന് വളരെയേറെ പ്രസക്തി ഏറുന്നു. ഓരോ ക്രൈസ്തവനും ജീവിതം കൊണ്ട് ഒരു മിഷനറി ആകേണ്ടവനാണ്. എന്നാൽ നമ്മുക്ക് അതിന് സാധിക്കുന്നുണ്ടോ എന്ന് ഗാഢമായി ചിന്തിക്കേണ്ട അവസരത്തിലൂടെയാണ് ഞാനും നിങ്ങളും കടന്നു പൊയ്ക്കൊണ്ടിരുന്നത്. എന്റെയും നിങ്ങളുടെയും ജീവിതം ക്രിസ്തുവിന്റെ സുവിശേഷം ആകുന്നില്ലെങ്കിൽ, ക്രൈസ്തവ മൂല്യങ്ങൾക്കൊത്തല്ല നമ്മുടെ ചിന്താധാരകളും പ്രവർത്തികളും എങ്കിൽ – നാം മനസിലാക്കുക – എവിടെയോ തിരുത്തപ്പെടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

പയസ് പതിനൊന്നാം മാർപ്പാപ്പ 1926 -ൽ സ്ഥാപിച്ചതാണ് “വേൾഡ് മിഷൻ സൺ‌ഡേ”. ക്രൈസ്തവ സമൂഹത്തിന്റെ ഊർജമായി നിലകൊള്ളുന്ന മിഷനറിമാർക്കുവേണ്ടി പ്രാർത്ഥിക്കാനും, അവരെ സഹായിക്കുവാനും അതേപോലെതന്നെ മാമോദീസയിലൂടെ നാമെല്ലാവരും ക്രിസ്തുവിന്റെ മിഷനറിമാരാകാൻ വിളിക്കപ്പെട്ടവരാണെന്ന ബോധ്യം നമ്മിലേക്ക്‌ ഉൾച്ചേർക്കുവാനുമായി മാറ്റിവെക്കപ്പെട്ട ഒരു പുണ്യ ദിനം.

ക്രിസ്തീയ സാക്ഷ്യ നിര്‍വ്വഹണത്തിന്റെ ഭാഗമായി കുഷ്ഠരോഗികള്‍, എയ്ഡ്‌സ് രോഗികള്‍, അവരുടെ മക്കള്‍, കാന്‍സര്‍ രോഗികള്‍, അനാഥര്‍, വൃദ്ധര്‍, സമൂഹത്തില്‍ നിന്ന് പാര്‍ശ്വവത്ക്കരിക്കപ്പെട്ടവര്‍ തുടങ്ങിയവര്‍ക്ക് സാന്ത്വന സ്പര്‍ശമായി അനേക മിഷന്‍ പ്രവര്‍ത്തനങ്ങള്‍ ലോകത്തിലുടനീളം നടന്നുവരുന്നു. തങ്ങളുടെ നാടും വീടും എല്ലാം ഉപേക്ഷിച്ചു മിഷൻ പ്രവത്തനത്തിനായി ഇറങ്ങിത്തിരിച്ച ഒരു സമൂഹം. ക്രിസ്‌തുവിന്റെ വിളിക്ക് തങ്ങളുടെ ജീവിതത്തിലൂടെ പ്രത്യുത്തരം കൊടുക്കുന്ന നല്ല സമരായക്കാർ. ക്രിസ്തുവിനെ പ്രഘോഷിക്കാനായി ത്യാഗത്തിന്റെ തീച്ചൂളയിലൂടെ നടന്നു പൊയ്ക്കൊണ്ടിരിക്കുന്നവർ.

