മാർ ജോസ് പുളിക്കൽ കാഞ്ഞിരപ്പള്ളി രൂപതാദ്ധ്യക്ഷനായി ചുമതലയേറ്റു

കാഞ്ഞിരപ്പിള്ളി രൂപതയുടെ നാലാമത് മെത്രാനായി മാർ ജോസ് പുളിക്കൽ ചുമതലയേറ്റു. ബിഷപ്പുമാരും സന്യസ്തരും അത്മായ പ്രതിനിധികളും ഉൾപ്പെടെ നിരവധിപ്പേർ സന്നിഹിതരായിരുന്നു.

സീറോ മലബാർ മേജർ ആർച്ചുബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി തിരുക്കർമ്മങ്ങൾക്ക് മുഖ്യകാർമ്മികത്വം നൽകി. ചങ്ങനാശ്ശേരി ആർച്ചുബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം, മാർ മാത്യു അറയ്ക്കൽ എന്നിവർ സഹകാർമ്മികരായിരുന്നു. കാഞ്ഞിരപ്പിള്ളി രൂപതാദ്ധ്യക്ഷനായി മാർ ജോസ് പുളിക്കലിനെ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് ചാൻസിലർ റവ. ഡോ. കുര്യൻ താമരശ്ശേരി വായിച്ചു.

കാഞ്ഞിരപ്പിള്ളി രൂപതയുടെ പ്രഥമ മെത്രാൻ ആർച്ചുബിഷപ്പ് മാർ ജോസഫ് പൗവ്വത്തിൽ അനുഗ്രഹപ്രഭാഷണം നടത്തി. തുടർന്ന് സ്ഥാനാരോഹണ ശുശ്രൂഷയുടെ ഭാഗമായി കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി മാർ ജോസ് പുളിക്കലിനെ തൊപ്പി അണിയിച്ച് അംശവടി ഏൽപ്പിച്ചശേഷം സ്ഥാനിക കസേരയിൽ ഇരുത്തി. തുടർന്ന് മാർ ജോസ് പുളിക്കലിന്റെ മുഖ്യകാർമ്മികത്വത്തിൽ സമൂഹ ബലിയർപ്പണവും നടന്നു.