പത്ത് ലക്ഷത്തിലധികം കുഞ്ഞുങ്ങളുടെ ജീവൻ രക്ഷിച്ച ഒരു സ്നേഹ ‘ബാങ്ക്’

“ദൈവമേ, എനിക്കെന്റെ ജീവൻ തിരികെ നൽകിയാൽ അങ്ങ് ആഗ്രഹിക്കുന്ന മേഖലയിൽ ഞാൻ ജോലി ചെയ്തുകൊള്ളാം” – ഒരു വാഹനാപകടത്തിൽ നിന്നും രക്ഷപെട്ട് ഗുരുതരാവസ്ഥയിൽ ആയിരിക്കെ കൊൺറാഡോ ഗിമെൻസ് ദൈവത്തോട് പറഞ്ഞതാണിത്. ഒരു മോളിക്യൂലർ ബയോളജിസ്റ്റ് ആണെങ്കിലും  ബാങ്ക് ജീവനക്കാരനായി ജീവിതം നയിക്കുകയായിരുന്നു കൊൺറാഡോ. ജോലിക്കിടയിൽ സംഭവിച്ച ഒരു വലിയ അപകടം ജീവിതത്തെ മാറ്റിമറിച്ചപ്പോൾ പത്ത് ലക്ഷത്തിലധികം കുഞ്ഞുങ്ങളായിരുന്നു ജീവിതത്തിലേക്ക് തിരിച്ചുവന്നത്.

ബാങ്കിലെ ബോർഡ് മീറ്റിംഗായിരുന്നു അന്ന്. കാർ ഡ്രൈവ് ചെയ്തു പോകുന്നതിനിടയിൽ സൈൻ ബോർഡ് ശ്രദ്ധിക്കാതെ മറുവശത്തു കൂടി വന്ന വാഹനം കോൺറാഡോയുടെ കാറിനെ ഇടിച്ചുതെറിപ്പിച്ചു. രക്ഷാപ്രവർത്തകരെത്തി കാറിനുള്ളിൽ നിന്നും അദ്ദേഹത്തെ വലിച്ച് പുറത്തെടുത്തപ്പോഴേക്കും ബോധം മറഞ്ഞിരുന്നു. ആശുപത്രിക്കിടക്കയിൽ വച്ച് കണ്ണ് തുറക്കുമ്പോൾ ജീവിതത്തിനും മരണത്തിനുമിടയിലുള്ള ഇടനാഴിയിലാണ് താനെന്ന്  കോൺറാഡോ മനസ്സിലാക്കി. “ഞാൻ ഒരിക്കലും തിരിച്ചുവരികയില്ലെന്ന് എനിക്ക് തോന്നി. അതിനാൽ തന്നെയാകണം എന്റെ ജീവിതം തിരികെ തന്നാൽ അവിടുത്തേയ്ക്കുവേണ്ടി ഞാൻ ജീവിച്ചുകൊള്ളാമെന്നു വാഗ്ദാനം ചെയ്തത്.”

മാസങ്ങളുടെ കാത്തിരിപ്പിനൊടുവിൽ കോൺറാഡോ തിരികെ ബാങ്ക് ജോലിയിൽ പ്രവേശിക്കുവാൻ പ്രാപ്തനായി. എങ്കിലും പരിവർത്തനത്തിന്റെ മാസങ്ങളായിരുന്നു കടന്നുപോയത്. കിടക്കയിലും വീടിനുള്ളിലുമാണ് മുഴുവൻ സമയവും ചിലവഴിച്ചിരുന്നതെങ്കിലും മനസ്സിലെ ചിന്തകളും ആഗ്രഹങ്ങളും അതിനുമപ്പുറത്തേക്ക് വളർന്നുകൊണ്ടിരുന്നു. ജോലിയിൽ പ്രവേശിച്ച അദ്ദേഹം കൽക്കട്ടയിലെ മദർ തെരേസയുടെ സഹോദരിമാരുടെ കൂടെ എയ്ഡ്സ് രോഗികളെ ശുശ്രൂഷിക്കുവാൻ സന്നദ്ധപ്രവർത്തകനായി പോയിത്തുടങ്ങിയിരുന്നു. രാത്രികാലങ്ങളിൽ പോലും ആരോരും നോക്കുവാനോ അന്വേഷിക്കുവാനോ ഇല്ലാതെ മരണാസന്നനായി കിടന്ന അനേകരുടെ മുൻപിൽ സ്നേഹദൂതനായി കോൺറാഡോ അവതരിച്ചു; അതും അഗതികളുടെ സഹോദരിമാരായ ഒരു കൂട്ടം സന്യാസിനിമാരുടെ കൂടെ!

