ഇടയന്റെ മാതൃകയെ പിഞ്ചെന്ന് ഇടുക്കിക്കാര്‍ 

ദീര്‍ഘ വീക്ഷണം ഉള്ള ഒരു ഇടയനുണ്ടെങ്കില്‍ അജഗണത്തിനു വേറെന്തുവേണം. ഇടുക്കിക്കാരെ സംബന്ധിച്ചിടത്തോളം അവര്‍ക്ക് ലഭിച്ച പുണ്യമാണ് ബിഷപ്പ് ജോണ്‍ നെല്ലിക്കുന്നേല്‍. പ്രളയം കവര്‍ന്നെടുത്ത ഇടുക്കിയിലെ ജനങ്ങളെ തിരികെ ജീവിതത്തിലേയ്ക്ക് കൊണ്ടുവരുവാന്‍ അദ്ദേഹം മുന്നോട്ട് വെച്ച ആശയങ്ങളെ പിഞ്ചെല്ലുകയാണ് ജാതി മത ഭേതമന്യേ ഇടുക്കിക്കാര്‍.

ഇനി സംഭവം എന്താന്നു പറയാം. കേരളത്തിന്റെ മറ്റു സ്ഥലങ്ങള്‍ പ്രളയത്തില്‍ മുങ്ങി എന്ന് പറയുമ്പോള്‍ ഇടുക്കി ഒലിച്ചു പോയി എന്ന് വേണം പറയാന്‍. അതാവും ശരി. തുടര്‍ച്ചയായുണ്ടായ ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും ഏക്കര്‍ കണക്കിന് ഭൂമി ഒലിച്ചു പോയി. കൃഷിയിടങ്ങളും ഭവനങ്ങളും ഒക്കെ അതില്‍ പെടും. വീട് നഷ്ടപെട്ടവര്‍, തങ്ങളുടെ വീട് നിന്നിരുന്ന സ്ഥലം എവിടെയാണെന്ന് പോലും തിരിച്ചറിയാനാകാത്തവര്‍ ഇങ്ങനെ ധാരാളം ആളുകള്‍ ഉണ്ട്. എന്ത് ചെയ്യണം എന്നറിയാതെ നിന്ന അവരിലേയ്ക്ക് പുതിയൊരു ആശയം പകര്‍ന്നുകൊണ്ട് മലയോര കര്‍ഷകരെ ജീവിതത്തിലേയ്ക്ക് കൈപിടിച്ച് കയറ്റുന്നത് ഇടുക്കി രൂപതയുടെ ബിഷപ്പ് ജോണ്‍ നെല്ലിക്കുന്നേല്‍ പിതാവാണ്.

“വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്കായി നിങ്ങളുടെ സ്ഥലങ്ങള്‍ നല്‍കാന്‍ തയ്യാറാണോ?” ആ ചോദ്യത്തിന് ഉത്തമായി അദ്ദേഹത്തിനു ലഭിച്ചത് ഏഴേക്കര്‍ ഭൂമിയാണ്‌. വ്യക്തികളും സ്ഥാപനങ്ങളും ഉള്‍പ്പെടെ ഇരുപത്തി അഞ്ചോളം ആളുകളാണ് ദുരിതബാധിതര്‍ക്കായി ഭൂമി നല്‍കിയത്. തകര്‍ന്ന സ്ഥലങ്ങളും നിലങ്ങളും പഴയപോലെ ആക്കിയെടുക്കുക എന്നത് പെട്ടന്നു നടപ്പിലാക്കാന്‍ കഴിയുന്ന ഒന്നായിരുന്നില്ല. അതിനു ദീര്‍ഘകാലത്തെ പരിശ്രമം ആവശ്യമാണ്. ഈ അവസ്ഥയില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് ആവശ്യമായ സ്ഥലം കണ്ടെത്തുകയാണ് ഉചിതമായ നടപടി എന്ന് മനസിലാക്കിയ പിതാവിന്റെ ആശയത്തിന് ജാതിമത ഭേതമന്യേ നല്ല പിന്തുണയാണ് ലഭിക്കുന്നത്.

ഏറ്റെടുക്കുന്ന സ്ഥലം അര്‍ഹരായവരെ കണ്ടെത്തി നല്‍കാനാണ് സഭയുടെ തീരുമാനം. ആ തീരുമാനത്തില്‍ മതത്തിന്റെയോ ജാതിയുടെയോ വേര്‍തിരിവുകള്‍ ഒന്നും തന്നെ ഉണ്ടായിരിക്കുകയില്ല എന്നും പിതാവ് അറിയിച്ചിട്ടുണ്ട്. വിവിധ സന്യാസ സമൂഹങ്ങളുടേയും വ്യക്തികളുടേയും ഇടവകകളുടേയും സഹകരണത്തിന്റെ ഫലമാണ് ഇത്.   ഇനിയും അനേകം പേര്‍ ഈ സഹായ ചങ്ങലയില്‍ കണ്ണികളാവാന്‍ എത്തുമെന്ന് തന്നെയാണ് മെത്രാന്റെ പ്രതീക്ഷ. ഇടുക്കിക്കാരുടെ മനസറിഞ്ഞ ഇടുക്കിയുടെ സ്വന്തം ബിഷപ്പാണ് ജോണ്‍ നെല്ലിക്കുന്നേല്‍. സ്വന്തം ജനത്തിനു ഒരു പ്രതിസന്ധി ഉണ്ടാവുമ്പോള്‍ ഒപ്പം നില്‍ക്കേണ്ടത് തന്റെ കടമയല്ലേ എന്ന് അദ്ദേഹം ചോദിക്കുന്നു.

മെത്രാന്റെ ഈ ആശയം ഇടുക്കിക്കാര്‍ ഏറ്റെടുത്തതോടെ കേരളം നേരിട്ട വന്‍ പ്രളയത്തില്‍ വീടും സ്ഥലവും എല്ലാം നഷ്ടപ്പെട്ട ഒരു കൂട്ടം ആളുകള്‍ പ്രതീക്ഷയോടെ ജീവിതത്തിലേയ്ക്ക് പിച്ച വെക്കുകയാണ്‌. ഇടുക്കിക്കാര്‍ക്ക് മാത്രമല്ല കേരളം മുഴുവനും മാതൃകയാക്കാവുന്ന ഒരു ആശയമാണ് പിതാവ് മുന്നോട്ട് വെക്കുന്നത്. ഈ നന്മനിറഞ്ഞ വീക്ഷണം, ആശയം ഒരു നവ കേരളത്തിന്റെ സൃഷ്ടിക്കു അടിസ്ഥാനമിടട്ടെ…

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.