മാമോദീസയിലൂടെ മിഷനറിമാരാകാൻ വിളിക്കപ്പെട്ടിരിക്കുന്ന ഓരോ ക്രൈസ്തവനും ആദ്യം ഈശോയെ പ്രഘോഷിക്കേണ്ടത് നമ്മുടെ കുടുംബത്തിലൂടെയായിരിക്കണം. ഇന്ന് പല മാതാപിതാക്കളും മക്കൾക്ക് ആത്മീയതയുടെ പാഠങ്ങൾ പകർന്നുകൊടുക്കാൻ മറന്നുപോകുന്നു. മക്കളെക്കുറിച്ചു മാതാപിതാക്കൾക്കു സ്വപ്നങ്ങളുണ്ടാകണം. പക്ഷേ, അവരുടെ നിത്യജീവനായിരിക്കണം മാതാപിതാക്കളുടെ ഏറ്റവും വലിയ സ്വപ്നം. വിശ്വാസത്തിനും ഈശ്വരചിന്തയ്ക്കും എപ്പോഴും ഒന്നാം സ്ഥാനം നല്കണം. അവയാണ് ഒന്നാംസ്ഥാനത്തു നില്‌ക്കേണ്ടത് എന്ന ബോധ്യം മക്കളിൽ ഉളവാക്കുകയും വേണം. ജീവിതത്തിൽ ഏതു തുറകളിലും പ്രവർത്തിക്കാം. എന്നാൽ അതിന്റെ പ്രാഥമികലക്ഷ്യം ഒരിക്കലും വിസ്മരിക്കരുത്, വിസ്മരിക്കാൻ ഇടവരുത്തുകയും ചെയ്യരുത്.

മൺമറഞ്ഞുപോയ പലസംസ്‌ക്കാരങ്ങളെയുംപറ്റി പഠിക്കുമ്പോൾ, തകർച്ചയുടെ പ്രധാനകാരണമായി ചൂണ്ടിക്കാട്ടപ്പെടുക കുടുംബങ്ങളുടെ തകർച്ചയാണ്. മൂല്യശോഷണം ആദ്യം സമൂഹത്തെയായിരിക്കും ബാധിക്കുക. പക്ഷെ, അതിവേഗം അതു കുടുംബങ്ങളിലെത്തും. മക്കളെ ദൈവോന്മുഖരും മനുഷ്യസ്‌നേഹികളുമാക്കി കൊണ്ടുവരണമെങ്കിൽ, മാതാപിതാക്കളിൽ അത്തരം പുണ്യങ്ങൾ സമൃദ്ധമായി ഉണ്ടാകണം. മാതാപിതാക്കളുടെ വാക്കുകളല്ല പ്രവൃത്തികളാണ് പുതിയ തലമുറയെ കൂടുതൽ സ്വാധീനിക്കുക. മക്കൾക്കു നന്മയുടെ വഴികൾ പരിചയപ്പെടുത്തിക്കൊടുക്കുമ്പോൾ, മാതാപിതാക്കൾ സഭയിലൂടെ സ്വർഗ്ഗകവാടത്തിലേക്ക് അടുക്കും.

പങ്കുവയ്ക്കൽ, ഒരുമിച്ചുള്ള പ്രാർത്ഥന, കുടുംബങ്ങളെ ശക്തിപ്പെടുത്തുന്ന ജപമാല, കൗദാശികജീവിതം, അനുദിനദിവ്യബലി ഇവയൊക്കെ നമ്മുടെ മക്കൾക്ക് ഏറെ സന്തോഷവും സുരക്ഷിതത്വവും ആത്മധൈര്യവും ആദ്ധ്യാത്മികവളർച്ചയും നൽകും. മാതാപിതാക്കളുടെ പരസ്പരം മനസ്സിലാക്കൽ, ആശ്വസിപ്പിക്കൽ, ആഴമേറിയ സ്‌നേഹം ഇവ മക്കളുടെ സ്വഭാവസംസൃതിക്കും കുടുംബത്തിന്റെ ഭദ്രതയ്ക്കും അത്യന്താപേക്ഷിതമാണ്. ധാരണയില്ലായ്മയും കരുതലില്ലായ്മയും കുടുംബത്തിൽ ഏറെ പ്രശ്‌നങ്ങൾ സൃഷ്ടിക്കും. പരസ്പരധാരണയിൽ, തമ്മിൽത്തമ്മിലും മക്കളുമായും ധാരണയിലും കരുതലിലും ജീവിക്കാനുള്ള കൃപയ്ക്കായി മാതാപിതാക്കൾ ധാരാളമായി പ്രാർത്ഥിക്കുകയും മക്കളെക്കൊണ്ടു പ്രാർത്ഥിപ്പിക്കുകയും ചെയ്താൽ കുടുംബത്തിൽ സമാധാനവും സന്തോഷവും നിലനില്ക്കും. ഒന്നിച്ചു പ്രാർത്ഥിക്കുന്ന കുടുംബം ഒന്നിച്ചു നിലനില്ക്കും.

