നവംബറിന്റെ കുമ്പസാരം

”ജീവിതത്തില്‍ മനുഷ്യന്റെ യഥാര്‍ത്ഥ സ്വഭാവം വെളിപ്പെടും. മരിക്കും മുമ്പ് ആരെയും ഭാഗ്യവാനെന്ന് വിളിക്കരുത്. മരണത്തിലൂടെയാണ് മനുഷ്യനെ അറിയുക” (പ്രഭാ 11:27,28).

നവംബര്‍ മരിച്ചവരുടെ ഓര്‍മ്മകള്‍ തരുന്ന മാസത്തേക്കാള്‍ മരിക്കുമെന്ന ഓര്‍മതരുന്ന മാസമാകണം. കാരണം, മരണത്തില്‍ നിന്നും ആരും ഒരിക്കലും രക്ഷപ്പെടുന്നില്ല. എന്നെങ്കിലുമൊരിക്കല്‍ മരണത്തിനു കീഴടങ്ങണം. എത്ര പണ്ഡിതനായാലും പാമരനായാലും മരണം വന്നുവിളിക്കുമ്പോള്‍ ശൂന്യമായ കൈകളോടെ ഇവിടം വിട്ടിറങ്ങണം. വായനാലോകത്തിന് സൂര്യതേജസേകി വിഖ്യാത രചനകളിലൂടെ വിശ്വമറിഞ്ഞ റഷ്യന്‍ സാഹിത്യകാരന്‍ ലിയോ ടോള്‍സ്റ്റോയിയുടെ മരണം ദാരുണമായിരുന്നു. അതൊരു അപകടമോ ആത്മഹത്യയോ ഒന്നുമായിരുന്നില്ലെങ്കിലും ഏകാന്തതയുടെ ഒറ്റപ്പെടലില്‍ അനാഥമായി മരണത്തെ പുല്‍കേണ്ടി വന്നു. കീര്‍ത്തികളൊന്നും കൂട്ടിനുണ്ടായിരുന്നില്ല; പ്രകീര്‍ത്തിച്ചവരും. നവംബര്‍ നമ്മെ ഓര്‍മ്മപ്പെടുത്തുന്ന ചിന്തകളില്‍ ഈ വിശ്വസാഹിത്യകാരനും ഒരു നൊമ്പരമുണര്‍ത്തുന്നു. ലിയോ ടോള്‍സ്റ്റോയിയുടെ 117-ാം ചരമവാര്‍ഷികസ്മരണാദിനമാണിന്ന്.

ലിയോ ടോള്‍സ്റ്റോയി
(09.09.1828 – 20.11.1910)

‘യുദ്ധവും സമാധാനവും’ എന്നു കേള്‍ക്കുമ്പോള്‍ തന്നെ ആ വാക്കുകളില്‍ ഒളിഞ്ഞിരിക്കുന്ന ഭീകരതയുടെ ചൂടും ആശ്വാസത്തിന്റെ തണവും അനുഭവപ്പെടാനാകും. ഇത് സാധാരണക്കാരന്റെ മനോമുകുരത്തിലെ ചിന്തയാണെങ്കില്‍ വായനാലോകത്തായിരിക്കുന്നവരുടെ മനസ്സിലേക്ക് ഓടിയെത്തുന്നത് വിഖ്യാത സാഹിത്യകാരന്‍ ലിയോ ടോള്‍സ്റ്റോയിയുടെ നാമമാണ്. ലോകത്ത് ഇന്നേവരെ പുറത്തിറക്കിയിട്ടുള്ള നോവലുകളില്‍ മികച്ചതെന്ന് പുകള്‍പ്പെറ്റ സാഹിത്യസൃഷ്ടിയാണ് ‘യുദ്ധവും സമാധാനവും.’ നവംബര്‍ ചിന്തകളില്‍ ഓര്‍മ്മപ്പെടുത്തുന്ന ഒരു നാമമാണ് സാഹിത്യനഭസ്സിലെ അതികായകന്‍ ലിയോ ടോള്‍സ്റ്റോയിയുടെ പേര്. മലയാളത്തിലെ എല്ലാ കാല്പനിക കവികളെയും മൃത്യുബോധം നിരന്തരം അലട്ടിയിരുന്നു. ഇവരില്‍ ഏറ്റവും ശക്തമായ മൃത്യുബോധം പ്രകടിപ്പിച്ചിരുന്നത് കുമാരനാശാനും ജി. ശങ്കരക്കുറുപ്പും ചങ്ങമ്പുഴയുമായിരുന്നു. അവര്‍ മരണത്തെ എങ്ങനെ സമീപിക്കുകയും മരണത്തോടെങ്ങനെ പ്രതികരിക്കുകയും ചെയ്തുവെന്നത് വ്യക്തമാണ്. മരണം ഒരു ശാപമല്ല, മനുഷ്യവംശത്തിന് ലഭിച്ച മഹാനുഗ്രഹമാണ് എന്ന നിരീക്ഷണം ഇവരുടെ കവിതകളില്‍ അന്വര്‍ത്ഥമാകുന്നുണ്ട്. എന്നാല്‍ വിഖ്യാതനായ റഷ്യന്‍ സാഹിത്യകാരന്‍ ടോള്‍സ്റ്റോയി ഏകാന്തതയുടെ നീരാളിപ്പിടുത്തത്തില്‍ സമാധാനമില്ലാതെ ഒരു റെയില്‍വേ സ്റ്റേഷനിലായിരുന്നു മരണത്തെ ആശ്ലേഷിച്ചത്.

