

ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ,
“പിന്നെ, അവൻ മലമുകളിലേക്ക് കയറി തനിക്ക് ഇഷ്ടമുള്ളവരെ അടുത്തേക്ക് വിളിച്ചു. അവർ അവന്റെ സമീപത്തേക്ക് ചെന്നു. തന്നോടു കൂടി ആയിരിക്കുന്നതിനും പ്രസംഗിക്കാൻ അയയ്ക്കുന്നതിനും പിശാചുക്കളെ ബഹിഷ്‌ക്കരിക്കാൻ അധികാരം നല്കുന്നതിനുമായി അവൻ പന്ത്രണ്ടു പേരെ നിയോഗിച്ചു”(മർക്കോ. 3:13-15).
ഒരു വ്യാഴാഴ്ച്ച ദിവസം വൈകുന്നേരം വിശുദ്ധ കുർബാനയെ തുടർന്നുള്ള ദിവ്യകാരുണ്യ ആരാധനയ്ക്കു ശേഷം ഞാൻ പതിവുപോലെ ഓരോരുത്തരുടെയും തലയിൽ കൈകൾ വച്ച് പ്രാർത്ഥിക്കുമ്പോൾ പതിനേഴ് വയസ്സ് പ്രായമുള്ള ഒരു പെൺകുട്ടി പുറകിലേക്ക് മറിഞ്ഞുവീണു. എല്ലാവരുടെയും തലയിൽ കൈകൾ വച്ച് പ്രാർത്ഥിച്ചശേഷം ഞാൻ ആ പെൺകുട്ടിയുടെ അരികിൽ പോയി ദീർഘനേരം പ്രാർത്ഥിക്കാൻ തുടങ്ങിയപ്പോൾ അവളിലെ അശുദ്ധാത്മാവ് ബഹളം വയ്ക്കാനും ആർത്തട്ടഹസിക്കാനും എന്നെ ആക്രമിക്കാനും തുടങ്ങി. 33 വിശ്വാസപ്രമാണം ചൊല്ലി പ്രാർത്ഥിച്ചശേഷം സമ്പൂർണ്ണ ജപമാല ചൊല്ലി, ബന്ധനപ്രാർത്ഥന ചൊല്ലി. ഒത്തിരി വൈകിയതു കാരണം വിശുദ്ധ കുർബാന എടുത്തുകൊണ്ടു വന്ന് അവളുടെ ശിരസ്സിൽ വച്ചു പ്രാർത്ഥിച്ചപ്പോൾ ആ പെൺകുട്ടിയിൽ നേരിയ പുരോഗതിയുണ്ടായി. അവളെ വീട്ടിലേക്ക് പറഞ്ഞയച്ചു.
പിറ്റേ ദിവസം വെള്ളിയാഴ്ചയുള്ള വിശുദ്ധ കുർബാനയിലും ദിവ്യകാരുണ്യ ആരാധനയിലും ആ മകളെ കൂട്ടിക്കൊണ്ടു വരാൻ ഞാൻ മാതാപിതാക്കളോട് നിർദ്ദേശിച്ചു. വിശുദ്ധ കുർബാനക്ക് വന്നെങ്കിലും വളരെ അസ്വസ്ഥയായിരുന്നു ആ മകൾ. വിശുദ്ധ കുർബാനയിൽ അലക്ഷ്യമായി വിശുദ്ധ കുർബാനയെ അവഹേളിക്കുന്ന രീതിയിൽ ചിരിച്ചും പിറുപിറുത്തും കൊണ്ട് അവൾ ദൈവാലയത്തിൽ തുടർന്നു. അവളുടെ ഇരുവശത്തുമായി ഇരുന്നുകൊണ്ട് മാതാപിതാക്കൾ നന്നേ ശ്രമപ്പെട്ടാണ് അവളെ പിടിച്ചിരുത്തിയിരുന്നത്.
