അമ്മയനുഭവങ്ങൾ: 04

ഫാ. സാജൻ നെട്ടപ്പോങ്ങ്

ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ,

എന്റെ അപ്പന്റെയും അമ്മയുടെയും സാമ്പത്തിക പരാധീനത എന്നെ ഒരുപാട് വിഷമിപ്പിച്ചു. അപ്പൻ കൂലിപ്പണി ചെയ്തു കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ട് വീട്ടിലെ ചിലവ്, പെങ്ങളുടെ പഠിത്തം, എന്റെ സെമിനാരി ഫീസ് എല്ലാം നോക്കുക ഒരിക്കലും സാധ്യമല്ലെന്ന് എനിക്ക് നല്ലവണ്ണം അറിയാമായിരുന്നു. ആ നാളുകളിലെ എന്റെ ജപമാല നിയോഗം, എന്നെ സാമ്പത്തികമായി സഹായിക്കാൻ ആരെയെങ്കിലും പരിശുദ്ധ അമ്മ നൽകണേ എന്നായിരുന്നു.

പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥതയാൽ സെമിനാരി പഠനത്തിന്റെ രണ്ടാമത്തെ വർഷം തന്നെ ഒരു കുടുംബം എന്റെ വൈദികപഠനത്തിന്റെ മുഴുവൻ ചിലവുകളും വഹിക്കാൻ തയ്യാറായി മുമ്പോട്ടു വന്നു. തിരുവനന്തപുരം ജില്ലയിലെ കുടിയേറ്റപ്രദേശമായ അമ്പൂരിയിൽ നിന്നുമുള്ള തടിക്കാട്ട് കുടുംബത്തിലെ റോയി – സിന്ധു ദമ്പതികൾ. എന്റെ സെമിനാരി പരിശീലനം പൂർത്തിയാകുന്നതുവരെയുള്ള സകല ചിലവും എന്റെ വൈദികപട്ടത്തിന്റെയും പുത്തൻ കുർബാനയുടെയും മുഴുവൻ കാര്യങ്ങളും റോയ് ചേട്ടൻ വഹിച്ചു.

പുത്തൻ കുർബാനയ്ക്ക് 2000 -ൽ കൂടുതൽ ആൾക്കാർ പങ്കെടുത്തു. എന്റെ ഇടവകയിൽ നിന്നുള്ള ആദ്യത്തെ വൈദികനാണ് ഞാൻ. ഇത്രത്തോളം പേർക്ക് ഭക്ഷണം കൊടുക്കുന്നതിന്റെ ഭീമമായ ചിലവ് നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ. ലക്ഷകണക്കിന് രൂപ ഈ ഇനത്തിലും റോയ് ചേട്ടൻ ചിലവാക്കി എന്നുള്ളത് എത്രയോ വലിയ കാര്യമാണ്. എന്റെ സ്വന്തം ചേട്ടനും ചേച്ചിയുമാണവർ. ഇതുവരെയും ഒന്നും തിരിച്ചുകൊടുക്കാനായി സാധിച്ചിട്ടില്ല. പക്ഷേ ഞാൻ എന്റെ പ്രഥമ ദിവ്യബലി മുതൽ എന്നും അർപ്പിക്കുന്ന ബലിയിൽ ആ കുടുംബത്തിനു വേണ്ടി പ്രത്യേകമായി പ്രാർത്ഥിക്കാറുണ്ട്. കാരണം ഒന്നുമല്ലാതിരുന്ന സാജനെ ഫാ. സാജൻ ആക്കിയതിന്റെ പിറകിൽ അവരുടെ വിയർപ്പും സമ്പാദ്യവും സ്വന്തം മക്കൾക്കു വേണ്ടി ചിലവഴിക്കാമായിരുന്ന ലക്ഷങ്ങളുമുണ്ട്.

റോയ് ചേട്ടനോടും സിന്ധുചേച്ചിയോടുമുള്ള നന്ദിയും കടപ്പാടും മരണം വരെ ഉണ്ടാകും. ഈ ഒരു ആയുസ്സ് മുഴുവൻ ഞാനും എന്റെ കുടുംബവും അവരോട് നന്ദി പറഞ്ഞാലും തീരില്ല. ഇന്ന് എന്തിനും ഏതിനും കണക്ക് നോക്കുകയും തനിക്ക് എന്തെങ്കിലും നേട്ടം ഉണ്ടാകുമോയെന്ന് ചിന്തിക്കാതെയും ആരും ഒരു ചില്ലിക്കാശും ചിലവാക്കാറില്ല. അങ്ങനെയിരിക്കെ തന്റെ സമ്പാദ്യം മുഴുവൻ തന്റെ ആരുമല്ലാത്ത ഒരാൾക്കു വേണ്ടി ചിലവഴിക്കാൻ സാധിക്കണമെങ്കിൽ അവരൊക്കെ ഈശോയുടെ തന്നെ മുഖച്ഛായ ഉള്ളവരായിരിക്കണം.

കടന്നുവന്ന വൈദികപരിശീലനത്തിന്റെ പാതയിൽ ഇവർ ഒരുപക്ഷേ മാറിച്ചിന്തിച്ചിരുന്നെങ്കിൽ എന്റെ വൈദികപഠനം ഞാൻ പൂർത്തിയാക്കുമായിരുന്നോ എന്നെനിക്ക് നിശ്ചയമില്ല. എല്ലാ ദൈവാനുഗ്രഹങ്ങളും പ്രാർത്ഥനകളും എന്റെ ഏറ്റവും പ്രിയപ്പെട്ട റോയ് ചേട്ടനും സിന്ധുചേച്ചിക്കും ദൈവം അവർക്ക് ഉദരഫലമായി നല്‍കിയ എന്റെ കുഞ്ഞനുജത്തിമാരായ റിയാ, ഐശ്വര്യ, അന്നക്കുട്ടി എന്നിവർക്ക് നേരുന്നു. നിങ്ങൾക്ക് ദൈവം നല്‍കുന്ന പ്രതിഫലം വലുതായിരിക്കും. കാരണം നിങ്ങൾ ചെയ്ത പ്രവൃത്തി വിലമതിക്കാനാവാത്തതാണ്.

ഞാൻ ഉറച്ചു വിശ്വസിക്കുന്നു എനിക്ക് റോയ് ചേട്ടനെയും കുടുംബത്തെയും തന്നത് പരിശുദ്ധ കന്യകാമാതാവ് തന്നെയാണ്. അമ്മയുടെ നീല അങ്കിയുടെ കീഴിൽ അവർ എന്നും സുരക്ഷിതരാണ്. കാരണം ഞാൻ എന്നും ചൊല്ലുന്ന കൊന്തയിൽ അവരുമുണ്ട്. ദൈവം തലമുറകളോളം അവരെ അനുഗ്രഹിക്കട്ടെ.

ഈശോമിശിഹായിൽ സ്നേഹപൂർവ്വം,

ഫാ. സാജൻ നെട്ടപ്പോങ്ങ്, തക്കല രൂപത

1 COMMENT

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.