സ്വപ്നങ്ങള്‍

ജീവിതത്തെക്കുറിച്ച് ഏറെ സ്വപ്നങ്ങള്‍ അയാള്‍ക്കുണ്ടായി രുന്നു. പക്ഷേ, ഇന്ന് അയാള്‍ സ്വപ്നം കാണാതെയായി. മറ്റാരുടെയൊക്കെയോ സ്വപ്നങ്ങളിലാണ് ഇന്ന് അയാളുടെ ജീവിതം. കുഞ്ഞുനാളിലെ മനസ്സില്‍ സൂക്ഷിച്ച സ്വപ്നങ്ങള്‍ പലതും ഓര്‍മ്മയില്‍ മറഞ്ഞു.

കാലത്തിന്‍റെ വഴികളില്‍ പിന്നെയും നൂറായിരം സ്വപ്നങ്ങളോടിയെത്തി. ചിലതൊക്കെ പൂവണിഞ്ഞു, ചിലതൊക്കെ നഷ്ടസ്വപ്നങ്ങളായ് വഴിയിലവശേഷിച്ചു. ചിലതൊക്കെ ഇനിയും മനസ്സിനെ ഉണര്‍ത്തുന്നു. അങ്ങനെ നീളുന്നുവത്രേ അയാളുടെ സ്വപ്നങ്ങള്‍. ഭാഗ്യനിര്‍ഭാഗ്യങ്ങളാണ് പലപ്പോഴും സ്വപ്നങ്ങളുടെ സന്തത സഹചാരിയെന്നത് ജീവിതത്തിലെ അനുഭവങ്ങള്‍ അയാളെ പഠിപ്പിച്ച സത്യമായിരുന്നു.

എന്തായാലും നിര്‍ഭാഗ്യങ്ങളായിരുന്നു അയാളുടെ സ്വപ്നങ്ങളുടെ സഹയാത്രികര്‍. പലരുടെയും സ്വപ്നങ്ങളെ ഭാഗ്യദേവത കടാക്ഷിക്കുമ്പോള്‍ അയാള്‍ പിന്നെയും സ്വപ്നം കാണുമായിരുന്നു. പക്ഷേ, ഇന്ന് അയാള്‍ സ്വപ്നം കാണാതെയായി. നാളെയുടെ ഓര്‍മ്മകള്‍ മനസ്സില്‍ നിന്ന് ഓടിയകന്നുവെന്ന തോന്നല്‍. ഇന്നലെകളിലെ കുറെ ഓര്‍മ്മകള്‍, ഇന്നിന്‍റെ ജോലിഭാരങ്ങള്‍, ജീവിതം ചുമലിലേറ്റിയ കുറേ ഭാണ്ഡങ്ങള്‍ എല്ലാം മറ്റാരുടെയോ സ്വപ്നങ്ങള്‍. അങ്ങനെ അയാള്‍ മറ്റാരുടെയോ സ്വപ്നത്തിന്‍റെ പണിക്കാരനായി തീര്‍ന്നുവെന്ന തോന്നല്‍ അയാളുടെ മനസ്സിനെ തളര്‍ത്താന്‍ തുടങ്ങി.

അങ്ങനെയിരിക്കെ ഒരുനാള്‍ അയാള്‍ തന്‍റെ യജമാനന്‍റെ സ്വപ്നങ്ങളിലൂടെ സഞ്ചരിക്കുമ്പോള്‍ പെട്ടെന്ന് മനസ്സിന് ഒരു ഉണര്‍വ്വ് അനുഭവപ്പെട്ടു. തന്‍റെ യജമാനന്‍റെ സ്വപ്നങ്ങളുടെ പണിക്കാരന്‍ മാത്രമായിരുന്നില്ല താന്‍ എന്ന തോന്നല്‍. വാസ്തവത്തില്‍ താനായിരുന്നു തന്‍റെ യജമാനന്‍റെ സ്വപ്നങ്ങളുടെ കാവല്‍ക്കാരന്‍. തന്‍റെ സ്വപ്നങ്ങളായിരുന്നു മറ്റൊരുവിധത്തില്‍ പൂര്‍ത്തിയാക്കപ്പെട്ടത്. അവിടെ നായകന്‍റെ വേഷങ്ങള്‍ തനിക്കില്ലെങ്കിലും സംവിധായകന്‍ താന്‍ തന്നെയായിരുന്നു.

നിര്‍ഭാഗ്യങ്ങളെന്നും കൂടെ നടന്ന പ്പോള്‍ തിരിച്ചറിഞ്ഞില്ല തന്‍റെ സ്വപ്നങ്ങള്‍ എന്നതാണ് സത്യം. വീണ്ടും മനസ്സില്‍ സ്വപ്നങ്ങളോടിയെത്തി. ഓര്‍മ്മയുടെ വഴികളില്‍ മറന്നിട്ട പല സ്വപ്നങ്ങളും പുതിയ വേഷഭൂഷാദികള്‍ അണിഞ്ഞ് മനസ്സില്‍ ഇടം പിടിച്ചു. ഭാഗ്യം തന്‍റെയും സ്വപ്നങ്ങളുടെ സഹയാത്രികനായെത്തുമെന്നുമുള്ള ഒരു ഉറപ്പ് അയാളുടെ സ്വപ്നങ്ങളിലുണര്‍ന്നു. അങ്ങനെ കുറെ ദൂരങ്ങള്‍ക്കൊടുവിലൊരുനാള്‍ അയാളുടെ സ്വപ്നങ്ങളും പൂവണിഞ്ഞു. പിന്നെയൊരിക്കലും നിര്‍ഭാഗ്യം അയാളുടെ സ്വപ്നങ്ങളോടൊത്ത് സഞ്ചരിക്കാനെത്തിയില്ല അത്രേ. എന്നും പൂവണിയുന്ന സ്വപ്നങ്ങള്‍, എങ്കിലും പിന്നോട്ടു നോക്കുമ്പോള്‍ ഏറെ നാളത്തെ കാത്തിരിപ്പുണ്ട്, നിര്‍ഭാഗ്യങ്ങളോടൊത്തുള്ള വഴിയാത്രയുണ്ട്, സങ്കടങ്ങളും അധ്വാനവുമുണ്ട്. ഇന്നലെകളിലെ നിര്‍ഭാഗ്യങ്ങള്‍ പലതും വഴിയാത്രയില്‍ ഭാഗ്യങ്ങളായി മാറി എന്നതും സത്യം തന്നെ.

ഇന്ന് അയാള്‍ക്ക് ഒരേയൊരു സ്വപ്നമേ ഉള്ളൂ. അനേകരുടെ സ്വപ്നങ്ങളോടൊത്ത് ഭാഗ്യദേവതയായി കൂടെ സഞ്ചരിക്കുക, നിര്‍ഭാഗ്യങ്ങളോടൊത്ത് സ്വപ്നവഴിയില്‍ നടന്നുനീങ്ങുന്നവര്‍ക്ക് ഭാഗ്യദേവതയെ കാട്ടിക്കൊടുക്കുക. അങ്ങനെ അയാള്‍ ഏറെദൂരങ്ങള്‍ തന്‍റെ സ്വപ്നവഴിയില്‍ ഭാഗ്യദേവതയൊടൊത്ത് സഞ്ചരിച്ചു. കൂടെ നടന്നവര്‍ക്കൊക്കെ തങ്ങളുടെ സ്വപ്നങ്ങള്‍ പൂവണിയുന്നുവെന്ന തോന്നല്‍…

മാക്കിച്ചൻ (ഫാ. അനീഷ് മാക്കിയിൽ)

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.