ആരാണ് ലൂസിഫര്‍? എന്താണ് ആ പേരിനര്‍ത്ഥം?

ലൂസിഫര്‍ എന്ന പേര് എല്ലാവര്‍ക്കും പരിചിതമാണ്. എന്നാല്‍ ആ പേരിന് പിന്നിലുള്ള കാര്യങ്ങളെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ. ആ പേരിന്റെ ഉത്ഭവം, അര്‍ത്ഥം തുടങ്ങിയ കാര്യങ്ങള്‍? മിത്രത്തെ എന്നപോലെ ശത്രുവിനെയും മനസ്സിലാക്കിയിരിക്കണം എന്നുള്ളതിനാല്‍ ഈ വാക്കിനെക്കുറിച്ചും ചില കാര്യങ്ങള്‍ അറിയേണ്ടതുണ്ട്..

പ്രകാശം വഹിക്കുന്നവന്‍ എന്നര്‍ത്ഥമുള്ള ലാറ്റിന്‍ വാക്കാണ് ലൂസിഫര്‍ എന്നത്. പ്രകാശ താരകം എന്നര്‍ത്ഥമുള്ള വീനസ് (ശുക്രന്‍) എന്ന വാക്കിന്റെ പര്യായം. എന്നാല്‍ ഈ വാക്ക് പിന്നീട് സാത്താനെ വിശേഷിപ്പിക്കാന്‍ ഉപയോഗിച്ചതെങ്ങനെയെന്നതിന് പഴയ നിയമത്തില്‍ ഒരു ഭാഗത്ത് ഉത്തരം ലഭിക്കുന്നുണ്ട്.

‘ഉഷസ്‌സിന്റെ പുത്രനായ പ്രഭാതനക്ഷത്രമേ, നീ എങ്ങനെ ആകാശത്തുനിന്നു വീണു! ജനതകളെ കീഴടക്കിയിരുന്ന നിന്നെ എങ്ങനെ തറയില്‍ വെട്ടിവീഴ്ത്തി!
നീ തന്നത്താന്‍ പറഞ്ഞു: ഞാന്‍ സ്വര്‍ഗത്തിലേക്കു കയറും. ഉന്നതത്തില്‍ ദൈവത്തിന്റെ നക്ഷത്രങ്ങള്‍ക്കുപരി എന്റെ സിംഹാസനം ഞാന്‍ സ്ഥാപിക്കും. ഉത്തരദിക്കിന്റെ അതിര്‍ത്തിയിലെ സമാഗമപര്‍വതത്തിന്റെ മുകളില്‍ ഞാനിരിക്കും; ഉന്നതമായ മേഘങ്ങള്‍ക്കു മീതേ ഞാന്‍ കയറും. ഞാന്‍ അത്യുന്നതനെപ്പോലെ ആ കും. എന്നാല്‍, നീ പാതാളത്തിന്റെ അഗാധഗര്‍ത്തത്തിലേക്കു തള്ളിയിടപ്പെട്ടിരിക്കുന്നു. (ഏശയ്യാ 14 : 1215)’.

വീണ്ടും പുതിയ നിയമത്തില്‍ വി. ലൂക്കായുടെ സുവിശേഷത്തിലും ഇതിന് വ്യക്തത ലഭിക്കുന്നുണ്ട്. ‘അവന്‍ പറഞ്ഞു: സാത്താന്‍ സ്വര്‍ഗത്തില്‍നിന്ന് ഇടിമിന്നല്‍പോലെ നിപതിക്കുന്നതു ഞാന്‍ കണ്ടു. (ലൂക്കാ 10 : 18)’.

ദൈവത്തിനെതിരെ തിരിയുന്നതിന് മുമ്പ് ഏറ്റവും ശോഭയേറിയ മാലാഖയായിരുന്നു ലൂസിഫറെന്നത് ഈ വചനങ്ങള്‍ കൂടാതെ നിരവധി സഭാ ചരിത്രങ്ങളിലും പറയുന്നുണ്ട്. ഏതായാലും ദൈവത്തെ എതിര്‍ത്ത് സ്വര്‍ഗത്തില്‍ നിന്ന് പുറന്തള്ളപ്പെട്ടവനെന്ന നിലയില്‍ ക്രൈസ്തവരെ സംബന്ധിച്ച് ഒട്ടും സ്വീകാര്യമല്ലാത്ത നാമമാണ് ഇന്ന് ലൂസിഫര്‍.