കൊറോണ ബാധിതയായ മുത്തശ്ശിയെക്കാണാൻ കോറി താണ്ടിയത് 220 മൈലുകൾ

കോറി കാപ്പെല്ലോണി എന്ന അത്‌ലറ്റ് 220 മൈലുകൾ ഓടിയത് 98 വയസുള്ള റൂത്ത്‌ എന്ന തന്റെ മുത്തശ്ശിയെക്കാണാൻ വേണ്ടിയാണ്. എന്നാൽ, അതുമാത്രമല്ലായിരുന്നു അദ്ദേഹത്തിന്റെ ലക്‌ഷ്യം. ഈ പകർച്ചവ്യാധിയുടെ സമയങ്ങളിൽ പ്രായാധിക്യത്താൽ കഷ്ടത അനുഭവിക്കുന്നവർക്ക് അവർ അനുഭവിക്കുന്ന ഒറ്റപ്പെടലിൽ സാന്ത്വനമേകുവാനുമാണ് കിലോമീറ്ററുകൾ താണ്ടിയുള്ള ഈ ഓട്ടം. അദ്ദേഹം താമസിക്കുന്ന വാഷിംഗ്ടൺ ഡിസിയിൽ നിന്ന് തന്റെ ജന്മനാടായ പെൻസിൽവാനിയയിലെ സ്‌ക്രാന്റണിലേക്കാണ് അദ്ദേഹം ഓടി എത്തിയത്.

അത്ഭുതകരമായ ഈ ഓട്ടത്തിന്റെ മുദ്രാവാക്യം ‘റൺ ഫോർ റൂത്ത്’ എന്നായിരുന്നു. കൊറോണ ബാധിച്ച് ഒരു നേഴ്‌സിംഗ് ഹോമിൽ കോവിഡ് രോഗം മൂലം ഐസൊലേഷനിൽ ആണ് മുത്തശ്ശി. തന്റെ മുത്തശ്ശിയെ അകലെനിന്ന് കാണുക മാത്രമല്ല, ഒറ്റപ്പെട്ട അവസ്ഥയിലുള്ള അനേകം പേർക്ക് പ്രചോദനമേകുക എന്നതും കൂടിയാണ് കാപ്പെല്ലോണിയുടെ ലക്‌ഷ്യം. കാപ്പെല്ലോണിയുടെ ജീവിതത്തിലെ ഏറ്റവും ദൈർഘ്യമേറിയ ആ ഓട്ടം ജൂൺ 19 -ന് സ്‌ക്രാന്റണിലെ അലൈഡ് സർവീസസ് സ്‌കിൽഡ് നഴ്‌സിംഗ് ആന്റ് റിഹാബിലിറ്റേഷൻ സെന്ററിന് മുന്നിൽ അവസാനിച്ചു.

ഏഴ് ദിവസംകൊണ്ടാണ് അദ്ദേഹം തന്റെ യാത്ര അവസാനിപ്പിച്ചത്. അദ്ദേഹത്തന്റെ ഈ ഓട്ടത്തിന്റെ ലക്‌ഷ്യം കോവിഡ് മൂലം ഒറ്റപ്പെട്ട പ്രായമായ ആളുകൾക്ക് സ്മാർട്ട്‌ഫോണുകളും ടാബ്‌ലെറ്റുകളും വാങ്ങുന്നതിന് പണം സ്വരൂപിക്കുക എന്നത് തന്നെ. അങ്ങനെ അവർക്ക് അവരുടെ പ്രിയപ്പെട്ടവരുമായി ആശയവിനിമയം നടത്താനുള്ള മാർഗം ഉണ്ടാക്കുക. മുത്തശ്ശി താമസിക്കുന്ന കേന്ദ്രത്തിലെ ഉദ്യോഗസ്ഥർ ആ കൊച്ചുമകനെ വളരെ ആദരവോടെ സ്വീകരിച്ചു. നാലാം നിലയിലെ ജനാലയിൽ നിന്നുകൊണ്ട് ആ മുത്തശി തന്റെ കൊച്ചുമകനെ കണ്ടു. പിന്നീട് അവർ ഫോണിൽ സംസാരിച്ചു.

സെൽ‌ഫോണുകളും ടാബ്‌ലെറ്റുകളും വാങ്ങുന്നതിനായി കാപ്പെല്ലോണിക്ക് ഇതുവരെ 25,000 ഡോളർ സമാഹരിക്കാൻ കഴിഞ്ഞു. “ഞാൻ ജനിച്ച കാലം മുതൽ എന്നോടൊപ്പം എന്നും ഉണ്ടായിരുന്നത് മുത്തശ്ശിയായിരുന്നു. ഈ ഒറ്റപ്പെടലിന്റെ സമയത്ത് മുത്തശ്ശിയെ ഞാൻ സ്നേഹിക്കുന്നുവെന്ന് ഓർമ്മിപ്പിക്കാനും കൂടിയാണ് ഈ ഓട്ടം.” – കാപ്പെല്ലോണി പറയുന്നു.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.