സഭക്ക് വേദനകളുണ്ടാകുമ്പോൾ, സഭ അവഹേളിക്കപെടുമ്പോൾ സഭക്കുവേണ്ടി നിലകൊള്ളാൻ എനിക്കും നിങ്ങൾക്കും സാധിക്കുന്നുണ്ടോ? സമൂഹത്തിലെ അനാചാരങ്ങൾക്കു പുറകേ പോകാതെ സഭാ മൂല്യങ്ങൾക്കൊത്തു ജീവിക്കാൻ ശ്രമിക്കാറുണ്ടോ?

ജ്ഞാനത്തിന്റെ ഉറവിടം പരിശുദ്ധാത്മാവാണ് എന്നും പന്തക്കുസ്തയിലും, സ്ഥായിയായ ബോധ്യം എനിക്കും നിങ്ങൾക്കും ഉണ്ടോ? അങ്ങനെയെങ്കിൽ നമ്മുടെ കുരുന്നുകൾ ആദ്യാക്ഷരം കുറിക്കുന്നത് സഭയോട് ചേർന്ന് അഭിഷിക്തരിലൂടെയാണോ?

യോഹന്നാൻ ഒഴുക്കിനെതിരെ നീന്തിയതുകൊണ്ട് ദൈവം അവന്റെ കൂടെയുണ്ടായിരുന്നു. അതുകൊണ്ട് നമ്മുക്ക് ആത്മവിചിന്തനം ചെയാം.

അവതീർണ്ണവചനത്തിന്റെയും സഭയുടെയും മാതാവായ മറിയം തന്റെ ശക്തമായ മധ്യസ്ഥത വഴി സഭ മുഴുവനിലും എല്ലാ തലങ്ങളിലും, പ്രത്യേകിച്ച് സുവിശേഷവത്കരണത്തിനുള്ള ആഹ്വാനത്തിനായി ഓരോ സഭാ മക്കളും നയിക്കപ്പെടേണ്ടതിന് സത്യാ വിശ്വാസത്തിന്റെ പ്രകാശം മാനവവംശത്തെ അജ്ഞതയിൽനിന്നും പാപാദാസ്യത്തിൽനിന്നും വിമോചിപ്പിക്കട്ടെ.

അങ്ങനെ നമ്മുക്ക് പകർന്നു കിട്ടിയ വിശ്വാസനിഷേപം തലമുറയിലൂടെ പകർന്നുകൊടുക്കുവാൻ എല്ലാ ക്രിസ്തീയ വിശ്വാസികളും ഉത്തേജിപ്പിക്കപ്പെടട്ടെ. വിശ്വാസം പരസ്യമായി ഏറ്റു പറഞ്ഞുകൊണ്ടും സാഹോദര്യത്തിന്റെ പങ്കുവയ്ക്കലിലൂടെ അതിൽ ജീവിച്ചുകൊണ്ടും ആരാധനാക്രമത്തിലും പ്രാർത്ഥനയിലും അത് ആഘോഷിച്ചുകൊണ്ടുമാണ് ഈ പകർന്നുകൊടുക്കൽ നിർവഹിക്കേണ്ടത്.

