പാലായില്‍ മാര്‍ സ്ലീവാ മെഡിസിറ്റി വെഞ്ചരിച്ചു

ആതുരസേവനത്തിനു പുത്തന്‍ ഉണര്‍വേകി പാലാ രൂപതയുടെ കീഴില്‍ ചേര്‍പ്പുങ്കലില്‍, മാര്‍ സ്ലീവാ മെഡിസിറ്റി സൂപ്പര്‍ സ്‌പെഷാലിറ്റി ആശുപത്രിയുടെ വെഞ്ചരിപ്പ് മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നിര്‍വഹിച്ചു. ബിഷപ്പുമാരായ മാര്‍ ജോസഫ് കല്ലറങ്ങാട്ട്, മാര്‍ ജേക്കബ് മുരിക്കന്‍, മാര്‍ ജോസഫ് പള്ളിക്കാപ്പറമ്പില്‍, മാര്‍ മാത്യു അറയ്ക്കല്‍, മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍, മാര്‍ തോമസ് തറയില്‍, മാര്‍ ജോസ് പുളിക്കല്‍ എന്നിവര്‍ സഹകാര്‍മികരായി.

നാളെ മുതല്‍ ഒരാഴ്ച ഓപ്പണ്‍ ഹൗസ് ദിനങ്ങളാണ്. ഈ ദിവസങ്ങളില്‍ ജനങ്ങള്‍ക്ക് ആശുപത്രി സമുച്ചയം കാണാന്‍ സൗകര്യമൊരുക്കും. ആശുപത്രിയുടെ ഔദ്യോഗിക ഉദ്ഘാടനവും ഒ.പി, ഐ.പി. ചികിത്സകളും പിന്നീട് ആരംഭിക്കും. പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് രക്ഷാധികാരിയായ മെഡിക്കല്‍ എഡ്യൂക്കേഷന്‍ ട്രസ്റ്റിനു കീഴില്‍ പാലാ ചേര്‍പ്പുങ്കല്‍ പള്ളിക്കു സമീപമാണ് ആശുപത്രി പ്രവര്‍ത്തിക്കുന്നത്.

27 ഏക്കറില്‍ 5,67,000 ചതുരശ്ര അടി വിസ്തൃതിയിലാണ് കെട്ടിടം പൂര്‍ത്തിയാക്കിയത്. 750 പേരെ കിടത്തിച്ചികിത്സിക്കാന്‍ സൗകര്യമൊരുക്കുന്ന ആശുപത്രിയില്‍ ആദ്യ ഘട്ടത്തില്‍ 275 കിടക്കകള്‍ സജ്ജമാക്കും. വാര്‍ഡുകള്‍ അടക്കം പൂര്‍ണമായും ശീതീകരിച്ച ആശുപത്രിയില്‍ 17 സൂപ്പര്‍ സ്‌പെഷാലിറ്റി, 22 സ്‌പെഷാലിറ്റി, 10 തീവ്രപരിചരണ വിഭാഗങ്ങള്‍, 11 ഓപ്പറേഷന്‍ തിയറ്ററുകള്‍, 60ല്‍ അധികം ഡോക്ടര്‍മാരുടെ സേവനം എന്നിവയുണ്ടാകും.