ലിമയിലും പെറുവിലും കാസ്കൊയിലും സന്നദ്ധപ്രവർത്തകനായി ശുശ്രൂഷ ചെയ്തു. എന്നാൽ അവിടങ്ങളിൽ രോഗികളോടൊപ്പം തന്നെ തന്റെ കണ്ണുകളും ഹൃദയങ്ങളും നീട്ടേണ്ടുന്ന മറ്റു ചില മേഖലകളുമുണ്ടെന്നു മനസ്സിലായി. ചവറ്റുകൂനയിൽ നിന്നും ആർത്തിയോടെ ഭക്ഷണം കഴിക്കുന്ന ഒരുപാടു കുഞ്ഞുങ്ങൾ കോൺറാഡോയുടെ ഹൃദയത്തെ സ്നേഹത്താൽ വിലയ്‌ക്കെടുത്തു. “ഞാൻ അവർക്ക് ഭക്ഷണം വാങ്ങിക്കൊടുത്തു. അങ്ങനെ അവർ എന്റെ കൂടെ ചാപ്പലിൽ പ്രാർത്ഥിക്കുവാൻ വന്നു.”

അമ്മമാരുടെ സംരക്ഷണം

കുഞ്ഞിന് ജന്മം കൊടുക്കുന്ന സങ്കീർണ്ണതയെ അറിഞ്ഞ കാലം മുതൽ മാതൃത്വത്തിനു സംരക്ഷണം കൊടുക്കേണ്ട ആവശ്യകത ഞാൻ മനസ്സിലാക്കിയിരുന്നു. അതിനാൽത്തന്നെ ഈ ലോകത്തെ ഏറ്റവും വലിയ കാര്യങ്ങളിലൊന്നായ കുടുംബം എന്ന സാധ്യതയ്ക്കുവേണ്ടി പ്രവർത്തിക്കണമെന്ന് എനിക്കു തോന്നി. അങ്ങനെ കുടുബത്തിലെ CEO ആയ അമ്മമാരുടെ സംരക്ഷണം വളരെ അത്യാവശ്യമാണെന്ന് തിരിച്ചറിഞ്ഞു.

കുടുംബം എന്ന കമ്പനി മുമ്പോട്ടു കൊണ്ടുപോകണമെങ്കിൽ അവരെ കൂടുതൽ ശ്രദ്ധിക്കണമെന്നും സഹായിക്കണമെന്നും മനസ്സിലാക്കി. ഷേൻ സ്റ്റാറ്റ് മാതാവിന്റെ തീർത്ഥാടനകേന്ദ്രത്തിലേക്ക് നിരവധി തവണയാണ് ഞാൻ കാൽനടയായി തീർത്ഥാടനം നടത്തിയത്. ഈ പ്രത്യേക കാര്യത്തിനുവേണ്ടി ഞാൻ പ്രാർത്ഥിച്ചു. ഒരു നേരത്തെ ഭക്ഷണത്തിനുവേണ്ടി സ്വന്തം ശരീരത്തെ വിറ്റിരുന്ന ഒരു കൂട്ടം പെൺകുട്ടികളെ ചാപ്പലിൽ പ്രാർത്ഥിക്കുവാനായി എനിക്ക് ലഭിച്ചു. അങ്ങനെ വളരെ ചെറുപ്പത്തിൽ തന്നെ അമ്മമാരാകുവാൻ വിധിക്കപ്പെട്ട അവരെ സംരക്ഷിക്കുവാനും അവരിൽ ചിലരെയൊക്കെ ദൈവാലയത്തിലെ കാറ്റിക്കിസ്റ്റുകളായി സേവനം ചെയ്യുവാൻ നിയുക്തരാക്കുകയും ചെയ്തു. അങ്ങനെ കോർനാഡോ തന്റെ ഈ വലിയ ഉദ്യമം സ്‌പെയിനിലേക്ക് കൂടി വ്യാപിപ്പിച്ചു.

