
ഹൃദയം പുല്ക്കൂടാക്കുവാന് പുണ്യപ്രവര്‍ത്തികളിലൂടെ സഭാമക്കള്‍ക്ക് അത്യുത്തമ ജന്മഗൃഹം ഉദരത്തിലൊരുക്കിയ അമലമനോഹരിയായ പരിശുദ്ധ അമ്മയുടെ അമലോത്ഭവതിരുനാളിന്റെ മംഗളാശംസകള്‍ ഹൃദയപൂര്‍വ്വം ആശംസിക്കുന്നു.
സുന്ദരമായതിനെയെല്ലാം സ്വന്തമാക്കാന്‍ സ്വാര്‍ത്ഥമനസ്സോടെ മത്സരിക്കുന്ന മനുഷ്യമനസ്സുകള്‍ക്കു മുമ്പില്‍ ആന്തരിക സൗന്ദര്യമാണ് അഭിലഷണീയമെന്ന് അമലമനോഹരിയായ അമ്മ പഠിപ്പിക്കുന്നു. പരിശുദ്ധ അമ്മ മനോഹരിയാണ്. അവള് അമലയാണ്, നിര്‍മ്മലയാണ്, കളങ്കമില്ലാത്തവളാണ്. അമ്മയുടെ അമലമനോഹാരിത രണ്ടു തലങ്ങളിലാണ്. ഒന്നാമതായി അവര്‍ അമലോത്ഭവയാണ്. ജന്മപാപമില്ലാതെ ജനിച്ചവള്‍, ദൈവത്താല്‍ ദൈവപുത്രന് ജന്മഗൃഹമാകുവാന് പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ടവള്, വിശുദ്ധീകരിക്കപ്പെട്ടവള്. അതിനു ദാനമായത് ദൈവത്തിന്റെ മനോഭാവമാണ്. കാരുണ്യത്തിന്റെയും സ്നേഹത്തിന്റെയും മനോഭാവം. അങ്ങനെ ദൈവമനോഭാവത്താല് അമ്മയുടെ ജന്മം തന്നെ അമല മനോഹരമായിത്തീരുന്നു. രണ്ടാമതായി അവള് ജീവിതത്തിലും മനോഹരിയാണ്. ഏതൊരമ്മയ്ക്കും മാതൃകയാകാന്‍ തക്ക സ്ത്രീത്വവും മാതൃത്വവും മനോഭാവങ്ങളിലൂടെ ജീവിച്ചുകാണിച്ചു എന്നതാണ് ഇന്ന് നമുക്ക് മുമ്പില്‍ പരിശുദ്ധ അമ്മ ഉയര്‍ത്തുന്ന ധീരമായ വെല്ലുവിളി.
ഒരിക്കല്‍ ശിഷ്യന് ഗുരുവിനോട് ചോദിച്ചു: നിര്‍മ്മലനായി ജീവിക്കുവാന്‍ ഞാന്‍ ആദ്യം എന്തു ചെയ്യണം? നിശബ്ദമായ ദിനങ്ങള്‍ക്കുശേഷം ഒരു ദിവസം ഗുരു ശിഷ്യനെ വിളിച്ച് അവന്റെ കൈയ്യില്‍ ഒരു സ്വര്‍ണ്ണനാണയവും വെള്ളിനാണയവും ചെമ്പുനാണയവും വച്ചു കൊടുത്തിട്ട് പറഞ്ഞു ”നീ ഈ മൂന്നു നാണയങ്ങളില്‍ രണ്ടെണ്ണം നിനക്ക് വീണ്ടെടുക്കാന്‍ പറ്റാത്ത ദൂരത്തേയ്ക്ക് എറിഞ്ഞു കളയുക, ശേഷിക്കുന്നത് നീ സ്വന്തമാക്കിക്കൊള്ളുക.” ഗുരുവിന്റെ നിര്‍ദ്ദേശമനുസരിച്ച് പ്രവര്‍ത്തിച്ച് തിരിച്ചുവന്ന ശിഷ്യനോട് ഗുരു ചോദിച്ചു: ”നീ ഏത് നാണയമാണ് സ്വന്തമാക്കിയത്? എന്തുകൊണ്ട്? ശിഷ്യന് പറഞ്ഞു: ”സ്വര്‍ണ്ണനാണയം, കാരണം അതിനാണ് മൂല്യമേറിയത് എന്ന് എനിക്കറിയാം.” ഗുരു പറഞ്ഞു: ശരിയാണ്, നിര്‍മ്മലമായ ജീവിതം നയിക്കാന്‍ ആദ്യം നീ നിന്റെ ജീവിതത്തിന്റെ മൂല്യം മനസ്സിലാക്കണം. ജീവിതത്തെ വിലയില്ലാത്തതായി കണ്ടാല്‍ നാം അത് വീണ്ടെടുക്കാന്‍ സാധിക്കാത്തവിധം നശിപ്പിച്ചുകളയും. ജീവിതത്തിന് മൂല്യമുണ്ടെന്ന തിരിച്ചറിവാണ് നിര്‍മ്മലമായി ജീവിക്കാന്‍ ആദ്യം ഉണ്ടാകേണ്ടത്.
