വേരുകള്‍

“തന്‍റെ വേരുകള്‍ ആ പറമ്പിലാണ്, ആ പഴയ മണ്ണിലാണ്. അതില്ലാതാക്കുന്നത് സ്വന്തം വേരുകള്‍ അറുത്തു കളയുന്ന പോലെയാണ് ! വേരുകള്‍ മനുഷ്യനും മരത്തിനും മണ്ണിലാണ് എന്ന യാഥാര്‍ത്ഥ്യം തിരിച്ചറിയുന്നതോടെ ആ പഴയ മണ്ണില്‍ പുതിയ വീട് വെയ്ക്കാനുള്ള കണക്കുകൂട്ടലുകളുമായി രഘു നേരെ പോകുന്നത് മനോഹരമായ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്ന കോണ്‍ട്രാക്ടറുടെ അടുത്തേയ്ക്കാണ്”. മലയാറ്റൂര്‍ രാമകൃഷ്ണന്‍ എഴുതിയ “വേരുകള്‍” എന്ന നോവല്‍ അവസാനിക്കുന്നത് ഇപ്രകാരമാണ്.

മനുഷ്യന്‍ എത്രയൊക്കെ വളര്‍ന്നാലും ശാസ്ത്രം എത്രയൊക്കെ വലുതായാലും മനുഷ്യന്‍ വേരുകള്‍ തപ്പിക്കൊണ്ടേയിരിക്കും. അതുകൊണ്ടാണല്ലോ പല ശാസ്ത്രകുതുകികളും പാരമ്പര്യവാദികള്‍ ആകുന്നത്. പലരും കുടുംബച്ചരിത്രങ്ങള്‍ എഴുതി പലതും സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്.

വേരുകള്‍ അന്ന്വേഷിക്കുന്നത് ആരംഭം അറിയാനാണ്. ഉത്ഭവം അറിഞ്ഞാലേ ഗതി നിര്‍ണയിക്കാന്‍ കഴിയൂ. ഏതൊരു പുഴക്കും ഒരു പ്രഭവസ്ഥാനം ഉണ്ട്. കാലാവസ്ഥാ നിരീക്ഷകര്‍ കാറ്റിനുപോലും ഉത്ഭവം കണ്ടെത്തുന്നു. ശക്തമായ വേരുകള്‍ ആരോഗ്യമുള്ള മരത്തിന്‍റെ ലക്ഷണമാണ്. മരം മുകളിലേക്ക് വളരുന്നതനുസരിച്ച്‌ വേരുകള്‍ താഴേക്കും വളരണം. മനുഷ്യനും ഇങ്ങനെ തന്നെ.

“യാക്കോബ് മറിയത്തിന്‍റെ ഭര്‍ത്താവായ ജോസഫിന്‍റെ പിതാവായിരുന്നു. അവളില്‍നിന്നു ക്രിസ്തു എന്ന് വിളിക്കപ്പെടുന്ന യേശു ജനിച്ചു”. (മത്താ 1:16) സ്ത്രീകളുടെ പേര് ഉച്ചരിക്കാത്ത യഹൂദ പാരമ്പര്യത്തില്‍ പോലും മറിയമെന്ന പേര് കൊത്തിവച്ചിരിക്കുന്നു.

അതേ, തന്‍റെ മകന്‍റെ വേരുകളില്‍ പോലും അവളുടെ സാന്നിദ്ധ്യം ദൈവം ആഗ്രഹിച്ചു. എന്‍റെ വേരുകളില്‍ ആ അമ്മയുടെ സാന്നിദ്ധ്യം കാണാനാവുമോ? ഇല്ല. ഇനിയും വൈകിയിട്ടില്ല. അമ്മയെന്ന ആ നനഞ്ഞ മണ്ണില്‍ എന്‍റെ വേരുകള്‍ ഓടിയിറങ്ങട്ടെ… പ്രാര്‍ത്ഥനകള്‍.

ഫാ. സിജോ കണ്ണമ്പുഴ OM

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.