വളരെയധികം ദൂരമൊന്നും മുൻപോട്ട് പോകുവാൻ സാധിക്കില്ലെന്നായിരുന്നു ഞാൻ കരുതിയത്. എന്നാൽ ദൈവത്തിന്റെ അപാരമായ പ്രേരകശക്തി കൊണ്ടു മാത്രമാണ് ഇത് മുമ്പോട്ട് പോയത്. ശരിയായ ആളുകളെയാണ് അവിടുന്ന് തന്റെ പ്രവർത്തികൾക്ക് തിരഞ്ഞെടുക്കുക എന്ന് മനസ്സിലാക്കിത്തരികയായിരുന്നു ചെയ്തത്.

പിന്നീട് ഒരു ഫുഡ് ബാങ്ക് ആണ് കോൺറാഡോ ഉണ്ടാക്കിയെടുത്തത്. ‘ബേബീസ് ബാങ്ക്’ എന്ന കുട്ടികൾക്ക് ആവശ്യമായ സാധനങ്ങൾ ലഭ്യമാക്കുന്ന സംരംഭവും പിന്നീട് ആവശ്യമായി വന്നു. അതിനുശേഷമാണ് കുഞ്ഞുങ്ങളെപ്പോലെ തന്നെ അമ്മമാർക്കും പോഷകാഹാരങ്ങളും മറ്റ് അവശ്യവസ്തുക്കളും അനിവാര്യമാണെന്ന് മനസിലാക്കിയത്. അങ്ങനെ എല്ലാം ശേഖരിച്ച് വിതരണം ചെയ്യുവാൻ സാധിച്ചു. മോളിക്യൂലർ ബയോളജിസ്റ് ആണെങ്കിലും ബാങ്കിലെ ജോലിക്ക് ദൈവം നിയോഗിച്ചത് ഇതുപോലുള്ള ഒരു വലിയ ബാങ്കിങ് സംവിധാനം ആരംഭിക്കുന്നതിനാണെന്ന് കോൺറാഡോയ്ക്ക് മനസ്സിലായി.

ഗോഡ് മദർ ഫൌണ്ടേഷന്റെ ജനനം

ഒരു പെൺകുട്ടിയെ ആത്മഹത്യയുടെ വക്കിൽ നിന്ന് പ്രാർത്ഥിച്ച് രക്ഷപ്പെടുത്തിയ ഒരു സംഭവത്തിനു ശേഷമാണ് ഗോഡ് മദർ ഫൌണ്ടേഷൻ എന്ന സംഘടനയുടെ ജനനം. ആത്മഹത്യയുടെ വക്കിലെത്തിയ അവൾക്കായി രാത്രി മുഴുവൻ പ്രാർത്ഥിച്ച കോർണാഡോയ്ക്ക് പിറ്റേ ദിവസം രാവിലെ ഒരു ഇ-മെയിൽ ലഭിച്ചു. അതിലെ സന്ദേശം ഇപ്രകാരമായിരുന്നു: “എന്റെ പ്രിയപ്പെട്ട ഗോഡ് മദർ, എന്റെ സ്വപ്നം സഫലമായിരിക്കുന്നു.” അങ്ങനെയായിരുന്നു ദൈവം ആഗ്രഹിച്ച വലിയ മിഷന്റെ പേരിനു പിന്നിലെ സംഭവം.

