കുരിശിന്റെ വഴിയിൽ ഇത്തിരിനേരം 18: മുൾക്കിരീടം

ഫാ. അജോ രാമച്ചനാട്ട്

“ഒരു മുള്‍ക്കിരീടം മെടഞ്ഞ്‌ അവന്‍റെ ശിരസ്‌സില്‍ വച്ചു. വലത്തു കൈയില്‍ ഒരു ഞാങ്ങണയും കൊടുത്തു. അവന്‍റെ മുമ്പില്‍ മുട്ടുകുത്തിക്കൊണ്ട്‌, യഹൂദരുടെ രാജാവേ, സ്വസ്‌തി! എന്നു പറഞ്ഞ്‌ അവര്‍ അവനെ പരിഹസിച്ചു.” (മത്തായി 27:29)

ഓർത്തുനോക്കൂ, മുൾക്കിരീടം മറ്റൊരുവന്റെ സൃഷ്ടിയാണ്. ആരും സ്വയമേ നിർമിക്കുന്നില്ല. എടുത്ത് വയ്ക്കുന്നുമില്ല. മറ്റാരൊക്കെയോ ചേർന്ന് ഒരാൾക്കുമേൽ ഉറപ്പിക്കുകയാണ്. എന്റെ സുഹൃത്തേ, ആരോപിക്കപ്പെടുന്ന കുറ്റങ്ങളാണ് ഇഹലോകജീവിതത്തിലെ മുൾക്കിരീടങ്ങൾ. ആരോപണങ്ങൾക്ക് ഏദേൻ തോട്ടത്തോളം പഴക്കമുണ്ട്. ദുരാരോപണങ്ങളുടെ മുൾക്കിരീടം വഹിക്കേണ്ടിവന്ന എത്രയോ മനുഷ്യർ ചരിത്രത്തിന്റെ താളുകളിലുണ്ട്.

അധികാര-സമ്പന്ന-ആത്മീയ-രാഷ്ട്രീയ- അവിശുദ്ധ കൂട്ടുകെട്ടിന് പലപ്പോഴും സത്യസന്ധൻമാർ തലവേദന തന്നെയാണ്. ഒതുക്കാതെ തരമില്ല. ആ ഒതുക്കലിന് കണ്ടുപിടിക്കപ്പെട്ടിട്ടുള്ള ഏറ്റവും നല്ല ആയുധമാണ് ആരോപണത്തിന്റെ മുൾക്കിരീടം. നോക്കൂ, നാലു മനുഷ്യര്‍ കൂടിയിടത്തൊക്കെ അവർക്ക് നൻമ കൊടുത്തിട്ടേയുള്ളൂ. സൗഖ്യം കൊടുത്തും ഉയിർപ്പിച്ചും സ്നേഹിച്ചും ഊട്ടിയും ജീവന്റെ ഉത്സവം തീർത്തിട്ടേയുള്ളൂ.

എന്നിട്ടും, ദൈവനിഷേധിയാണെന്ന്, ദേവാലയം നശിപ്പിക്കാൻ പോകുന്നെന്ന്, നാടുനീളെ ചുറ്റി നടന്ന് ജനങ്ങളെ വഴിപിഴപ്പിക്കുന്നുവെന്ന്. ചരിത്രത്തിൽ ആരൊക്കെയോ പക തീർത്ത എത്രയോ പേരുണ്ടെന്നറിയാമോ? വേണ്ട, എത്രയോ ഉദാഹരണങ്ങൾ നമുക്കു ചുറ്റും. അല്ലേ?

സത്യമെന്താണെന്ന് തെളിയിക്കുക എന്നത് ആരോപിക്കപ്പെടുന്നവന്റെ – തെറ്റിധരിക്കപ്പെടുന്നവന്റെ – മാത്രം ഉത്തരവാദിത്വമായി മാറുകയാണ്. അതെന്തൊരു അശ്ലീലമാണ്. ഒട്ടും എളുപ്പമല്ലിത്. അതുകൊണ്ടുതന്നെ, ഒരാളുടെ തകർച്ച ആഘോഷിക്കപ്പെടുന്നുണ്ട് വല്ലാതെ. കാലങ്ങൾക്ക് ശേഷം തെളിയുന്ന സത്യത്തെ ആരറിയാൻ, ആരു കേൾക്കാൻ. ചങ്ങാതീ, ആരോപണങ്ങളുടെ മുൾക്കിരീടം ഒരുവന്റെ കുരിശുമരണത്തിലേ അവസാനിച്ചിട്ടുള്ളൂ.

വീട്ടിലും, നാട്ടിലും, രാഷ്ട്രീയത്തിലും, പള്ളിയിലുമൊക്കെ മുൾക്കിരീടം – ഒതുക്കലിന്റെ ആയുധം – പലർക്കും ചാർത്തപ്പെടുന്നുണ്ട്. ദൈവമേ, ആരാലും മനസിലാക്കപ്പെടാതെ പോവുക – ഉപ്പുപൊടി ദേഹത്തുവീണ ഒച്ചിനെപ്പോലെ ഇല്ലാതായിപ്പോവുക – വല്ലാത്ത വേദന തന്നെ. എല്ലാവരുടെയും തുറിച്ചുനോട്ടങ്ങളും അടക്കം പറച്ചിലുകളും.

അറിയാമോ, മുൾക്കിരീടങ്ങളുടെ ഭാരം ചിലപ്പോൾ നമ്മെ നമ്മളല്ലാതാക്കും. ആരോപണങ്ങളാൽ വ്രണപ്പെട്ട് എങ്ങോട്ടോ ഇറങ്ങിപോയവരുണ്ട്. എനിക്കീ ജീവിതം മതിയായിയെന്ന് വച്ചവരുണ്ട്. ചുറ്റുമുള്ള ലോകത്തിനുനേരെ മനസ്സിൻ്റെ വാതായനങ്ങളടച്ച് വനവാസം നയിക്കുന്നവരുമുണ്ട്.

എൻ്റെ തമാശപറച്ചിലുകളും വിനോദങ്ങളും മറ്റൊരാൾക്ക് മുൾക്കിരീടമാവരുതേ, എന്ന് മുടങ്ങാതെ പ്രാർത്ഥിക്കണം നമ്മൾ. മുൾക്കിരീടം മെനയുന്നവരുടെ സൗഹൃദവലയങ്ങളിൽ നിന്ന് വഴി മാറി നടക്കേണം, നമ്മൾ. കാരണം, പൊടിയുന്നത് നിഷ്കളങ്കന്റെ ചോരയാണല്ലോ. നോമ്പുകാലം ശുദ്ധീകരണത്തിന്റേതാവട്ടെ.

ഫാ. അജോ രാമച്ചനാട്ട്