ഗബ്രിയേല്‍ മാലാഖയുടെ ആവശ്യത്തിന് സ്വന്തം ജീവിതം വച്ചു നീട്ടുമ്പോള്‍ ആ ജീവിതത്തിന്റെ വില അറിഞ്ഞവളാണ് പരിശുദ്ധ അമ്മ. ദേവാലയത്തില്‍ വളര്‍ന്നപ്പോള്‍ പ്രാര്‍ത്ഥനയാലും പുണ്യങ്ങളാലും സ്വന്തം ജീവിതത്തെ നിര്‍മ്മലമാക്കി സൂക്ഷിച്ചവള്‍, കര്‍മ്മ മണ്ഡലങ്ങളില്‍ കര്‍ത്താവിനോട് ചേര്‍ന്നു നിന്നുകൊണ്ട് സ്വന്തം ജീവിതത്തിന് നിറമേകിയവള്‍, പുത്രന്റെ ദൗത്യത്തിന് താങ്ങും തണലുമായി കുരിശിന് ചുവടുവരെ അനുഗമിച്ചവള്‍, തകര്‍ന്ന ശിഷ്യജീവിതങ്ങള്ക്ക് പ്രത്യാശയുടെ പിടിവള്ളിയായി തീര്‍ന്നവള്‍, ഉടലോടെ സ്വര്‍ഗ്ഗത്തിലിരുന്നുകൊണ്ട് മാധ്യസ്ഥമേകുന്നവള് – അമ്മയുടെ ജീവിതം ഇത്രമാത്രം മൂല്യമുള്ളതാണ്. അതുകൊണ്ടാണ് സര്‍വ്വതും ഹൃദയത്തില്‍ സംഗ്രഹിച്ചുകൊണ്ട് അവള് പൊഴിച്ച സഹനത്തിന്റെ കണ്ണുനീര്‍ത്തുള്ളികള്‍ മകന്റെ കുരിശില്‍ ചൊരിഞ്ഞ ലോകരക്ഷയുടെ രക്തതുള്ളികളോട് ചേര്‍ക്കപ്പെട്ടത്. സ്വന്തം ജീവിതത്തെ സ്നേഹിക്കാതെ, വിലകല്‍പ്പിക്കാതെ ലഹരിപദാര്‍ത്ഥങ്ങള്‍ക്കും സുഖലോലുപതയ്ക്കും പാപമാര്ഗ്ഗങ്ങള്ക്കും ബലി കഴിക്കുന്ന ഇന്നിന്റെ യുവജീവിതങ്ങള്‍ക്ക് അമ്മ തുണയാവട്ടെ. സ്വന്തം കുടുംബത്തിനും കുടുംബാംഗങ്ങള്‍ക്കുമായി കണ്ണുനീര്‍പൊഴിക്കുന്ന അനേകം അമ്മമാരുടെ കണ്ണുനീര്‍ത്തുള്ളികള്‍ രക്ഷകന്റെ രക്തതുള്ളികളോട് ചേര്‍ക്കപ്പെട്ട രക്ഷാകര അനുഭവമായി തീരുവാന്‍ പരിശുദ്ധ അമ്മ നമ്മെ അനുഗ്രഹിക്കട്ടെ.