ചരിത്രത്തിന്റെ ചുവരെഴുത്തില്‍ വായിക്കാനാകും ലിയോ ടോള്‍സ്റ്റോയി ലോക പ്രശസ്ത സാഹിത്യകാരന്‍, ചിന്തകന്‍, തത്വജ്ഞാനി, നോവലിസ്റ്റ്, ചെറുകഥാകൃത്ത്, നാടകകൃത്ത് എന്നീ വിശേഷണങ്ങളുടെ വ്യഖ്യാനങ്ങളാല്‍. മനുഷ്യാനുഭവത്തിന്റെയും ഉള്‍ക്കാഴ്ചയുടെയും ഏറ്റവും വിശാലമായ കാന്‍വാസാണ് ‘യുദ്ധവും സമാധാനവും’ എന്ന നോവലിലൂടെ ഈ സാഹിത്യ നായകന്‍ ലോകമെമ്പാടുമുള്ള വായനക്കാര്‍ക്ക് പ്രദാനം ചെയ്തത്. നെപ്പോളിയന്റെ അക്രമണകാലത്തെ റഷ്യന്‍ ജീവിതത്തെ ടോള്‍സ്റ്റോയി എന്ന അതുല്യപ്രതിഭ അപൂര്‍വ്വ ചാരുതയോടെയാണ് വരച്ചുകാട്ടുന്നത്.

മധ്യ റഷ്യയിലെ യസ്വാന പോള്യാനയിലെ ഒരു പ്രഭുകുടുംബത്തില്‍ 1828 സെപ്തംബര്‍ ഒന്‍പതിന് കൗണ്ട് ലെവ് നിക്കോളോയോവിച്ച് ടോള്‍സ്റ്റോയി (ലിയോ ടോള്‍സ്റ്റോയി) ഭൂജാതനായി. 1847-ല്‍ പൈതൃക സ്വത്തുക്കളുടെ അവകാശിയായിത്തീര്‍ന്നു. അതേവര്‍ഷം തന്നെ പഠനം പൂര്‍ത്തിയാക്കുന്നതിനുമുമ്പ് സര്‍വ്വകലാശാലയില്‍ നിന്നും പുറത്തേക്കുവന്നു. 1851-ല്‍ സൈനിക സേവനത്തിനായി ചേരുകയും 1856-വരെ സൈന്യ സേവനത്തില്‍ തുടരുകയും ചെയ്തു. ഇതിനിടയിലാണ് രചനയുടെ ലോകത്തേക്ക് ടോള്‍സ്റ്റോയി പിച്ചവയ്ക്കുന്നത്. നിരവധി ചെറുകഥകള്‍, പ്രബന്ധങ്ങള്‍, വിദ്യാഭ്യാസപരവും മതപരവുമായ നിരവധി പാഠപുസ്തകങ്ങള്‍, തത്വശാസ്ത്ര ലേഖനങ്ങള്‍ എന്നിവ അദ്ദേഹത്തിന്റെ രചനയിലൂടെ പുറത്തുവന്നു.

1862-ലാണ് തന്റെ ജീവിതസഖിയെ കണ്ടെത്തുന്നതും സെപ്തംബര്‍ 23-ന് സോഫിയ ആന്‍ഡ്രെയേവ്‌നയെ വിവാഹം കഴിക്കുന്നതും. വിവാഹാനന്തരമാണ് ഇതിഹാസതുല്യമായ ‘യുദ്ധവും സമാധാനവും’ എന്ന നോവലിന്റെ രചന ആരംഭിക്കുന്നത്. 1869-ല്‍ ഇത് പൂര്‍ത്തിയാക്കി ലോകത്തിനു മുന്നില്‍ സമര്‍പ്പിച്ചപ്പോള്‍ അന്നേവരെ സാഹിത്യലോകം കണ്ടിട്ടില്ലാത്ത ഒരു മികച്ച നോവലെന്ന ഖ്യാതി ‘യുദ്ധവും സമാധാനവും’ സ്വന്തമാക്കി. ആ കീര്‍ത്തി ഇന്നും തുടരുന്നുവെന്നറിയുമ്പോള്‍ ടോള്‍സ്റ്റോയി എന്ന രചയിതാവിന്റെ രചനാവൈഭവവും ആശയഗാംഭീര്യവും എത്രമാത്രം ഉയരങ്ങളിലായിരുന്നുവെന്ന് മനസ്സിലാക്കാവുന്നതാണ്.

