കുരിശിന്റെ വഴിയിൽ ഇത്തിരി നേരം 09: ഓശാന

ഫാ. അജോ രാമച്ചനാട്ട്

‘ഓശാന’യെന്ന പദത്തിന്റെ വേരുകൾ ചെന്നെത്തുന്നത് ‘ഹോഷിയാനാ’ എന്ന ഹെബ്രായപദത്തിലേയ്ക്കാണ്. “കർത്താവേ, ഞങ്ങളെ അനുഗ്രഹിക്കേണമേ” എന്നർത്ഥം. സങ്കീ.118 ന്റെ 25 -ാം വാക്യത്തിൽ ഈയർത്ഥത്തിൽ ഉപയോഗിച്ചിട്ടുണ്ടെന്നാണ് പണ്ഡിതർ പറയുന്നത്. മക്കബായരുടെ രണ്ടാം പുസ്തകത്തിലും (2 മക്ക. 10: 6-7) കൂടാരത്തിരുന്നാൾ ദിവസം മരക്കൊമ്പുകളുമായി ‘ഹോസാന’ പാടുന്ന ഇസ്രായേല്യരെ കാണാം.

ജറൂസലേമിലേയ്ക്ക് പ്രവേശനം നടത്തുന്ന യേശുവിന് മുന്നിൽ ആ മനുഷ്യരൊക്കെയും മരച്ചില്ലകൾ വിതറുകയും “ദാവീദിന്റെ പുത്രന് ഓശാന” പാടുകയും ചെയ്യുന്നുണ്ട്. എന്നാൽ, അഞ്ചു ദിവസത്തിന്റെ അകലത്തിൽ ഓശാന വിളിച്ചവർ തന്നെ “അവനെ ക്രൂശിക്കെ”ന്നു പറഞ്ഞിടത്താണ് അതിന്റെ ആന്റി – ക്ലൈമാക്സ്! സഭയോടുള്ള എതിർപ്പുകൊണ്ട് സ്വന്തം വഴിയേ നടന്നുനീങ്ങിയ, ബൈബിളിന് സ്വതന്ത്രതർജ്ജമയെഴുതിയ ഒരാൾ ബൈബിളിന് നൽകിയ പേരും ‘ഓശാന’ എന്നായിരുന്നല്ലോ.

എന്താണിങ്ങനെ? ‘ഓശാന’യെന്ന പദം ഉപയോഗിക്കുന്നവരൊക്കെയെന്താണ് ഇങ്ങനെ കളം മാറ്റിച്ചവിട്ടുന്നത്? വാക്കിന്റെയല്ല, അതുപയോഗിക്കുന്നവന്റെ കുഴപ്പം തന്നെയാണ്, സഹോ. “ഞങ്ങളെ അനുഗ്രഹിക്കണേ”യെന്ന് നിലവിളിച്ചവർ, അവനോട് ഹൃദയം ചേർക്കാത്തതുകൊണ്ടാണ് നൻമ മാത്രം ചെയ്ത് ചുറ്റി നടന്നവന്റെ മരണത്തിനായി ആക്രോശിച്ചത്. എന്റെ സുഹൃത്തേ, പറഞ്ഞ വാക്കിനൊപ്പം നിന്റെ/ എന്റെ ഹൃദയം കൂടി ചേർത്തുവച്ചില്ലെങ്കിൽ ഈ ഭൂമിയിൽ ആരൊക്കെയോ നമ്മളാൽ തകർന്നടിയുന്നുണ്ട്.

“പത്തു പൈസ വേണ്ട, നിങ്ങളുടെ മോളെ മാത്രം മതി”യെന്ന് പറഞ്ഞ് പെണ്ണു ചോദിച്ചവർ, ഒരാഴ്ച തികയും മുന്നേ സ്ത്രീധനക്കാര്യം പറഞ്ഞ് ആ പെൺകുട്ടിയുടെ മനസും ശരീരവും മുറിപ്പെടുത്തിത്തുടങ്ങിയാൽ? ആണൊരുത്തൻ, “നീയെന്റെ പ്രാണനെ”ന്നു പറഞ്ഞ് കൊണ്ടുനടന്നിട്ട്, അവളുടെ ശരീരകാഴ്ചകൾ ഇന്റർനെറ്റിൽ വിളമ്പിയാലോ?

നിന്റെയരികത്തു തുറന്നിട്ട ഒരുവന്റെ ഹൃദയവിചാരങ്ങൾ സോഷ്യൽ മീഡിയയിൽ ‘വൈറൽ’ ആയാലോ? മനസിലെവിടെയോ, പറഞ്ഞു വഞ്ചിച്ചവരുടെ, കളം മാറിക്കളിച്ചവരുടെ ഓർമകൾ പുളിച്ചുതികട്ടുന്നു. നിന്റെ വാക്ക് നിന്റെ ഹൃദയമാകണം. പറയുന്ന വാക്കും, പ്രകടിപ്പിക്കുന്ന സ്നേഹവും കരുതലും ഹൃദയത്തിൽ നിന്നാവണം. ഓശാന പാടിയവർ അഞ്ചുനാൾ കൊണ്ട് അവരല്ലാതായി എന്നത്, ചരിത്രത്തിനേറ്റ മുറിവ് തന്നെയാണ്.

നിന്റെ സ്നേഹം സത്യമാകട്ടെ, വാക്ക് ഹൃദയം തന്നെയാകട്ടെ, പ്രണയം പ്രാണനിൽ നിന്നാവട്ടെ, കരുതൽ മനസ്സു നിറഞ്ഞുതന്നെയാകട്ടെ. മനസിൽ ഒളിപ്പിച്ച കപടതകളെ അടർത്തിമാറ്റാൻ തന്നെയാണീ നോമ്പ്.

ഫാ. അജോ രാമച്ചനാട്ട്