മരിയൻ കഥകൾ 5

ബല്‍ജിയത്തിലുള്ള ഒരു ഗ്രാമമാണ് ബെവറെങ്ങ്. 1932ല്‍ പരിശുദ്ധ കന്യക അവിടെ പ്രത്യക്ഷപ്പെട്ടു കൊണ്ടു പറഞ്ഞു: ‘ഞാന്‍ പാപികളെ മാനസാന്തരപ്പെടുത്തും’. ആ സ്ഥലം ഇന്ന് ഒരു മരിയന്‍ ഭക്തി കേന്ദ്രമായി വളര്‍ന്ന് കഴിഞ്ഞു.

അനേകം പേര്‍ അവിടം സന്ദർശിച്ച്‌ മാനസാന്തരപ്പെട്ടിട്ടുണ്ട്. അതില്‍ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്നത് ‘റെഡ് ഫ്‌ലാഗ്’ എന്ന കമ്യുണിസ്റ്റ് പത്രത്തിന്റെ പത്രാധിപരുടേതാണ്. രണ്ടാം ലോക മഹായുദ്ധകാലത്ത് അയാളെ നാസികള്‍ തടവിലാക്കി. ജീവന്‍ അപകടത്തിലായി. അയാള്‍ ഉടനെ തന്നെ പ.കന്യകയെ സ്മരിച്ചു. തന്നെ മോചിപ്പിക്കുന്ന പക്ഷം സത്യവിശ്വാസത്തിലേക്ക് പ്രത്യാഗമിക്കുന്നതാണെന്നു അയാള്‍ വാഗ്ദാനം ചെയ്തു. അയാള്‍ മോചിതനായി.

പക്ഷേ, വിശ്വാസം സ്വീകരിക്കുന്നതിന് വിമുഖനായിരുന്നു. 1945 ല്‍ അയാള്‍ വലിയ വിശ്വാസമൊന്നുമില്ലാതെ ബെവറെങ്ങിലേക്ക് ഒരു തീര്‍ത്ഥയാത്ര നടത്തി. വെറും ഒരു കാഴ്ചക്കാരനായി പരിശുദ്ധ കന്യകയുടെ തിരുസ്വരൂപത്തിന്‍ മുന്‍പില്‍ നിന്ന അദ്ദേഹം പെട്ടെന്ന് ഭക്തജനങ്ങളോടൊപ്പം മുട്ടുകുത്തി. താന്‍ വഴി പരിശുദ്ധ കന്യക വലിയ കാര്യങ്ങള്‍ ലോകത്തിനു ചെയ്യുവാന്‍ പോകുന്നതായി അദ്ദേഹത്തിനു ദൈവിക ദര്‍ശനം ലഭിക്കുകയുണ്ടായി. പരിപൂര്‍ണ്ണമായ ഒരു പരിവര്‍ത്തനമാണ് അദ്ദേഹത്തിന് ഉണ്ടായത്. അദ്ദേഹമാണ് ബല്‍ജിയത്തില്‍ ലീജന്‍ ഓഫ് മേരിയുടെ സ്ഥാപകന്‍.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.