ടോള്‍സ്റ്റോയിയുടെ മാസ്റ്റര്‍പീസായി കണക്കാക്കപ്പെടുന്ന കൃതിയാണ് പിന്നീട് പിറവികൊണ്ടത് – ‘അന്നാ കരീനിന.’ അന്നാ കരീനിന കയറാത്ത നാടകതട്ടുകള്‍ കേരളത്തില്‍ വിരളവും ഈ വിഖ്യാത നാടകം കാണാത്ത സഹൃദയര്‍ അപൂര്‍വ്വവുമായിരിക്കും. മനുഷ്യമനസിന്റെ അഗാധതകളെ തുരന്നെടുത്ത് നാടകീയമായി അവതരിപ്പിക്കുന്ന കൃതിയായിരുന്നു 1877-ല്‍ പുറത്തിറങ്ങിയ ‘അന്ന കരീനിന.’ പിന്നീട് നിരവധി രചനകള്‍ ടോള്‍സ്റ്റോയിയുടെ തൂലികയില്‍ നിന്നും ഒഴുകിയിറങ്ങി. ചെറുതും വലുതുമായ രചനകള്‍. ‘ദ് ഡെത്ത് ഓഫ് ഈവന്‍ ഇലിച്ച്’ (ഈവന്‍ ഇലിച്ച് എന്നയാളുടെ മരണം), ‘ഫാമിലി ഹാപ്പന്‍സ്’, ‘റിസറക്ഷന്‍’ (പുനഃരുത്ഥാനം), ‘ദൈവരാജ്യം നിങ്ങളിലുണ്ട്’ എന്നിവ ഇതിലുള്‍പ്പെടുന്നതാണ്.

1870-കളില്‍ ടോള്‍സ്റ്റോയി ധാര്‍മികമായ പ്രതിസന്ധിയലകപ്പെടുന്നുണ്ട്. ജീവിതത്തില്‍ മാത്രമല്ല രചനകളിലും അത് പ്രതിഫലിക്കുന്നുണ്ട്. 1882-ല്‍ ടോള്‍സ്റ്റോയിയില്‍ നിന്നും പുറത്തുവന്ന മതാത്മക നോവലായിരുന്നു ‘കുമ്പസാരം’ (ദ് കണ്‍ഫഷന്‍). ഇത് ഏറെ ചര്‍ച്ച ചെയ്യപ്പെടുകയും 1901-ല്‍ റഷ്യന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ നിന്നും ലിയോ ടോള്‍സ്റ്റോയിയെ പുറത്താക്കുകയും ചെയ്തു. ക്രമേണ കുടുംബത്തില്‍ നിന്നും ഒറ്റപ്പെട്ടവനാകുകയും 1910-ല്‍ വീടുവിട്ടിറങ്ങുകയും ചെയ്തു. അതേവര്‍ഷം നവംബര്‍ പത്തിന് യസ്വാനാ പോബ്യാന റെയില്‍വേ സ്റ്റേഷനില്‍ അനാഥാവസ്ഥയില്‍ ഈ വിശ്വസാഹിത്യകാരന്റെ തൂലിക നിലച്ചു. ചുറ്റുമുള്ളവര്‍ക്ക് നല്‍കേണ്ടത് നല്‍കാന്‍ മരണം വരെ കാത്തുനില്‍ക്കേണ്ട എന്ന ഓര്‍മ്മപ്പെടുത്തലുമായി യുദ്ധമില്ലാത്തിടത്തേക്ക് സമാധാനം തേടി നവംബറിന്റെ ആ കുമ്പസാരക്കാരന്‍ വര്‍ണച്ചിറകുകളില്ലാതെ പറന്നുപോയി. മരണം വിദൂരമല്ലെന്ന ഓര്‍മ്മപ്പെടുത്തല്‍ നല്‍കുമ്പോള്‍ ടോള്‍സ്റ്റോയിയുടെ ജീവിതവും നല്‍കുന്ന സന്ദേശവും കുറ്റമറ്റതുതന്നെ. ഇന്ന് വിശ്വമറിയുന്ന സാഹിത്യകാരന്‍ നാളെ ചലനമറ്റ വെറും ജഡം. പ്രഭാഷകനും ഓര്‍മ്മപ്പെടുത്തുന്നതിതുതന്നെയാണ്. ”മരണം വിദൂരമല്ലെന്ന് ഓര്‍ക്കുക; പാതാളത്തില്‍ പ്രവേശിക്കേണ്ട സമയം നിനക്ക് അജ്ഞാതമാണ്” (പ്രഭാ 14:12).

ജോസ് ക്ലെമന്റ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.