ജീവിതം അമല മനോഹരമാക്കാന്‍ അമ്മ പഠിപ്പിക്കുന്ന രണ്ടാമത്തെ പാഠം എന്റെ ജന്മം ദൈവനിഷ്ഠമായി കരുതുക എന്നതാണ്. ”ഇതാ കര്‍ത്താവിന്റെ ദാസി, അവിടുത്തെ ഇഷ്ടം നിറവേറട്ടെ” എന്ന സ്വയം സമര്‍പ്പണം ജീവിതത്തില്‍ ദൈവിക ഇടപെടലിന്റെ ആവശ്യകതയിലേയ്ക്കുള്ള ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ്. ”മനുഷ്യദുഃഖങ്ങള്ക്കു കാരണം, തൃഷ്ണയാണ് എന്ന് ശ്രീബുദ്ധന് പറഞ്ഞുവയ്ക്കുന്നുണ്ട്. ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ക്കു മുമ്പില്‍ മനുഷ്യ ജീവിതങ്ങള്‍ നിരാശയില്‍ നിറയുന്ന ഈ കാലഘട്ടത്തില്‍, കാനായിലെ കല്യാണവിരുന്നില്‍ ‘അവന് പറയുന്നതുപോലെ ചെയ്യുവിന്‍’ എന്ന അമ്മയുടെ വാക്കുകള്‍ പരാജിതയായ ഒരു അമ്മയുടെ രോദനമല്ല. മറിച്ച് ദൈവീഷ്ടത്തോട് സ്വന്തം ഇഷ്ടങ്ങള്‍ ചേര്‍ത്തുവച്ച് അത്ഭുതങ്ങള്‍ക്ക് വഴിയൊരുക്കുന്ന ഒരു വിപ്ലവകരമായ മനോഭാവത്തിന്റെ നേര്‍സാക്ഷ്യമാണ്. പന്ത്രണ്ടാം വയസ്സില്‍ ദേവാലയത്തില്‍ വച്ച് മകനെ വീണ്ടുകിട്ടിയപ്പോള്‍ അവന് പറഞ്ഞ മറുപടി ഹൃദയത്തില്‍ സംഗ്രഹിച്ച് ധ്യാനിച്ചതിന്റെ അനുഗ്രഹീത ഫലമാണ് കാനായില്‍ കാണുന്നത്. സമൂഹത്തിന്റെ കുത്തുവാക്കുകള്‍ക്ക് മുമ്പിലും പുത്രന്റെ സഹനയാത്രയ്ക്കു മുമ്പിലും ശിഷ്യന്മാരുടെ ആത്മവിശ്വാസ തകര്‍ച്ചയിലും അമ്മയെ ധൈര്യമാക്കിയതും അമലയായി നിലനിര്‍ത്തിയതും ജീവിതാനുഭവങ്ങളെ ദൈവവിപ്ലവത്തിന്റെ കണ്ണുകളില്‍ കൂടി കണ്ട അമ്മയുടെ മനോഭാവമാണ്.
‘താണനിലത്തെ നീരോടൂ’ എന്ന പഴഞ്ചൊല്ല് പരിചിതമാണ്. നീരോട്ടമുള്ളിടത്തെ പച്ചപ്പ് ഉണ്ടാകൂ എന്നതും യാഥാര്‍ത്ഥ്യം. ‘അവിടുന്ന് തന്റെ ദാസിയുടെ താഴ്മയെ കടാക്ഷിച്ചു’ എന്ന പരിശുദ്ധ അമ്മയുടെ വാക്കുകളില്‍ അവളുടെ ജീവിതത്തില്‍ ദൈവാനുഗ്രഹം ആന്തരിക സഹനത്തിന്റെ പച്ചപ്പ് നിറച്ചു എന്ന് കാണിക്കുന്നു. വീട്ടില്‍ സ്ഥാനം തെറ്റിയിരിക്കുന്ന ഏതെങ്കിലും വസ്തുക്കളുടെ പേരില്‍ അപ്പന് ദേഷ്യത്തോടെ ‘ആരാണിത് ഇവിടെ കൊണ്ടുവച്ചിരിക്കുന്നത്’ എന്ന് ചോദിക്കുമ്പോള്‍ ‘ഞാനാണ്’ എന്ന് പറഞ്ഞ് പുറത്തുനിന്ന് ഓടിയെത്തി വഴക്ക് മേടിച്ച് മടങ്ങുന്ന എന്റെ അമ്മ എന്നും ഒരു ഓര്‍മ്മയായി എന്റെ ഉള്ളിലുണ്ട്. ഞാന്‍ ചെയ്ത തെറ്റുകള്‍ക്ക് വഴക്ക് മേടിക്കുന്ന എന്റെ അമ്മ. അന്ന്, എന്റെ അമ്മ എനിക്ക് ഒരു അത്ഭുതചോദ്യമായിരുന്നെങ്കില് ഇന്ന് തികച്ചും ഒരു പാഠമാണ്.