വിശുദ്ധ ഗ്രന്ഥവും പാരമ്പര്യവും ഉൾകൊള്ളുന്ന “വിശ്വാസ നിക്ഷേപത്തെ” (depositum fidei) അപ്പസ്തോലന്മാർ സമസ്ത സഭയെയുമാണ് ഭരമേല്പിച്ചിരിക്കുന്നത്. ഈ “വിശ്വാസ നിക്ഷേപം” മുറുകെപിടിച്ചുകൊണ്ട്, വിശുദ്ധജനം മുഴുവനും, തങ്ങളുടെ ഇടയന്മാരോട് ചേർന്ന് അപ്പസ്തോലിക പ്രബോധനത്തിലും കൂട്ടായ്മയിലും അപ്പംമുറിക്കൽ ശുശ്രൂഷയിലും പ്രാർത്ഥനകളിലും സദാ വിശ്വസ്തരായി വർത്തിക്കുമ്പോളാണ് കൈമാറ്റപ്പെട്ട വിശ്വാസത്തിന്റെ പാലനത്തിലും പരിശീലനത്തിലും പ്രഘോഷണത്തിലും മെത്രാന്മാർക്കും വിശ്വാസികൾക്കുമിടയിൽ നിർണായകമായ ഒരു യോജിപ്പ് സംജാതമാകുന്നത്.

പഠിപ്പിക്കുന്ന ഏതു വ്യക്തിയും ക്രിസ്തുവിനായി എല്ലാവരെയും നേടേണ്ടതിന് “എല്ലാവർക്കും എല്ലാമായിത്തീരണം.” ദൈവത്തിലുള്ള അടിയുറച്ച വിശ്വാസത്തിനും, അതിന്റെ പകർന്നു കൊടുക്കലിനും, പരിശുദ്ധാത്മാവിന്റെ സഹായങ്ങൾ മനുഷ്യന് ആവശ്യമാണ്. ദൈവത്തിലുള്ള വിശ്വാസം ഒരു സഭാത്മക പ്രവർത്തിയാണ്. സഭയുടെ വിശ്വാസം നമ്മുടെ വിശ്വാസത്തിന്റെ മുൻഗാമിയാണ്. അത് നമ്മിൽ വിശ്വാസം അങ്കുരിപ്പിക്കുകയും നിലനിർത്തുകയും പരിപോഷിപ്പിക്കുകയും ചെയുന്നു. സഭ സർവവിശ്വാസികളുടെയും മാതാവാണ്. “സഭയെ മാതാവായി കാണാത്തവന്, ദൈവത്തെ പിതാവായി ലഭിക്കുകയില്ല”.

വരാനിരിക്കുന്ന ജീവിതത്തിൽ നമ്മെ സൗഭാഗ്യവാന്മാരാക്കുന്ന ജ്ഞാനത്തിന്റെ മുൻ ആസ്വാദനമാണ് സഭയിലും, ഈശോയിലുമുള്ള ഈ വിശ്വാസം.
“വചനം പ്രസംഗിക്കുക; സാഹചര്യങ്ങൾ അനുകൂലമാണെങ്കിലും അല്ലെങ്കിലും ജാഗരൂകതയോടെ വർത്തിക്കുക” (2 തിമോത്തി 4 :2).

“അനേകം സാക്ഷികളുടെ മുൻപിൽവച്ച് നീ എന്നിൽനിന്ന് കേട്ടവ, മറ്റുള്ളവരെക്കൂടി പഠിപ്പിക്കുവാൻ കഴിവുള്ള വിശ്വസ്തരായ ആളുകൾക്ക് പകർന്നുകൊടുക്കുക” (2 തിമോത്തി 2 :2). ക്രിസ്തുവിലുള്ള ഈ വിശ്വാസം മുറുകെപ്പിടിച്ചുകൊണ്ട് നമുക്കോരോരുത്തർക്കും സ്വജീവിതത്തിലൂടെയെങ്കിലും ഈശോയുടെ നല്ല മിഷനറിമാരായി ജീവിക്കാൻ പ്രതിജ്ഞ എടുക്കാം. ഈശോ പറഞ്ഞു – ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്നേഹിക്കുവിൻ (യോഹന്നാൻ 15 :12).

ബിജു കുന്നേൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.