അദ്ദേഹം കൈകാര്യം ചെയ്ത ആദ്യത്തെ കേസ് ആയിരുന്നു അത്. അന്ന് 14 വയസ്സുണ്ടായിരുന്ന ആ പെൺകുട്ടിക്ക് ഇപ്പോൾ 30  വയസ്സ് പ്രായമുണ്ട്. കൂടാതെ ഒൻപത് മക്കളുടെ അമ്മയും കൂടിയാണ് അവൾ. കോൺറാഡോയെ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾക്ക് സഹായിക്കുകയും ചെയ്യുന്നുണ്ട്. കുട്ടികൾക്കും അമ്മമാർക്കുമായി ഒരു അഭയകേന്ദ്രം സ്ഥാപിക്കുകയും 30 -ഓളം അമ്മമാരെയും കുഞ്ഞുങ്ങളെയും സംരക്ഷിക്കുകയും ചെയ്തുവരുന്നു.

ഈ സംരംഭത്തിന് പത്തു വർഷങ്ങൾക്കുശേഷം കോൺറാഡോയ്ക്ക് നിരവധി ഗോഡ് മദർമാരെയും സഹപ്രവർത്തകരെയും  ലഭിച്ചു. കഴിഞ്ഞ വർഷം മാത്രം സഹായത്തിനായി 3,20,000 അഭ്യർത്ഥനകൾ ലഭിക്കുകയും ദിനംപ്രതി ഏകദേശം 4,000 കേസുകളും ലഭിക്കുന്നു. ഭക്ഷണത്തിന് വളരെയധികം ആവശ്യമുണ്ട്. കോവിഡ് ഒരു വലിയ പ്രതിസന്ധിയായിരുന്നെകിൽ കൂടിയും അവർ രക്ഷിച്ച കുഞ്ഞുങ്ങൾ തന്നെയായിരുന്നു അവരുടെ മുതൽക്കൂട്ടും. ഫുഡ് ബാങ്ക് നിരവധിയാളുകളുടെ ജീവനാണ് തിരികെ തന്നത്. കോവിഡ് പകർച്ചവ്യാധി സമയത്തു മാത്രം 1500 ഗർഭിണികളായ സ്ത്രീകളെ സംരക്ഷിച്ചു. 10,000 കുഞ്ഞുങ്ങളെ സംരക്ഷിച്ചു.

20 വർഷം മുമ്പു നടന്ന ഒരു അപകടം അനേകായിരം ആളുകളുടെ ജീവിതത്തിലേക്കുള്ള തിരിച്ചുവരവിനു കാരണമായി. അതിനാൽ തന്നെ ഒരു കാര്യം വ്യക്തമാണ്, പരിശുദ്ധ അമ്മയുടെ വ്യക്തമായ സംരക്ഷണയില്ലാതെ ഇത് അസാധ്യമാണ്.  മാതൃത്വത്തോടും പരിശുദ്ധ അമ്മയോടുമുള്ള സ്നേഹത്തിന് ദൈവം നൽകിയ തെളിവാണ് ഈ പദ്ധതി. പവിത്രമായ ഈ ആശയത്തെ നടപ്പിൽ വരുത്തുവാൻ കോൺറാഡോയെ ദൈവത്തിന്റെ കൈയ്യിലെ ഒരു ഉപകരണമാക്കി മാറ്റുകയായിരുന്നു. 20 വർഷത്തിനിടെ ഒന്നര ദശലക്ഷം കുട്ടികളെ സഹായിക്കുവാൻ സാധിച്ച കോൺറാഡോയ്ക്ക് എളിമയുടെ തെളിമ ദൈവം ഓരോ ദിവസവും നൽകിക്കൊണ്ടിരിക്കുന്നു. ഒരു അപകടത്തിൽ നിന്നുണ്ടായ നേർക്കാഴ്ച ഒരുപാട് ജീവിതങ്ങളുടെ തുണയാക്കി ദൈവം മാറ്റിയെടുക്കുകയായിരുന്നു. തന്മാത്രകളുടെ ലോകത്തു നിന്ന് കൊടുക്കൽവാങ്ങൽ എന്ന ബൃഹത്തായ നന്മയെയാണ് സ്നേഹബാങ്കായി കോൺറാഡോ മാറ്റിയത്.

സുനീഷ നടവയൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.