എളിമയെന്ന പുണ്യം പഠിപ്പിക്കുന്ന ഒരു പാഠം മാത്രമാണ് നമ്മുടെയൊക്കെ അമ്മമാരെങ്കില്‍, പരിശുദ്ധ അമ്മ അതിന്റെ പാഠപുസ്തകം തന്നെ. ജീവിതത്തിന്റെ സൗന്ദര്യം എളിമയുടെ ജീവിതത്തിലൂടെയാണെന്ന് ദൈവത്തിന്റെ അമ്മയാകാന്‍ തിരഞ്ഞെടുക്കപ്പെട്ടവള് ചാര്‍ച്ചക്കാരിയുടെ ദാസിയായി തീര്‍ന്നുകൊണ്ട് കാട്ടിത്തന്നു. അഹങ്കാരികളെ ചിതറിക്കുന്ന, എളിയവരെ ഉയര്‍ത്തുന്ന, ദൈവനീതിയ്ക്ക് മുമ്പിലാണ് അടുത്ത നിമിഷത്തില്‍ ‘എന്ത്’ എന്നറിയാത്ത മനുഷ്യന് എന്തൊക്കെയോ ആണെന്ന ചിന്തയോടെ ദൈവത്തെപ്പോലും വെല്ലുവിളിച്ചുകൊണ്ട് ചില ബാബേല്‍ഗോപുരങ്ങള്‍ നിര്‍മ്മിക്കുന്നത് എന്ന് ഓര്‍മ്മിച്ചുകൊള്ളുക.
ജന്മംകൊണ്ടും ജീവിതംകൊണ്ടും അമലമനോഹരിയാണ് അമ്മ. ദൈവ മനോഭാവം ജീവിതമാക്കിയവള്. വിലയുള്ള ജീവിതത്തെ വിലയേറിയവനില് ലയിപ്പിച്ച്, വിനയത്തോടെ ജീവിതം സുന്ദരമാക്കിയവള്‍. മാനത്തെ മഴവില്ല് കണ്ട് ശിഷ്യന് പറഞ്ഞു ‘എത്ര മനോഹരമായി ആ മഴവില്ല്.’ ഗുരു തിരുത്തി. സഹജീവിയുടെ കണ്ണീര്‍ത്തുള്ളിയില്‍, നിന്റെ കാരുണ്യകിരണങ്ങള് പതിക്കുമ്പോഴുണ്ടാകുന്ന പ്രത്യാശയുടെ മഴവില്ലിന് വരില്ല ഇതിന്റെ മനോഹാരിത. മനോഹാരിത ഇനി ഉണ്ടാവേണ്ടത് മായാലോകത്തിലല്ല, മറിച്ച് മനുഷ്യഹൃദയങ്ങളിലാണ്, ശരിയായ മനോഭാവം നിറയുന്ന കണ്ണുകളിലാണ്.
ജീവിതം അമലമനോഹരമാക്കാന് അമലോത്ഭവ മാതാവിന്റെ നല്ല മനോഗുണങ്ങള്‍ നമുക്ക് പ്രചോദനമാവട്ടെ.
റവ. ഫാ. ഗ്രേഷ്യസ് പുളിമൂട്ടില്‍