മറിയം ത്രേസ്യ വിശുദ്ധ പദവിയിലേക്ക്

ഹോളി ഫാമിലി സന്യാസിനീ സമൂഹത്തിന്റെ സ്ഥാപക വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയുടെ മധ്യസ്ഥതയിലുള്ള അദ്ഭുത രോഗശാന്തി കര്‍ദ്ദിനാള്‍മാരുടെ തിരുസംഘം സ്ഥിരീകരിച്ചു. അദ്ഭുത രോഗശാന്തി സംബന്ധിച്ച രേഖകള്‍ അടങ്ങുന്ന ‘പൊസിസിയോ’വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയുടെ നാമകരണ നടപടികള്‍ക്കായുള്ള കര്‍ദ്ദിനാള്‍മാരുടെ സമിതി പഠിച്ചു വിലയിരുത്തിയാണ് സ്ഥിരീകരണം നല്‍കിയത്.

വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയെ വിശുദ്ധയായി പ്രഖ്യാപിക്കുന്നതിനുള്ള നടപടിക്രമങ്ങളിലെ ഒരു സുപ്രധാന ഘട്ടമാണിത്. ഇതോടെ വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയുടെ മധ്യസ്ഥതയില്‍ തൃശൂര്‍ പെരിഞ്ചേരിയില്‍ ക്രിസ്റ്റഫര്‍ എന്ന കുഞ്ഞിന് ലഭിച്ച അദ്ഭുത രോഗശാന്തി സംബന്ധിച്ച എല്ലാ പഠനങ്ങളും പൂര്‍ത്തിയായതായി നാമകരണ നടപടികള്‍ക്കു നേതൃത്വം നല്‍കുന്ന പോസ്റ്റുലേറ്റര്‍ റവ.ഡോ. ബെനഡിക്ട് വടക്കേക്കര ഒഎഫ്എം ക്യാപ്, ഹോളിഫാമിലി സന്യാസിനി സമൂഹത്തിന്റെ സുപ്പീരിയര്‍ ജനറല്‍ മദര്‍ സിസ്റ്റര്‍ ഉദയ, വൈസ് പോസ്റ്റുലേറ്റര്‍ സിസ്റ്റര്‍ ഡോ. റോസ്മിന്‍ മാത്യു എന്നിവര്‍ അറിയിച്ചു.

1999 ജൂണ്‍ 28ന് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയാണ് ദൈവദാസിയായിരുന്ന മറിയം ത്രേസ്യയെ ധന്യയായി പ്രഖ്യാപിച്ചത്. 2000 -ൽ വാഴ്ത്തപ്പെട്ട പദവിയിലേയ്ക്കും ഉയർത്തപ്പെട്ടു. ജന്മനാ മുടന്തനായ മാത്യു പെല്ലിശ്ശേരി എന്ന വ്യക്തിക്കുണ്ടായ അത്ഭുത രോഗശാന്തിയാണ് മറിയം ത്രേസ്യായെ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയര്‍ത്തുന്നതിനുള്ള അത്ഭുതമായി സഭ പരിഗണിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.