വിശുദ്ധ കുർബാന സ്വീകരണ സമയമായപ്പോൾ ഞാൻ മദ്ബഹയിൽ നിന്നും യേശുവിന്റെ തിരുശരീരവും തിരുരക്തവും വഹിച്ചുകൊണ്ട് ബേമയിലേക്കു വരുമ്പോൾ അതുവരെ ഒരുവിധം ശാന്തമായിരുന്ന അവൾ ഒരുപാട് അസ്വസ്ഥയായി. ഒരു കാലിന്റെ മേൽ മറ്റൊരു കാൽ കയറ്റിവച്ച് ഇരുന്നുകൊണ്ട് വിശുദ്ധ കുർബാനയുടെ നേരെ നോക്കി എന്തൊക്കെയോ പിറുപിറുത്തു.
അന്നേ ദിവസമുള്ള ദിവ്യകാരുണ്യ ആരാധനക്കു ശേഷം അവൾക്കു വേണ്ടി പ്രാർത്ഥിച്ചപ്പോൾ പഴയതു പോലുള്ള എല്ലാ ലക്ഷണങ്ങളും അവൾ പ്രകടിപ്പിച്ചു. ദീർഘനേരം പ്രാർത്ഥിച്ചപ്പോൾ സാധാരണഗതിയിലായി. അന്നേ ദിവസം രാത്രി തന്നെ ഞാൻ രൂപതയിലെ ധ്യാനകേന്ദ്രത്തിന്റെ ഡയറക്ടർ അച്ചനെ വിളിച്ച് കാര്യങ്ങൾ ധരിപ്പിച്ചു. ഞാൻ കൂടുതലായി ത്യാഗമെടുത്ത് നല്ലവണ്ണം ഒരുങ്ങി ഒരു കുമ്പസാരമൊക്കെ നടത്തി, അഭിവന്ദ്യ പിതാവിൽ നിന്നും പ്രത്യേകമായ ശ്ലൈഹീക ആശീർവാദം സ്വീകരിച്ചു.
ആദ്ധ്യാത്മികമായി നല്ലവണ്ണം ഒരുങ്ങി 5 ദിവസങ്ങൾക്കു ശേഷം ആ ധ്യാനകേന്ദ്രത്തിൽ എത്തി. ഞാനും ഡയറക്ടർ അച്ചനും കൂടെ വിശുദ്ധ കുർബാന എഴുന്നള്ളിച്ചു വച്ച് ആ മകൾക്കു വേണ്ടി ഏകദേശം 3 മണിക്കൂറോളം പ്രാർത്ഥിച്ചുകഴിഞ്ഞപ്പോൾ അവളിലെ ദുരാത്മാവ് പൂർണ്ണമായും ആ മകളെ വിട്ടുപോയി.
പരിശുദ്ധ അമ്മ എന്റെ കൂടെ എല്ലാ നേരങ്ങളിലും ഉണ്ട്. ഞാൻ എന്റെ ജീവിതവഴിത്താരയിൽ അനുഭവിച്ചറിഞ്ഞ ഒരു യാഥാർത്ഥ്യമാണത്. തിന്മക്കെതിരായ നിരന്തര പോരാട്ടത്തിൽ നമ്മെ വിജയത്തിലെത്തിക്കാൻ പരിശുദ്ധ അമ്മയുടെ സഹായം അത്യന്താപേക്ഷിതമാണ്. “പിശാചിന്റെ തല തകർക്കാൻ ദൈവത്താൽ പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ട പരിശുദ്ധ അമ്മ മാതാവേ, തിന്മക്കെതിരായ ഞങ്ങളുടെ നിരന്തരമായ ജീവിതപോരാട്ടത്തിൽ അമ്മ എന്നും ഞങ്ങളുടെ കൂടെ ഉണ്ടാകണമെ, ആമ്മേൻ.”
ഈശോമിശിഹായിൽ സ്നേഹപൂർവ്വം,
ഫാ. സാജൻ നെട്ടപ്പോങ്ങ്, തക്കല രൂപത