ലേഖനങ്ങള്‍ മോഷ്ടിക്കപ്പെടുമ്പോള്‍ 

കത്തോലിക്കാസഭ കേരളത്തിലെ വെള്ളപ്പൊക്ക കെടുതിയില്‍ എന്തൊക്കെ നല്ല കാര്യങ്ങള്‍ ചെയ്തു എന്നറിയാന്‍, കേരളത്തിലെ മിക്ക രൂപതകളിലും വെള്ളപ്പൊക്ക ബാധിത ഇടവകകളിലും വിളിച്ച് ഫീച്ചറുകള്‍ തയ്യാറാക്കുകയായിരുന്നു ഇന്ന് രാവിലെ മുതല്‍ ഞങ്ങള്‍ ലൈഫ് ഡേ – യുടെ അഞ്ച് ജേര്‍ണലിസ്റ്റുകള്‍. ഇന്നലെയേ പ്ലാന്‍ ചെയ്തതാണ്.  പണി ഏതാണ്ട് ഒന്ന് ഒതുങ്ങിയപ്പോള്‍ രാത്രി 7.30. സഭ ചെയ്യുന്ന വന്‍കാര്യങ്ങളെക്കുറിച്ച് നിരവധി സ്റ്റോറികള്‍ ചെയ്തു.

വീണ്ടും രാത്രി 9.30 -ന് ‘ഫേസ് ബുക്ക്’ നോക്കുകയായിരുന്നു. അപ്പോള്‍ അതാ ഞാന്‍ എഴുതിയ ഒരു ലേഖനം, ഫേസ് ബുക്കില്‍ വേറൊരു വെബ്സൈറ്റ്കാര്‍ അപ്ലോഡ് ചെയ്തിരിക്കുന്നു. അങ്ങനെ വരാന്‍ വഴിയില്ലല്ലോ! വീണ്ടും നോക്കി. ശരിയാണ്. ഞാന്‍ എഴുതിയ ലേഖനം തന്നെ. ഒന്നല്ല, പലത്. അവരുടെ സൈറ്റില്‍ കയറി നോക്കി. ഞങ്ങളുടെ ജേര്‍ണലിസ്റ്റുകള്‍, ഞങ്ങളുടെ  സൈറ്റിനു വേണ്ടി എഴുതിയ എല്ലാ സ്റ്റോറികളും മോഷ്ടിക്കപ്പെട്ടിരിക്കുന്നു. ഒരു കടപ്പാടും ഒരിടത്തും വച്ചിട്ടില്ല. ടൈറ്റിലോ ഫോട്ടോയോ മാറ്റിയിട്ടും ഇല്ല. ആ  സൈറ്റിലെ മറ്റു ലേഖനങ്ങള്‍ നോക്കി. ഞങ്ങളുടെ ഏതാണ്ട് എല്ലാ നല്ല ലേഖനങ്ങളും അവിടെ അതേ പടി കിടക്കുന്നു. മറ്റു ചില  സൈറ്റുകളുടെ മാറ്ററുകളും അതേ പടി കിടപ്പുണ്ട്. ഒരു ചെറിയ കടപ്പാട് പോലും വച്ചിട്ടില്ല. ഇത് മോഷണം അല്ലേ? ലൈഫ് ഡേ ഓണ്‍ ലൈന്‍ – ന്റെ (www.lifeday.online) ഇന്നത്തെ ലേഖനങ്ങള്‍ എല്ലാം മറ്റൊരു സൈറ്റ് അടിച്ചുമാറ്റിയ സംഭവമാണ് പറയുന്നത്.

പെട്ടന്ന് കോപ്പി ചെയ്യാതിരിക്കാന്‍ സൈറ്റ് -ലെ മാറ്ററുകള്‍ എല്ലാം ലോക്ക് ചെയ്താണ് ഇട്ടിരിക്കുന്നത്. അത് ഓപ്പണ്‍ ചെയ്താണ് ‘ഈ മാധ്യമ പ്രവര്‍ത്തനം’ എന്നോര്‍ക്കുമ്പോഴാണ്‌ അതിന്റെ ഉദ്ദേശ ശുദ്ധി സംശയിക്കപ്പെടുന്നതും നടത്തിയ കള്ളത്തരത്തിന്റെ കാഠിന്യം വെളിവാകുന്നതും. എന്നുവച്ചാല്‍ ഇത് നടത്തിയാണ്  പ്രൊഫഷനല്‍ സൈബര്‍ കള്ളന്‍ എന്ന് ചുരുക്കം!

മാധ്യമ ധാര്‍മ്മികത എന്നൊരു കാര്യം ഉണ്ട് എന്ന് പലര്‍ക്കും അറിയില്ല. കൂടുതല്‍ പേരിലേയ്ക്ക് എത്തിക്കാനാണ് ഞങ്ങള്‍ ചെയ്യുന്നത് എന്നൊരു ന്യായം മറുപടിയായി പറയാറുണ്ട്. ജേര്‍ണലിസ്റ്റുകളെ വച്ച്, ശമ്പളം നല്‍കി, അധ്വാനിച്ച്, ദിവസങ്ങള്‍ എടുത്ത്, പ്രൊഫഷണല്‍ ആയി ചെയ്യുന്ന സ്റ്റോറികള്‍ കേവലം അഞ്ച് മിനിറ്റുകള്‍ കൊണ്ട് അടിച്ചുമാറ്റി, സ്വന്തം പേരിലാക്കുന്നതിന് (ആദ്യം  സൈറ്റ് – ല്‍  അപ്ലോഡ്  ചെയ്ത് പിന്നെ  ഫേസ് ബുക്കില്‍ ഷെയര്‍ ചെയ്ത്) ‘മോഷണം’ എന്നാണ് വിളിക്കുന്നത്‌. അന്യന്റെ പറമ്പിലെ സാധനങ്ങള്‍ അവന്‍ അറിയാതെ മോഷ്ടിച്ച് പൊതു വഴിയില്‍ വച്ച് വിറ്റിട്ട്, ഞങ്ങള്‍ ‘കൂടുതല്‍ പേരിലേയ്ക്ക് എത്തിക്കുകയാണ്’ എന്ന് പറയരുത്. അത് രാജ്യത്തിന്‍റെ നിയമത്തിനു വിരുദ്ധമാണ്.

ലൈഫ് ഡേ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.