കൊടും ചൂടിൽ ഉരുകിയ നാളുകൾ

ഫാ. ജെൻസൺ ലാസാലെറ്റ്
ഫാ. ജെൻസൺ ലാസാലെറ്റ്

ആന്ധ്രയിലെ ജാനംപേട്ടുള്ള കപ്പൂച്ചിൻ സെമിനാരിയിലായിരുന്നു എന്റെ ദൈവശാസ്ത്ര പഠനം. ഫെബ്രുവരി മാസം കഴിഞ്ഞാൽ കാലാവസ്ഥ ചൂടാണ്. ഏപ്രിൽ, മെയ് മാസങ്ങളിൽ അത് ഏറ്റവും കഠിനമാകും. മുറിയിൽ വെള്ളം കെട്ടിനിർത്തി ഫാൻ ഓണാക്കി കൂളിങ്ങ് സിസ്റ്റം തയ്യാറാക്കുന്നവരും ദിവസത്തിൽ പലയാവർത്തി കുളിക്കുന്നവരും ഞങ്ങളുടെ കൂട്ടത്തിലും ഉണ്ടായിരുന്നു. മണിക്കൂറുകൾ നീണ്ടുനിൽക്കുന്ന പവർകട്ട് നിത്യസംഭവമായിരുന്നു. ചൂടിൽ ഉരുകുന്നതിനെക്കുറിച്ച് ഓർക്കുമ്പോൾ ജീവിതം എത്ര ക്ലേശകരമാണെന്ന്  ഊഹിക്കാവുന്നതല്ലേ?

മിക്ക വീടുകളിലെയും ആളുകൾ മുറ്റത്തോ, കെട്ടിയുണ്ടാക്കിയ കട്ടിലുകളിലോ മറ്റോ ആകും ഉറക്കം. ആ നാളുകളിൽ രാത്രിയിൽ ടെറസിൽ കിടന്നുറങ്ങിയതിന്റെ ഓർമ്മകൾ ഇന്നും മനസിലുണ്ട്. ടെറസിലാകുമ്പോൾ ചെറിയ കാറ്റുണ്ടാകും. കൊതുകിനെ ഓടിക്കാൻ ഏറെ പാടുപെട്ടു. ആകാശത്തിലെ നക്ഷത്രങ്ങൾ, നിലാവ്, ചിറകടിച്ചു പായുന്ന വവ്വാലുകളുടെയും തെരുവിൽ ഓരിയിടുന്ന തെരുവ് നായ്ക്കളുടെയും സ്വരം… ആ കാലം കഴിഞ്ഞിട്ട് വർഷങ്ങൾ കുറേ ആയെങ്കിലും ഓർക്കുമ്പോൾ മനസിന് സന്തോഷം തോന്നുന്നു.

ചില നൊമ്പരങ്ങളിലൂടെ കടന്നുപോകുക വേദനാജനകമാണെങ്കിലും പിന്നീട് അതിനെക്കുറിച്ച് ഓർക്കുമ്പോൾ മാത്രമേ അവയിൽ ഒളിഞ്ഞിരുന്ന ദൈവകൃപയുടെ ആഴം നമുക്ക് വ്യക്തമാകൂ. അങ്ങനെയൊന്ന് നസ്രത്തിലെ ആ കുടുംബത്തിനും സംഭവിച്ചിട്ടുണ്ട്.

നിറവയറുമായി വാതിലുകൾ ഏറെ മുട്ടിയെങ്കിലും അവർക്കായി വാതിലുകൾ തുറക്കപ്പെട്ടില്ല. സത്രത്തില് ഇടം ലഭിക്കാതിരുന്ന മറിയത്തിനെയും യൗസേപ്പിനെയും ദൈവം ക്ഷണിച്ചത് പൂൽക്കൂട്ടിലേക്കായിരുന്നു (ലൂക്കാ 2:7).

അന്ന് ആ അനുഭവം അവർക്ക് അപമാനകരവും ക്ലേശകരവുമായിരുന്നു. എന്നാൽ ആ സഹനങ്ങളിലൂടെ കടന്നുപോയപ്പോൾ പിന്നീടുള്ള സഹനങ്ങളെയെല്ലാം നെഞ്ചുറപ്പോടെ നേരിടാൻ തിരുക്കുടുംബത്തിനു കഴിഞ്ഞു. അന്ന് അങ്ങനെ സംഭവിച്ചതു കൊണ്ടു മാത്രമാണ് ഭൂമിയിൽ പിറന്ന ദൈവപുത്രനെ ആരാധിക്കാൻ ആട്ടിടയന്മാർക്കു പോലും അവസരം ലഭിച്ചത്.

ചില സഹനങ്ങൾ ദൈവം അനുവദിക്കുന്നത് നമുക്ക് അനുഗ്രഹമാകാനും അനേകർക്ക് സാക്ഷ്യമാകാനും വേണ്ടിയാണെന്ന തിരിച്ചറിവ് നമ്മെ വഴി നടത്തട്ടെ!

ഫാ. ജെൻസൺ ലാസലെറ്റ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.