ദിവ്യകാരുണ്യഭക്തി വര്‍ദ്ധിപ്പിക്കാം ഈ മാര്‍ഗ്ഗങ്ങളിലൂടെ…

വിശുദ്ധ കുര്‍ബാനയില്‍ അപ്പവും വീഞ്ഞും ഈശോയുടെ തിരുശരീര-രക്തങ്ങളായി മാറുന്നുവെന്നത് കത്തോലിക്കാ സഭയുടെ അടിസ്ഥാനപരമായ വിശ്വാസമാണ്. എന്നാല്‍ അടുത്തിടെ പ്യു റിസേര്‍ച്ച് സെന്റെര്‍ നടത്തിയ പഠനങ്ങള്‍ കത്തോലിക്കരില്‍ മുഴുവന്‍ ആശങ്ക ഉയര്‍ത്തിയിരിക്കുകയാണ്. അമേരിക്കയില്‍ ദിവ്യകാരുണ്യത്തിലെ ഈശോയുടെ സാന്നിധ്യത്തിൽ വിശ്വസിക്കുന്ന കത്തോലിക്കരുടെ എണ്ണത്തിലുള്ള ഗണ്യമായ കുറവ് സഭാവിശ്വാസികളുടെ വിശ്വാസ അധഃപതനത്തിലേയ്ക്കാണ് വിരൽചൂണ്ടുന്നത്.

പുതിയ പഠനങ്ങൾ അമേരിക്കയിലേതു മാത്രമാണെങ്കിലും സമീപഭാവിയിൽ മറ്റു രാജ്യങ്ങളിലും ഈ അവസ്ഥ ഉണ്ടാകാതിരിക്കണമെന്നില്ല. അതിനാൽ, കുഞ്ഞുങ്ങളിൽ തുടങ്ങി വിശ്വാസത്തിന്റെ ശക്തമായ അടിത്തറ പാകിത്തുടങ്ങണം. ദിവ്യകാരുണ്യഭക്തി കുഞ്ഞുങ്ങളിലും കുടുംബാംഗങ്ങളിലും വളർത്തുവാൻ സഹായിക്കുന്ന ഏതാനും മാർഗ്ഗങ്ങൾ ഇതാ…

1. ദിവ്യകാരുണ്യഭക്തി വർദ്ധിപ്പിക്കാൻ ഇടയാക്കുന്ന തരത്തിലുള്ള വിഷയങ്ങൾ ചർച്ച ചെയ്യാം

ദിവ്യകാരുണ്യത്തിലെ  ഈശോയുടെ സാന്നിധ്യത്തെയും ആ സാന്നിധ്യത്തിന്റെ അത്ഭുതകരമായ സംരക്ഷണത്തെക്കുറിച്ചും കുടുംബങ്ങളിൽ സംസാരിക്കുന്നതും കുട്ടികളോട് പങ്കുവയ്ക്കുന്നതും ദിവ്യകാരുണ്യഭക്തിയിലേയ്ക്ക് എല്ലാവരെയും വളർത്തുന്നതിന് കാരണമാകും. വിശുദ്ധ കുർബാനയ്ക്കായി കുഞ്ഞുങ്ങളെ അയയ്ക്കുമ്പോൾ, അപ്പവും വീഞ്ഞും വിശുദ്ധ കുർബാനയിൽ ഈശോയുടെ തിരുശരീര-രക്തങ്ങളായി മാറുന്നുവെന്നും അതിനാൽ തന്നെ ഏറ്റവും ഭക്തിയോടെ ആയിരിക്കണം എന്നും ഓർമ്മിപ്പിച്ചു വിടുന്നതും ഉചിതമാണ്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ധാരാളം ദിവ്യകാരുണ്യ അത്ഭുതങ്ങൾ നടക്കുന്നുണ്ട്. ഈ ദിവ്യകാരുണ്യ അത്ഭുതങ്ങളെക്കുറിച്ച് വീടുകളിൽ സംസാരിക്കുകയും അതുമായി ബന്ധപ്പെട്ട വീഡിയോയും ചിത്രങ്ങളും കുട്ടികളെ കാണിക്കുകയും ചെയ്യാം. ഇത് അവരെ ദിവ്യകാരുണ്യഭക്തിയിൽ നിലനിൽക്കുന്നതിനും ഓർമ്മയിൽ സൂക്ഷിക്കുന്നതിനും കാരണമാകും.

