വൈകി വന്ന മാനസാന്തരം

ഫാ. ജെൻസൺ ലാസാലെറ്റ്
ഫാ. ജെൻസൺ ലാസാലെറ്റ്

സ്വത്ത് തര്‍ക്കത്തിന്റെ പേരില്‍ വര്‍ഷങ്ങളായി ആ സഹോദരങ്ങള്‍ തമ്മില്‍ കലഹത്തിലാണ്. പരസ്പരം സംസാരിച്ചിട്ട് നാളുകളേറെയായി. എന്തായാലും ആ വര്‍ഷം ഇടവക പള്ളിയില്‍ സംഘടിപ്പിച്ച വാര്‍ഷികധ്യാനത്തില്‍ ഇരുവരും പങ്കെടുത്തു. അന്നത്തെ ധ്യാനത്തില്‍ ക്ഷമയെക്കുറിച്ചാണ് അച്ചന്‍ പ്രസംഗിച്ചത്. “നിങ്ങള്‍ സഹോദരനോട് ഹൃദയപൂര്‍വ്വം ക്ഷമിക്കുന്നില്ലെങ്കില്‍ എന്റെ സ്വര്‍ഗസ്ഥനായ പിതാവ് നിങ്ങളോടും ക്ഷമിക്കുകയില്ല” (Ref: മത്തായി 18:35) എന്ന വചനം അനുജന്റെ ഹൃദയത്തെ സ്പര്‍ശിച്ചു.

അന്നത്തെ ധ്യാനം കഴിഞ്ഞ് എല്ലാവരും പള്ളിയില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ അനുജന്‍ ജേഷ്ന്റെ മുഖത്തു നോക്കി പുഞ്ചിരിച്ചു. എന്നാല്‍ ജേഷ്ഠന്‍ അത് ഗൗനിക്കാതെ നീങ്ങി. പിന്നീട് സംഭവിച്ചത് വേദനാജനകമാണ്; ആ രാത്രി ഹൃദയാഘാതം വന്ന് അനുജന്‍ ഈ ലോകം വിട്ട് യാത്രയായി. തന്നെ നോക്കി പുഞ്ചിരിച്ച അനുജന്റെ മുഖം ചേട്ടന്റെ മനസിനെ പിന്നീട് വേട്ടയാടി. ശവമഞ്ചത്തിനരികില്‍ വന്ന് അയാള്‍ നിലവിളിച്ചു: “എന്നാലും എന്റെ കൂടപ്പിറപ്പേ, നീ എന്നെ നോക്കി ചിരിച്ചപ്പോള്‍ നിനക്കൊരു പുഞ്ചിരി നല്‍കാന്‍ ഈ ചേട്ടന് കഴിഞ്ഞില്ലല്ലോ? കഠിനഹൃദയനായ എന്നോട് നീ പൊറുക്കണമേ…”

വൈകി വന്ന മാനസാന്തരം എന്ന് അയാളെ നോക്കി പലരും അടക്കം പറഞ്ഞു. ഇനിയെത്ര നാള്‍ ഈ ഭൂമിയില്‍ ജീവിക്കുമെന്ന് നമുക്കാര്‍ക്കും അറിയില്ലല്ലോ? ഒരു ഉറക്കത്തിനും ഉണര്‍വിനുമിടയില്‍ പോലും മരണം സംഭവിക്കുന്നു. ആരോഗ്യമുള്ളവര്‍ പോലും കുഴഞ്ഞുവീണ് മരിക്കാറുണ്ട്. സങ്കീര്‍ത്തനം പറയുന്നതുപോലെ “മനുഷ്യജീവിതം പുല്ലു പോലെയാണ്; വയലിലെ പൂ പോലെ അത് വിരിയുന്നു; എന്നാല്‍, കാറ്റടിക്കുമ്പോള്‍ അത് കൊഴിഞ്ഞുപോകുന്നു; അത് നിന്നിരുന്ന ഇടം പോലും അതിനെ ഓര്‍ക്കുന്നില്ല” (സങ്കീ. 103: 15-16).

ഇതെല്ലാം അറിഞ്ഞിട്ടും ഇനിയും പുകഞ്ഞുകൊണ്ടിരിക്കുന്ന പകയുടെ ധൂമകലശവുമായി നാം യാത്ര തുടരുന്നു. കോവിഡിന്റെ ഇക്കാലം അനുരജ്ഞനത്തിന്റെയും അനുനയത്തിന്റെയും നവീകരണത്തിന്റെയും കാലമാകട്ടെ!

ഫാ. ജെന്‍സണ്‍ ലാസലെറ്റ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.