മഹിമയാർന്ന ഓർമ്മകൾ അവശേഷിപ്പിച്ച് മഹിമ യാത്രയായി

കോവിഡ് വാക്‌സിനേഷൻ എടുത്തതിനെ തുടർന്നുണ്ടായ ആരോഗ്യപ്രശ്നങ്ങള്‍ മൂലം 2021 ഓഗസ്റ്റ് ഇരുപതാo തീയ്യതി മരണമടഞ്ഞ മഹിമ മാത്യുവിനെ സഹപാഠിയും സുഹൃത്തുമായ സി. കീർത്തന എസ് ജെ സി ഓർമ്മിക്കുന്നു.

‘I am a slow walker but i never walk back’ ഇതാരുടെ വാക്കുകൾ ആണെന്ന് എനിക്കറിയില്ല, പക്ഷേ, ഇതായിരുന്നു അവളുടെ വാട്സ്ആപ്പ് സ്റ്റാറ്റസ്. ‘മഹിമ’ പേരുപോലെ തന്നെ മഹിമയേറിയ ഒരു വൈഡൂര്യമായിരുന്നു അവൾ. ഇരുകാലുകളുമുള്ള നമ്മൾ ഒന്നിലും തൃപ്‌തി ഇല്ലാതെ എല്ലാറ്റിനും പരാതിയുമായി ജീവിക്കുമ്പോൾ ഒരു കാലിൽ ജീവിക്കുകയും ഒന്നിനും തോറ്റു കൊടുക്കാതെ തന്റെ ജീവനായ നൃത്തത്തിന് വേണ്ടി കൃത്രിമക്കാലു വയ്ക്കുകയും ചെയ്ത ധീര യുവതി.

മഹിമയെ ഞാൻ ആദ്യം കാണുന്നത് അവൾ, ബിസിഎം കോളേജിന്റെ മൂന്നാമത്തെ നിലയിലേക്കുള്ള പടികൾ കഷ്ട്ടപ്പെട്ടു കേറികൊണ്ടിരിക്കുമ്പോഴാണ്. ഈ കുട്ടിക്ക് ഇതു എന്തു പറ്റി എന്ന് ചിന്തിച്ചു അവളെ സൂക്ഷിച്ചു നോക്കിയപ്പോഴാണ് ഒരു കാൽ വയ്പ്കാലാണെന്നു മനസിലായത്. മഹിമയും അവളുടെ ആത്മസുഹൃത്ത് പ്രിയമോളും വിശേഷങ്ങൾ പങ്കുവെച്ചു കയറി വരുന്നത് കാണുമ്പോൾ തന്നെ എന്റെ മടുപ്പും ക്ഷീണവുമെല്ലാം തനിയെ മാറുമായിരുന്നു.

ഞങ്ങളുടെ സോഷ്യൽവർക്ക്‌ ക്ലാസ്സുകളിൽ ലഭിക്കുന്ന അസൈമെന്റ്സും, പ്രേസേന്റ്റേഷൻസുംമൊക്കെ നാളത്തേക്ക് നീട്ടിവെക്കുന്ന ഞാൻ അതെല്ലാം കൃത്യസമയത്തു ചെയ്തു തീർക്കുന്ന മഹിമയെ കുറച്ചു അസൂയയോടെ നോക്കിയിട്ടുണ്ട്. പഠനത്തിന്റെ ഭാഗമായി ഞങ്ങളുടെ റൂറൽ ക്യാമ്പ് ലക്ഷദ്വീപിൽ വെച്ചു നടത്താൻ ഞങ്ങളെല്ലാവരും പരിശ്രമിച്ചു. അത് നടപ്പിലാക്കിയപ്പോൾ ഹെഡ് ഓഫ് ദി ഡിപ്പാർട്മെന്റ് ഓർമിപ്പിച്ചു. റിസ്കുണ്ട്, കടലിൽവെച്ചു ഷിപ്പിൽ നിന്ന് ബോട്ടിലേക്ക് മാറിക്കയറണം. എന്നെപ്പോലുള്ള കുറച്ചു പേടിത്തൊണ്ടികൾ പോകാൻ മടിച്ചുനിന്നപ്പോൾ ‘ഞാൻ റെഡി’ എന്ന് പറഞ്ഞുകൊണ്ട് ആ യാത്രയ്ക്കും അവൾ മുൻപിൽ ഉണ്ടായിരുന്നു. ലക്ഷദ്വീപിൽ ഒരു ചെറിയ വീട്ടിൽ ഒരുമിച്ചു താമസിച്ചപ്പോഴും, ഭക്ഷണം പാകം ചെയ്തപ്പോഴും ഒന്നിലും അവൾ മാറി നിന്നില്ല. പിന്നീടുള്ള ഞങ്ങളുടെ പഠനയാത്രകൾ, ടൂർ പ്രോഗ്രാം എല്ലാത്തിലും അവൾ മുന്നിലായിരുന്നു.

