കഴിഞ്ഞകാലത്തിലെ ബിലാത്തി വിശേഷകന്‍

ഇംഗ്ലണ്ടിലെ വിദ്യാഭ്യാസ കാലത്തിലെ അനുഭവങ്ങള്‍ക്ക് അടുക്കും ചിട്ടയും നല്‍കി അവതരിപ്പിച്ച് ‘ബിലാത്തി വിശേഷങ്ങള്‍’ കൊണ്ട് ശ്രദ്ധേയനും ആത്മകഥയ്ക്ക് അക്ഷരഭാഷ്യം തീര്‍ത്ത് ‘കഴിഞ്ഞകാല’ത്തിലൂടെ ശ്രദ്ധേയനുമായിത്തീര്‍ന്ന അനശ്വര പ്രതിഭയാണ് കെ.പി.കേശവമേനോന്‍. നഷ്ടവസന്തങ്ങളുടെ കൂട്ടത്തില്‍ കണക്കെടുക്കുമ്പോള്‍ ജീവിതം തന്നെ ഒരു ഋതുകാലമാക്കിത്തീര്‍ത്ത സകലകലാവല്ലഭന്‍ കെ.പി.യും നവംബറിന്റെ ഓര്‍മചിത്രമാണ്.

കെ. പി. കേശവമേനോന്‍
(01.09.1886 – 09.11.1978)

ആരുടെയും ഇഷ്ടാനിഷ്ടങ്ങള്‍ കണക്കിലെടുക്കാതെ എല്ലാവരേയും ബാധിക്കുന്നതാണ് മരണമെന്ന യാഥാര്‍ത്ഥ്യം. മനുഷ്യന്റെ കലാപരവും വൈജ്ഞാനികവുമായ എല്ലാ തലങ്ങളെയും ഒരുനാള്‍ ഈ യാഥാര്‍ത്ഥ്യം പിടികൂടുമ്പോള്‍ ബാക്കിവയ്ക്കാന്‍ നല്ല ഓര്‍മ്മകള്‍ മാത്രമാണുണ്ടാകുക. കാഴ്ചയുടെ വെട്ടമണഞ്ഞിട്ടും അക്ഷരവെളിച്ചത്തില്‍ ജീവിതത്തെ മുന്നോട്ടു നയിച്ച ഒരസാധാരണ വ്യക്തിത്വമായിരുന്നു കെ. പി. കേശവമേനോന്‍.

ഭൗതികവസ്തുക്കള്‍ ഛിന്നഭിന്നമായിപ്പോകുന്നതുമൂലമുണ്ടാകുന്ന അന്ത്യമാണ് പാദാര്‍ത്ഥിക മരണം. മുറിക്കപ്പെടുന്ന സസ്യലതാദികളും കൊല ചെയ്യപ്പെടുന്ന പക്ഷിമൃഗാദികളുമെല്ലാം പാദാര്‍ത്ഥിക മരണത്തിനു വിധേയമാവുകയാണ്. പൊട്ടിത്തെറിക്കുന്ന ആകാശഗോളങ്ങള്‍ക്കു സംഭവിക്കുന്നതും പാദാര്‍ത്ഥിക മരണം തന്നെ. എന്നാല്‍ ശരീരത്തില്‍ നിന്നും ആത്മാവ് വേര്‍പിരിയുമ്പോഴാണ് ദാര്‍ശനികമായ മരണമുണ്ടാകുന്നത്. ആത്മാവിന്റെ അമര്‍ത്യതയിലും മരണാനന്തരജീവിതത്തിലും വിശ്വസിക്കുന്നവര്‍ തങ്ങള്‍ മരിക്കുന്നുവെന്നല്ല തങ്ങളുടെ ആത്മാവ് ശരീരമുപേക്ഷിക്കുന്നുവെന്നാണ് പറയുക. കാരണം, അവരുടെ മരണത്തിന് ദാര്‍ശനികമായ അര്‍ത്ഥമാണുള്ളത്. കെ. പി. കേശവമേനോന്റെ മരണത്തിലും ദാര്‍ശനികമായ ഒരര്‍ത്ഥം കണ്ടെത്താന്‍ കഴിയും. ജഡം മറഞ്ഞെങ്കിലും കെ. പി. യുടെ ചിന്തകളും ദര്‍ശനങ്ങളും രചനകളും ഇന്നും വെളിച്ചം പകര്‍ന്ന് സമൂഹത്തില്‍ ഈ സര്‍ഗപ്രതിഭയുടെ സൗരഭ്യം പരത്തിക്കൊണ്ടിരിക്കുന്നു.

