ചെല്ലാനത്ത് വിഷയത്തില്‍ കെസിബിസിയുടെ അഭ്യര്‍ത്ഥന

എറണാകുളം ജില്ലയിലെ ചെല്ലാനം പ്രദേശത്തെ ജനങ്ങളുടെ ദുരന്തം ചൂണ്ടിക്കാട്ടി വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ കേരള സര്‍ക്കാരിനോടും പൊതുസമൂഹത്തോടും അഭ്യര്‍ത്ഥിച്ച് കെസിബിസി പ്രസിഡന്റ് മാര്‍ ജോര്‍ജ് ആലഞ്ചേരി. ഓഡിയോ സന്ദേശത്തിലൂടെയാണ് മാര്‍ ആലഞ്ചേരി ഇക്കാര്യം സര്‍ക്കാരിന്റെയും ജനപ്രതിനിധികളുടേയും ശ്രദ്ധയില്‍ പെടുത്തിയത്.

മാര്‍ ആലഞ്ചേരിയുടെ വാക്കുകളിങ്ങനെ…

‘ കേരളത്തിലെ ബഹുമാനപ്പെട്ട സര്‍ക്കാരിനോടും പൊതുസമൂഹത്തോടും കെസിബിസി നടത്തുന്ന അഭ്യര്‍ത്ഥന. പ്രിയമുള്ളവരേ എറണാകുളം ജില്ലയിലെ ചെല്ലാനം പ്രദേശത്തെ മുഴുവനും കടല്‍ക്ഷോഭം മൂലമുള്ള വെള്ളം വിഴുങ്ങിയിരിക്കുകയാണ്. ജനങ്ങളെല്ലാം വലിയ ദുരിതത്തിലാണ്. വീടുകളുടേയും മറ്റു കെട്ടിടങ്ങളുടേയും ടെറസുകളിലായിട്ടാണ് അവരിപ്പോള്‍ കഴിയുന്നത്. ഈ സാഹചര്യത്തില്‍ ജില്ലാ ഭരണകൂടത്തിന്റെ ശ്രദ്ധ ചെല്ലാനത്തെ ജനങ്ങളുടെ കാര്യത്തിലുണ്ടാകണമെന്ന് സ്‌നേഹപൂര്‍വ്വം അഭ്യര്‍ത്ഥിക്കുന്നു. കാരിത്താസ് ഇന്ത്യയുടെ അടിയന്തിര സഹായം ഉടനെ എത്തിക്കാമെന്ന് അറിയിച്ചിട്ടുണ്ട്.

എന്നാല്‍ ദുരിതാശ്വാസത്തിന് അത് തികച്ചും അപര്യാപ്തമാണ്. സമീപ പ്രദേശങ്ങളിലെ സഭാ സംവിധാനങ്ങളും പൊതുസമൂഹവും ഉടനെ ആവശ്യമായ സഹായം എത്തിക്കേണ്ടിയിരിക്കുന്നു. കോവിഡ് 19 പടരുന്ന സാഹചര്യവും അവിടെ നിലനില്‍ക്കുന്നുണ്ട്. അതിനാല്‍ സര്‍ക്കാര്‍ നിയോഗിക്കുന്ന ആരോഗ്യപ്രവര്‍ത്തകരുടെ ആവശ്യകമായ സേവനവും ഉണ്ടാകേണ്ടിയിരിക്കുന്നു. ദുരിതത്തിലായിരിക്കുന്ന ചെല്ലാനത്തെ നമ്മുടെ സഹോദരങ്ങള്‍ നമ്മുടെ ചിന്തയിലും പ്രാര്‍ത്ഥനയിലും ഉണ്ടായിരിക്കട്ടെ. ദൈവം അവരെ അനുഗ്രഹിക്കട്ടെ.

പി.ഒ.സി.യില്‍ നിന്ന്
മാര്‍ ജോര്‍ജ് ആലഞ്ചേരി കെസിബിസി പ്രസിഡന്റ്‌

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.