കൂടാതെ വിശുദ്ധ കുർബാനയിൽ, ദിവ്യകാരുണ്യത്തിന്റെ മുമ്പിൽ പ്രാർത്ഥിച്ചപ്പോൾ ഉണ്ടായ അനുഭവങ്ങൾ, ജീവിതത്തിൽ സംഭവിച്ച മാറ്റങ്ങൾ തുടങ്ങിയവയും പങ്കുവയ്ക്കാം.  ഇതെല്ലാം, ഏതു പ്രതിസന്ധിയിലും ദിവ്യകാരുണ്യത്തിൽ അഭയം കണ്ടെത്താൻ കഴിയുന്ന ഒരു തലമുറയെ വാർത്തെടുക്കാൻ സഹായിക്കും.

2. സാമൂഹ്യമാധ്യമങ്ങളിൽ ദിവ്യകാരുണ്യവിശ്വാസം പങ്കുവയ്ക്കാം

ഇന്ന് ഏറ്റവുമധികം ആളുകൾ ആശയവിനിമയം നടത്തുന്നതും സമയം ചിലവിടുന്നതും സാമൂഹ്യമാധ്യമങ്ങളിലാണ്. അതിനാൽ തന്നെ ഈ സാധ്യതയെ ദിവ്യകാരുണ്യഭക്തിയും വിശ്വാസവും വർദ്ധിപ്പിക്കുന്നതിനുള്ള ഉപകാരണമാക്കി മാറ്റാൻ കഴിയും. നമ്മുടെ ആദ്യകുർബാന സ്വീകരണത്തിന്റെ വാർഷികം ആഘോഷിക്കുക, ഫോട്ടോകൾ പോസ്റ്റ് ചെയ്യുക, ദിവ്യകാരുണ്യ അത്ഭുതങ്ങൾ, അനുഭവങ്ങൾ തുടങ്ങിയവ ഷെയർ ചെയ്യുക, അത്തരം കാര്യങ്ങൾ പങ്കുവയ്ക്കാൻ സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും പ്രോത്സാഹിപ്പിക്കുക തുടങ്ങിയ കാര്യങ്ങളിലൂടെ സാമൂഹ്യമാധ്യമങ്ങളെ ദിവ്യകാരുണ്യഭക്തി പ്രചരിപ്പിക്കുന്നതിനുള്ള വേദികളാക്കാം.

3. ദിവ്യകാരുണ്യവുമായി വ്യക്തിപരമായ ബന്ധം സ്ഥാപിക്കുക

നമുക്ക് അനേകം കാര്യങ്ങൾ പറയാൻ കഴിയും ദിവ്യകാരുണ്യഭക്തിയെക്കുറിച്ചും അത്ഭുതങ്ങളെക്കുറിച്ചും. എന്നാൽ, അതിനു ആദ്യം നമ്മിൽ ദിവ്യകാരുണ്യ ഈശോയുമായി ആഴമായ ഒരു ബന്ധം ഉണ്ടാകണം . അനുദിനം വിശുദ്ധ കുർബാനയിൽ പങ്കെടുത്തും ഇടയ്ക്കിടെ ദിവ്യകാരുണ്യ സന്ദർശനം നടത്തിയും ഇടവേളകളിൽ ദിവ്യകാരുണ്യ ഈശോയുമായി സംസാരിക്കുവാൻ സമയം കണ്ടെത്തിയും ഈശോയുമായുള്ള ആഴവും വ്യക്തിപരവുമായ ബന്ധത്തിലേയ്ക്ക് നമുക്ക് വളരാം. ഇത് കാണുന്ന ആളുകളിൽ, നമ്മൾ പറയുന്നതിന് കൂടുതൽ വില ഉണ്ടാവുകയും അവരും ദിവ്യകാരുണ്യ ഈശോയിലേയ്ക്ക് വളരുകയും ചെയ്യും.

4. മാദ്ധ്യസ്ഥ്യം തേടാം

ദിവ്യകാരുണ്യഭക്തിയിൽ ഉറച്ചുനിൽക്കുന്നതിനായി വിശുദ്ധരോടും രക്തസാക്ഷികളോടും മാദ്ധ്യസ്ഥ്യം തേടാം. ദിവ്യകാരുണ്യ വിശുദ്ധരായി  അറിയപ്പെടുന്ന വി. ഫിലിപ്പ് നേരി, വി. തോമസ് അക്വീനാസ്, വി. അന്തോണീസ്, ധന്യൻ ഫുൾടൺ ജെ. ഷീൻ തുടങ്ങിയവരോടും സഭയിലെ മറ്റനേകം വിശുദ്ധരോടും മാദ്ധ്യസ്ഥ്യം യാചിച്ച്‌ നമുക്കും മറ്റുള്ളവർക്കും വേണ്ടി പ്രാർത്ഥിക്കാം.