അമ്മയ്ക്കരികിൽ വിശുദ്ധരോടൊത്ത് – പതിനെട്ടാം ദിനം: വി. ജോൺപോൾ രണ്ടാമൻ പാപ്പ

രക്ഷകന്റെ അമ്മ

വലിയ ആനന്ദത്തോടെ നിന്നെ ഞങ്ങൾ ഭാഗ്യവതി എന്നു വിളിക്കുന്നു. തന്റെ രക്ഷാകരപദ്ധതി നടപ്പിലാക്കുന്നതിനായി ലോകസൃക്കു മുമ്പു തന്നെ പിതാവായ ദൈവം നിന്നെ തിരഞ്ഞെടുത്തു. നീ അവന്റെ സ്നേഹത്തിൽ വിശ്വസിക്കുകയും അവന്റെ വചനം അനുസരിക്കുകയും ചെയ്തു.

ദൈവപുത്രൻ മനുഷ്യവംശത്തെ രക്ഷിക്കാൻ മനുഷ്യനായി തീർന്നപ്പോൾ, നീ അവന്റെ അമ്മയാകാൻ അവൻ ആഗ്രഹിച്ചു. ദ്രുതമായ അനുസരണത്തോടും അവിഭാജ്യമായ ഹൃദയത്തോടും കൂടെ നീ അവനെ സ്വീകരിച്ചു. പരിശുദ്ധാത്മാവ് നിന്നെ അവന്റെ മൗതീക ജീവിതപങ്കാളിയായി സ്നേഹിക്കുകയും ദാനങ്ങളാൽ നിറയ്ക്കുകയും ചെയ്തു. അവന്റെ നിഗൂഡവും ശക്തവുമായ പ്രവൃത്തിയിലൂടെ നയിക്കപ്പെടാൻ നീ നിന്നെത്തന്നെ അനുവദിച്ചു.

ക്രിസ്തീയതയുടെ മൂന്നാം മില്ലേനിയത്തിന്റെ തലേന്ന്, നിന്നെ അമ്മയായി അംഗീകരിക്കുകയും വിളിക്കുകയും ചെയ്യുന്ന സഭയെ നിനക്കു ഭരമേൽപ്പിക്കുന്നു. മനുഷ്യകുടുംബത്തിന്റെയും രാഷ്ട്രങ്ങളുടെയും അമ്മയായ നിന്നിലൂടെ മാനവരാശി മുഴുവനെയും അതിന്റെ പ്രതീക്ഷകളോടും ഭയങ്ങളോടും കൂടി വലിയ ശരണത്തോടെ നിനക്കു സമർപ്പിക്കുന്നു.

യഥാർത്ഥ ജ്ഞാനത്തിന്റെ വെളിച്ചം ഞങ്ങളിൽ നിന്ന് എടുത്തുകളയരുതേ. സമാധാനത്തിന്റെ വഴികളിലൂടെ ഞങ്ങളുടെ ചുവടുകളെ നയിക്കണമേ. വഴിയും സത്യവും ജീവനുമായ ക്രിസ്തുവിനെ കാണാൻ എല്ലാവരെയും പ്രാപ്തരാക്കണമേ.

ഓ കന്യാമറിയമേ, വിശ്വാസയാത്രയിൽ ഞങ്ങളെ ഉറപ്പിച്ചു നിർത്തകയും നിത്യരക്ഷയുടെ കൃപ ഞങ്ങൾക്കു നേടിത്തതരുകയും ചെയ്യണമേ. ഓ, കാരുണ്യവും സ്നേഹവും മാധുര്യവും നിറഞ്ഞ ദൈവത്തിന്റെയും ഞങ്ങളുടെയും അമ്മയായ മറിയമേ, ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ, ആമ്മേൻ.

ഫാ. ജെയ്സണ്‍ കുന്നേല്‍ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.