കോളേജിലെ ആർട്ട്‌ ഫെസ്റ്റിൽ ഒറ്റക്കാലിൽ നിന്ന് നാടോടി നൃത്തം ചെയ്ത മഹിമ എന്നും എനിക്കൊരു അത്ഭുതമായിരുന്നു. പിന്നീടാണ് എനിക്കറിയാൻ സാധിച്ചത് കുച്ചുപ്പുടിയും മോഹിനിയാട്ടവും അവതരിപ്പിച്ചു അവൾ ഏവരെയും അത്ഭുതപ്പെടുത്തുമായിരുന്നു എന്ന്. ഒരു നർത്തകി മാത്രമായിരുന്നില്ല അവൾ. നല്ലൊരു എഴുത്തുകാരിയും കൂടെയായിരുന്നു. ഫേസ്‌ബുക്ക്‌ പേജിൽ അവൾ കുറിച്ചിടുന്ന കവിതകളും കഥകളും അവളുടെ കാവ്യഭംഗിയെ മികവോടെ വരച്ചു കാണിച്ചിരുന്നു

ഇടയ്ക്ക് വാട്സാപ്പിൽ ഞാൻ വോയ്സ് ,മെസ്സേജ് അയക്കും.

“മഹിമേ, ഇങ്ങനെയൊക്കെ പോയാൽ മതിയോ? ഒരു കല്യാണമൊക്കെ കഴിക്കേണ്ടേ.”

“എല്ലാം നടക്കും സിസ്റ്ററെ” എന്ന് ചിരിയോടെ ഒരു മറുപടിയും കാണും.

ഒടുവിൽ പ്രണയിച്ച ആളെ തന്നെ വിവാഹം കഴിച്ചു. വിവാഹവേഷത്തിൽ സുന്ദരിയായ അവളെ കണ്ടപ്പോൾ മനസ് നിറഞ്ഞു. നന്മ വരുത്തണേ എന്ന് മാത്രമേ പ്രാർത്ഥിച്ചിരുന്നുള്ളു. 2021 ആഗസ്ത് പന്ത്രണ്ടാം തീയ്യതി വരെ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിലും ഫേസ്ബുക്ക് പേജിലും അവൾ സജീവമായിരുന്നു.

പിന്നെ ലഭിച്ച ഷോക്കിങ് ന്യൂസ്‌ ‘മഹിമ വെന്റിലേറ്ററിൽ ക്രിട്ടിക്കൽ സ്റ്റേജിലാണ്’ എന്നാണ്. എല്ലാദിവസവും അവളെക്കുറിച്ചുള്ള അപ്ഡേറ്റ്സ് കിട്ടുമ്പോഴും എന്റെ മനസ് പറയുമായിരുന്നു, ജീവിതത്തിൽ ഇത്രയും പ്രതിസന്ധികളെ അതിജീവിച്ച ഇവൾ ഒരു ഫീനിക്സ് പക്ഷിയെപ്പോലെ വീണ്ടും പറന്നുയരുമെന്ന്. ദൈവത്തിന്റെ ഹിതത്തെ തടുക്കാൻ ആർക്കും ആവില്ലല്ലോ. ജീവിതത്തെ കുറിച്ച് നിറമുള്ള സ്വപ്നങ്ങൾ കണ്ട എന്റെ സ്നേഹിത, തന്റെ ഉദരത്തിൽ ഒരു കുഞ്ഞിനേയും പേറിയാണ് യാത്രയായത്.

മഹിമയുടെ മരണത്തിനുശേഷം അവളുടെ ഏതോ അദ്ധ്യാപകൻ തന്റെ ഫേസ്ബുക്ക് പേജിൽ ഇപ്രകാരം കുറിച്ചിരുന്നു: “അദ്ധ്യാപകരെ കുട്ടികൾ ഓർത്തിരിക്കാറുണ്ട്. അപൂർവം സിദ്ധികളുള്ള കുട്ടികളെ അധ്യാപകരും ഓർമ്മയിൽ സൂക്ഷിക്കാറുണ്ട്. മഹിമ ഒരു മഹാ വിസ്മയമായി എന്റെ ഓർമ്മകളിൽ എന്നും ഉണ്ട്. ആത്മവിശ്വാസത്തിന്റെ കാര്യത്തിൽ അവൾ എന്റെ ഗുരുസ്ഥാനത്താണ്. മഹിമ, നിന്റെ തൂലിക ഇനി ചലിക്കില്ലായിരിക്കും. നിന്റെ നൃത്തചുവടുകൾ ഇനി ഉണ്ടാകില്ല എന്നറിയാം. എങ്കിലും പ്രിയ കൂട്ടുകാരി, നീ പകർന്നുനൽകിയ ജീവിത പാഠങ്ങൾക്ക് ഒരിക്കലും മരണമില്ല.”

മഹിമ മാത്യു ആനക്കല്ല് സ്വദേശിനിയും തൈപ്പറമ്പിൽ മാത്തുക്കുട്ടിയുടെയും മോളമ്മയുടെയും മൂത്തമകളുമാണ്. ഒരു സഹോദരിയുണ്ട്. മഹിമയുടെ ഭർത്താവ് രഞ്ജിത്ത്. സോഷ്യൽവർക്കിൽ ബിരുദാനന്തര ബിരുദം എടുത്ത മഹിമ, ജോലിക്കായി കാനഡയിലേക്ക് പോകാനിരിക്കെയാണ് മരണമടഞ്ഞത്.

സി. കീർത്തന എസ് ജെ സി

1 COMMENT

  1. വാക്കുകളിൽ പകരാനാകാത്ത സങ്കടം, മഹിമേ,,,,,,,സ്വർഗ്ഗീയ മഹിമയുടെ പൂങ്കാവനത്തിൽ, സന്തോഷമായി വാഴുക

Leave a Reply to AnonymousCancel reply