സീറോ മലബാര്‍ കുര്‍ബാനക്രമത്തെക്കുറിച്ച് ഫ്രാന്‍സിസ് പാപ്പായുടെ കത്ത്

സീറോ മലബാര്‍ സഭയുടെ പരിഷ്‌കരിച്ച ഏകീകൃത കുര്‍ബാനക്രമത്തിന് അംഗീകാരം നല്‍കിക്കൊണ്ട് മാര്‍പാപ്പ കത്തയച്ചു. സഭയിലെ മെത്രാന്മാരേയും വൈദികരേയും സന്യസ്തരേയും അത്മായരേയും അഭിസംബോധന ചെയ്തുകൊണ്ടാണ് കത്ത്. സീറോ മലബാര്‍ സിനഡ് 1999 -ല്‍ അംഗീകരിച്ചതും തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ വേണ്ട മാറ്റങ്ങള്‍ വരുത്തി ആവര്‍ത്തിച്ച് അംഗീകരിക്കപ്പെട്ടതുമായ പരിഷ്‌കരിച്ച കുര്‍ബാനക്രമത്തിനാണിപ്പോള്‍ പാപ്പായുടെ അംഗീകാരം ലഭിച്ചിരിക്കുന്നത്. പാപ്പായുടെ കത്തിന്റെ പൂര്‍ണ്ണരൂപം ചുവടെ…

സീറോ മലബാർ സഭയിലെ എല്ലാ മെത്രാന്മാർക്കും വൈദികർക്കും സന്യസ്തർക്കും അത്മായർക്കും പരിശുദ്ധ പിതാവ് ഫ്രാൻസിസ് പാപ്പായുടെ കത്ത്.

മിശിഹായിൽ പ്രിയ സഹോദരീ-സഹോദരന്മാരേ,

പരിശുദ്ധ കുർബാനയർപ്പണത്തിന്റെ ഏകീകൃത രീതിക്കായി സിറോ മലബാർ സഭയിലെ മെത്രാന്മാരുടെ സിനഡ് 1999 -ൽ ഐക്യകണ്ഠേന എത്തിച്ചേർന്നതും തുടർന്നുള്ള വർഷങ്ങളിൽ ആവർത്തിച്ച് അംഗീകരിച്ചതുമായ തീരുമാനത്തെ നിങ്ങളുടെ പ്രിയപ്പെട്ട സഭാഗാത്രത്തിനുള്ളിലെ സ്ഥിരതയും സഭാകൂട്ടായ്മയും വർദ്ധിപ്പിക്കുന്നതിനുള്ള ഒരു സുപ്രധാന കാൽവയ്പ്പായി കരുതിക്കൊണ്ട് പ്രത്യേക അംഗീകാരത്തോടെയും പ്രോത്സാഹനത്തോടെയും പരിശുദ്ധ സിംഹാസനം പരിഗണിക്കുന്നു.

ശുഭോദർക്കമായ ഈ പുരോഗതി മഹത്തായ ജൂബിലി വർഷമായ 2000 -ൽ നടപ്പിലാക്കാനുള്ള കൂട്ടായ പരിശ്രമങ്ങൾ നിങ്ങളുടെ സ്വയാധികാര സഭയിലുള്ള സന്തോഷകരമായ ആത്മവിശ്വാസം എന്റെ വിശുദ്ധനായ മുൻഗാമി ജോൺപോൾ രണ്ടാമൻ പാപ്പായ്ക്ക് നൽകി.