സ്വാതന്ത്ര്യസമര സേനാനി, സാഹിത്യകാരന്‍, അഭിഭാഷകന്‍, ചിന്തകന്‍, പത്രപ്രവര്‍ത്തകന്‍, സാമൂഹ്യ പരിഷ്‌കര്‍ത്താവ് തുടങ്ങിയ നിലകളില്‍ കെ. പി. കേശവമേനോന്റെ വിശേഷണങ്ങള്‍ നീളുമ്പോള്‍ തന്നെ ഒരു കാര്യം വ്യക്തമാകും; അറിയപ്പെടാതിരിക്കേണ്ടതും മറയപ്പെട്ടിരിക്കേണ്ടതുമല്ല ഈ പ്രതിഭാധനന്‍. കൈവച്ച മേഖലകളൊക്കെ മാറ്റങ്ങള്‍ കൊണ്ട് സമ്പന്നമാക്കിയും അവയിലൊക്കെ നന്മയുടെ വെളിച്ചം വിതറിയും അത് കാലങ്ങളോളം ശോഭിതമാകാനും വിധത്തില്‍ ഇടപെടലുകള്‍ നടത്തിയിട്ടുണ്ട്.

പാലക്കാട് തരൂര്‍ ഗ്രാമത്തില്‍ പാലക്കാട് സ്വരൂപത്തിലെ നടുവിലേടത്തില്‍ ഭീമനച്ചന്റെയും കിഴക്കേപോട്ടെവീട്ടില്‍ മീനാക്ഷി നൈത്യാരുടെയും എന്നിവരുടെ മകനായി 1886 സെപ്തംബര്‍ ഒന്നിന് കേശവമേനോന്‍ ഭൂജാതനായി. പ്രാഥമിക വിദ്യാഭ്യാസം തരൂര്‍, ആലത്തൂര്‍, കോഴിക്കോട് വിദ്യാലയങ്ങളിലായി പൂര്‍ത്തിയാക്കി. ഉന്നതവിദ്യാഭ്യാസം കോയമ്പത്തൂരും മദ്രാസ് ക്രിസ്ത്യന്‍ കോളേജിലുമായി നടത്തി. മദ്രാസ് സര്‍വ്വകലാശാലയില്‍ നിന്ന് ആര്‍ട്‌സില്‍ ബിരുദവും ഇംഗ്ലണ്ടില്‍ നിന്ന് നിയമത്തില്‍ ബാരിസ്റ്റര്‍ ബിരുദവും നേടി.

ഇതിനിടയില്‍ ദേശീയ സ്വാതന്ത്ര്യ പ്രസ്ഥാനത്തിലേക്ക് ആകൃഷ്ടനായ കേശവ മേനോന്‍ ഗോഖലയുടെ സ്വാധീനത്തിലകപ്പെട്ടു. ഇതോടെ സ്വന്തം കുടുമ മുറിച്ച് ജീവിതത്തിന്റെ തന്നെ സാമൂഹിക മാറ്റത്തിന് ആദ്യം തുടക്കം കുറിച്ചു. മലബാര്‍ ഹോംറൂള്‍ ലീഗ് സ്ഥാപിതമായപ്പോള്‍ പ്രസ്തുത പ്രസ്ഥാനത്തിലേക്ക് ആകൃഷ്ടനാകുകയും അതില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാനും ആരംഭിച്ചു. ക്രമേണ അതിന്റെ സെക്രട്ടറിയുമായി. നാട്ടിലെത്തിയ മേനോന്‍ ഇവിടെ അഭിഭാഷകവൃത്തിയിലേര്‍പ്പെട്ടു. 1917-ല്‍ മൊണ്ടേഗു പ്രഭുവിനെ കണ്ട് ഹോംറൂളിനെപ്പറ്റി സംസാരിക്കാന്‍ നിയോഗിതരായ നിവേദക സംഘത്തില്‍ ഇദ്ദേഹവും ഉണ്ടായിരുന്നു.

അവര്‍ണര്‍ക്കൊപ്പം തളിറോഡിലൂടെ നടക്കുകയും വൈക്കം സത്യഗ്രഹത്തില്‍ പങ്കെടുത്ത് ജയില്‍ ശിക്ഷ അനുഭവിക്കുകയും ചെയ്തിട്ടുള്ള കെ. പി. കേശവമേനോന്‍ സാമൂഹിക പരിവര്‍ത്തനത്തോട് തനിക്കുള്ള അതിരറ്റ അനുഭാവമാണ് പ്രകടമാക്കിയിട്ടുള്ളത്. തന്നിലേക്ക് തന്നെ ഒതുങ്ങിക്കൂടി വ്യക്തിജീവിതത്തിനും കുടുംബജീവിതത്തിനും മാത്രം പ്രാധാന്യം നല്‍കിയിരുന്ന വ്യക്തിയല്ലായിരുന്നു കെ. പി. കേശവമേനോന്‍. ശ്രീമൂലം തിരുനാളിന്റെ ദേഹവിയോഗത്തെ തുടര്‍ന്ന് റീജന്റ് ഭരണം ആരംഭിച്ചപ്പോള്‍ തടവുകാരില്‍ ചിലരെ വിട്ടയച്ചകൂട്ടത്തില്‍ കെ. പി. കേശവമേനോനും ഉള്‍പ്പെട്ടു. അങ്ങനെ ജയില്‍ മുക്തനായി.

ഒരു പത്രം എന്ന മോഹം ഉദിച്ചപ്പോള്‍ 1923-ല്‍ മാതൃഭൂമി പത്രത്തിന് മേനോന്‍ തുടക്കം കുറിച്ചു. പത്രപ്രവര്‍ത്തനം നടത്തിക്കൊണ്ടിരിക്കേ അഭിഭാഷകവൃത്തിയിലേക്ക് വീണ്ടും കടന്നപ്പോള്‍ മാതൃഭൂമി വിട്ടു. 1927 ആഗസ്റ്റ് 16-ന് മലേഷ്യയിലേക്ക് പോകുകയും സിങ്കപ്പൂരില്‍ പ്രാക്ടീസ് ആരംഭിക്കുകയും ചെയ്തു. അവിടെയുള്ള ഇന്ത്യക്കാരുടെ അവകാശ-ക്ഷേമപ്രവര്‍ത്തനങ്ങളില്‍ മുഴുകി പ്രവര്‍ത്തനങ്ങള്‍ ചിട്ടപ്പെടുത്തി. ഇതിനിടെ ഇന്ത്യന്‍ ഇന്‍ഡിപെന്‍ഡന്‍സ് ലീഗുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനങ്ങളിലും വ്യാപൃതനായി. രണ്ടാം ലോകമഹായുദ്ധകാലത്ത് ജപ്പാന്‍കാര്‍ അദ്ദേഹത്തെ തടവിലാക്കി. യുദ്ധത്തില്‍ ജപ്പാന്‍ തോറ്റതോടെ കേശവമേനോനെ വിട്ടയച്ചു. 1946-ല്‍ കോഴിക്കോട് മടങ്ങിയെത്തിയ മേനോന്‍ വീണ്ടും 1948-ല്‍ മാതൃഭൂമിയുടെ പത്രാധിപത്യം ഏറ്റെടുത്തു. ഇതോടൊപ്പം മലബാര്‍ ലോക്കല്‍ അതോറിറ്റി പ്രസിഡന്റ്, ആള്‍ ഇന്ത്യ ന്യൂസ് പേപ്പേഴ്‌സ് എഡിറ്റേഴ്‌സ് കോണ്‍ഫ്രന്‍സ് അംഗം എന്നീ നിലകളിലും കര്‍മനിരതനായി.

1951-ല്‍ സിലോണിലെ (ശ്രീലങ്ക) ഇന്ത്യന്‍ ഹൈക്കമ്മീഷണറായി കേശവമേനോന്‍ നിയമിതനായി. അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് ഒരുവര്‍ഷം കഴിഞ്ഞപ്പോള്‍ തന്നെ മേനോന്‍ തിരിച്ചുപോന്നു. അങ്ങനെ 1952-ല്‍ മാതൃഭൂമിയിലേക്കു തന്നെ മടങ്ങിയെത്തി. അഭിഭാഷകവൃത്തിയും പത്രപ്രവര്‍ത്തനവും സാമൂഹിക-നയതന്ത്രപ്രവര്‍ത്തനങ്ങളുമൊക്കെ നിര്‍വ്വഹിക്കുന്നതിനിടയിലും മേനോന്റെ രചനകള്‍ അവിരാമം നടന്നുകൊണ്ടിരുന്നു. തിരക്കുകള്‍ക്കിടയിലും നല്ല സൃഷ്ടികള്‍ സമൂഹത്തിനു നല്‍കാന്‍ ഈ നവോത്ഥാന ശില്‍പിക്കു സാധിച്ചുവെന്നുള്ളത് വലിയ നേട്ടമാണ്.