നിങ്ങളുടെ ഊർജ്ജസ്വലയായ സഭയുടെ ജീവിതത്തിൽ തുടർന്നുകൊണ്ടിരിക്കേണ്ട വിവേചനാധികാരം ആവശ്യമുള്ള ചില ബുദ്ധിമുട്ടുകൾക്കിടയിലും എവിടെ സഭാധികാരികളുടെ തുടർച്ചയായ അഭിപ്രായ ഐക്യത്തെ പരിശുദ്ധാത്മാവിന്റെ ഫലമായി മനസ്സിലാക്കി മുഴുവൻ സമൂഹവും സമാധാനപരവും പ്രാർത്ഥനാപൂർവ്വവുമായ അനുഷ്ഠാനത്തിൽ  പങ്കുചേർന്നുവോ ആ സ്ഥലങ്ങളിൽ പ്രത്യേകിച്ച് മിഷൻ രൂപതകളിൽ, പരിശുദ്ധ കുർബാനയർപ്പണത്തിന്റെ അംഗീകൃത നിയമങ്ങൾ സുവിശേഷവത്ക്കരണത്തിന്റേതുൾപ്പെടെ ഗണ്യമായ ഫലം പുറപ്പെടുവിച്ചു.

സമയം സ്ഥലത്തേക്കാൾ മഹനീയമാണെന്നും (cf. Evangelii Gaudium, 222-225) ഐക്യം ഭിന്നതകളിന്മേൽ പ്രാമുഖ്യം നേടുമെന്നും (cf. Ibid, 226-230) ഉറച്ച് വിശ്വസിച്ചുകൊണ്ട്, ദൈവജനത്തോടൊത്തുള്ള സഭാത്മക സഹഗമനത്തെ സംരക്ഷിക്കണമെന്ന് സീറോ മലബാർ മെത്രാന്മാരെ ഞാൻ ശക്തമായി ഉദ്ബോധിപ്പിക്കുകയും ഉറപ്പിക്കുകയും ചെയ്യുന്നു.

നിങ്ങളുടെ സഭയുടെ ഉപരിനന്മയ്ക്കും യോജിപ്പിനും വേണ്ടി പരിശുദ്ധ കുർബാനയർപ്പണത്തിന്റെ ഏകീകൃതരീതി താമസംവിനാ നടപ്പിലാക്കുന്നതുമായി മുന്നോട്ട് പോകാൻ എല്ലാ  വൈദികരെയും സന്യസ്തരെയും വിശ്വാസികളെയും ഉദ്ബോധിപ്പിക്കുന്നതിന് പുതിയ റാസാ കുർബാന തക്സ അംഗീകരിക്കുന്ന ഈ അവസരം ഞാൻ ബോധപൂർവ്വം ഉപയോഗിക്കുന്നു. സിനഡിന്റെ തീരുമാനം നടപ്പിലാക്കാൻ നിങ്ങൾ പരിശ്രമിക്കുമ്പോൾ  പരിശുദ്ധാത്മാവ് നിങ്ങളുടെ സഭയിലെ എല്ലാ അംഗങ്ങളിലും ഒത്തൊരുമയും സാഹോദര്യവും ഐക്യവും പരിപോഷിപ്പിക്കട്ടെ.

വാഴ്ത്തപ്പെട്ട കന്യാമറിയത്തിന്റെയും വിശുദ്ധനായ പൂർവ്വപിതാവ്  ജോസഫിന്റെയും വി. തോമാശ്ലീഹായുടെയും മദ്ധ്യസ്ഥതയ്ക്ക് നിങ്ങളെ എല്ലാവരെയും ഭരമേൽപ്പിച്ചുകൊണ്ട്, ഞാൻ സന്തോഷപൂർവ്വം എന്റെ അപ്പസ്തോലിക ആശീർവാദം നൽകുന്നു.

പ്രാർത്ഥനയിലുള്ള എന്റെ സാമീപ്യം ഞാൻ നിങ്ങൾക്ക് ഉറപ്പുനൽകുന്നു. എനിക്കു വേണ്ടി പ്രാർത്ഥിക്കാൻ നിങ്ങളോട് ദയവായി ആവശ്യപ്പെടുന്നു.

ഫ്രാൻസിസ്
റോം, സെന്റ് ജോൺ ലാറ്ററൻ, 3 ജൂലൈ 2021

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.