ഇംഗ്ലണ്ടിലെ വിദ്യാഭ്യാസ ജീവിതകാലത്തെ അനുഭവങ്ങളെ കോര്‍ത്തിണക്കി അണിയിച്ചൊരുക്കിയ ഗ്രന്ഥമാണ് ‘ബിലാത്തി വിശേഷങ്ങള്‍.’ ‘കഴിഞ്ഞകാല’ത്തിലൂടെ മേനോന്റെ ആത്മകഥ തന്നെ പ്രകാശിതമായി. 1958-ല്‍ ഇതിന് കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡും ലഭിച്ചു. ‘രാഷ്ട്രപിതാവ്’ എന്ന ഗ്രന്ഥത്തിന് കേരളസാഹിത്യ അക്കാദമി പുരസ്‌ക്കാരവും ലഭിച്ചു. ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ജീവിതരചനപോലെ തന്നെ ഗോപാലകൃഷ്ണ ഗോഖലെ, ലാല ലജ്പത് റായ്, ലോകമാന്യതിലകന്‍, ആലി സഹോദരന്മാര്‍, എബ്രഹാം ലിങ്കണ്‍ തുടങ്ങിയവരെക്കുറിച്ചുള്ള കൃതികളും ശ്രദ്ധേയങ്ങളാണ്.

ജീവചരിത്രശാഖയില്‍ ഇടംനേടിയ മേനോന്റെ മറ്റു രണ്ടു കൃതികളാണ്. ‘നവഭാരത ശില്‍പികള്‍’, ‘സമകാലീനരായ ചില കേരളീയര്‍’ എന്നിവ. ‘ബന്ധനത്തില്‍ നിന്ന്’, ‘ഭൂതവും ഭാവിയും’ എന്നീ രചനകള്‍ അനുഭവകഥകളാണ്. ‘ജീവിതചിന്തകള്‍’, ‘സായാഹ്നചിന്തകള്‍’ എന്നീ ഗ്രന്ഥങ്ങള്‍ കെ. പി. കേശവമേനോന്റെ പക്വമായ മനസിന്റെ പ്രതിഫലനങ്ങളത്രേ. ‘യേശുദേവന്‍’ എന്ന ബ്രഹ്ത്തായ ഒരു ഗ്രന്ഥവും തന്റെ ജീവിതാന്ത്യത്തില്‍ മേനോന്‍ എഴുതുകയുണ്ടായി. ‘ദാനഭൂമി’, ‘അസ്തമയം’ എന്നീ രണ്ട് കഥാസമാഹാരങ്ങളും ‘പ്രഭാതദീപം’ എന്ന ബാലസാഹിത്യകൃതിയും ‘മഹാത്മ’ നാടകവും കേശവമേനോന്റെ രചനാസംഭാവനകളാണ്. പുതുതലമുറയ്ക്ക് ലാളിത്യമനോഭാവവും ശുഭാപ്തിവിശ്വാസവും കര്‍മധീരതയും പ്രദാനം ചെയ്യാനുതകുന്ന ചിന്തകളാല്‍ സമ്പന്നമായിരുന്നു മേനോന്റെ രചനകളില്‍ പ്രകടമായിരുന്നത്.

1966-ല്‍ കെ. പി. കേശവമേനോന് പത്മഭൂഷണ്‍ നല്‍കി രാഷ്ട്രം ആദരിക്കുകയുണ്ടായി. കോഴിക്കോട് സര്‍വ്വകലാശാല ഓണററി ഡോക്ടറേറ്റും നല്‍കി ആദരിച്ചു. ജീവിത സായാഹ്നത്തിലെത്തിയപ്പോള്‍ കാഴ്ച ശക്തി നശിച്ചെങ്കിലും ഉള്‍വെളിച്ചത്തില്‍ പ്രേരിതനായി തന്റെ അക്ഷരസ്‌നേഹം പ്രകടിപ്പിച്ചുകൊണ്ട് രചനകളില്‍ മുഴുകിയിരുന്നു. 1978 നവംബര്‍ ഒന്‍പതിന് അക്ഷരങ്ങളെ വിട്ടുപേക്ഷിച്ച് രചനയും വായനയും ഇല്ലാത്ത നാട്ടിലേക്കദ്ദേഹം യാത്രയായി. ജീവിതം മടുത്തു എങ്ങനെയെങ്കിലും മരിച്ചാല്‍ മതി എന്നു ചിന്തിക്കുന്നവര്‍ക്കു അപവാദമായാണ് കെ. പി. കേശവമേനോന്‍ തന്റെ അന്ധതയിലും ജീവിക്കാന്‍ ശ്രമിച്ചത്. ജീവിതത്തോടുള്ള ആഭിമുഖ്യം കാഴ്ചയ്ക്കപ്പുറത്തും അദ്ദേഹം നിലനിര്‍ത്തിയിരുന്നു. ജീവിതത്തെ അന്ത്യനിമിഷം വരെ നിഷ്‌ക്രിയമാക്കാതെ ക്രിയാത്മകമാക്കി മാറ്റി ഈ അക്ഷര-രാജ്യസ്‌നേഹി.

ജോസ് ക്ലെമന്റ്

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.