കുരിശിന്റെ വഴിയിൽ ഇത്തിരി നേരം 06: ഗത്സമെൻ

ഫാ. അജോ രാമച്ചനാട്ട്

ക്ലാസ്സിലെ ഏറ്റവും സ്മാർട്ട് ആയ കീർത്തി എന്ന കുട്ടിയെ impress ചെയ്യിക്കാനുള്ള ജയ്സൺ എന്ന വിദ്യാർത്ഥിയുടെ ശ്രമങ്ങളാണ് ‘തണ്ണീർമത്തൻ ദിനങ്ങൾ’ എന്ന സിനിമയിലെ ഒരു പ്രധാന പ്രമേയം. ഒന്നും ഫലിക്കാതെ വരുന്ന സമയത്ത് രവി എന്ന മാഷും വില്ലനായി ജയ്സണ് അനുഭവപ്പെടുകയാണ്. അങ്ങനെ ആകെ തകരുന്ന നമ്മുടെ കഥാനായകന്റെ അഭിനയം വളരെ റിയലിസ്റ്റിക് ആണ് കേട്ടോ. ഈ സമയത്തുള്ള ഒരു ഗാനമാണ് “എന്ത് വിധിയിത്, വല്ലാത്ത ചതിയിത്.” അവന്റെ വിഷമങ്ങൾ കാണുമ്പോൾ നമുക്ക് ആദ്യമൊക്കെ ചിരിയാണു വരിക. ആ പാട്ട് തീരാൻ പോകുന്ന നേരത്ത് “ദൈവമേ…” എന്ന ഒരു നിലവിളിയുണ്ട്. തമാശയൊക്കെ വിട്ടിട്ട് പ്രേക്ഷകനും അറിയാതെ സീരിയസ് ആകുന്ന സമയമാണത്. ഞാനും പ്രാർത്ഥിച്ചു, “എന്റെ ദൈവമേ, എങ്ങനെയെങ്കിലും അവന് അതൊന്ന് സെറ്റാക്കി കൊടുക്കണേ” എന്ന്. അല്ലെങ്കിൽ അവൻ നമ്മളെ തിയേറ്ററിൽ നിന്ന് വിടുന്ന ലക്ഷണമില്ല.

ഏതൊരാളും ദൈവത്തെ തേടിപ്പോകുന്ന ചില സമയങ്ങളുണ്ട്. ദൈവമല്ലാതെ മറ്റു ആശ്രയമില്ലാതാകുമ്പോഴാണത്. മരണമോ അനിവാര്യമായ ഒരു തകർച്ചയോ തൊട്ടടുത്ത് ലാൻഡ് ചെയ്തു എന്ന് ഉറപ്പാകുമ്പോഴാണത്.

ഗത്സമനിൽ എന്താണ് സംഭവിച്ചത്? വെള്ളം വീഞ്ഞാക്കുമ്പോഴും അപ്പം വർദ്ധിപ്പിക്കുമ്പോഴും പ്രസംഗിച്ചു ചുറ്റിനടക്കുമ്പോഴും രോഗശാന്തി നൽകുമ്പോഴും ഉയിർപ്പിക്കുമ്പോഴും യേശുവിലെ പൂർണ്ണദൈവത്വവും പൂർണ്ണമനുഷ്യത്വവും നമുക്കു വെളിപ്പെട്ടെങ്കിൽ, ഇനി ദൈവത്വത്തിന്റെ ആടയാഭരണങ്ങളെ അവൻ അഴിച്ചുവയ്ക്കുകയാണ്. ഗത്സമനിൽ നൊമ്പരപ്പെടുന്നത്, ചാട്ടവാറടിയേൽക്കുന്നത്, മരണവേദനയാൽ നിലവിളിക്കുന്നത് അവനിലെ മനുഷ്യനാണ്. യേശു എന്ന ചോരയും നീരുമുള്ള പച്ചമനുഷ്യൻ.

ഗത്സമെൻ – പരീക്ഷീണനായ മനുഷ്യൻ ദൈവത്തെ തേടിയ ഭൂമിക. നിസ്സഹായനായ ഒരാൾ വിയർത്തൊലിച്ചൊരു മണ്ണ്. മരണത്തെ മുഖാമുഖം കണ്ടവന്റെ വിയർപ്പുഗ്രന്ഥികളിൽ ചോര പൊടിഞ്ഞതിനും ഈ തോട്ടം സാക്ഷി.

സുഹൃത്തേ, അതുമാത്രമാണോ ഗത്സമെൻ? വരാൻ പോകുന്ന കൊടിയ പീഡകൾക്കു മുന്നിലേയ്ക്ക് നെഞ്ചുവിരിച്ച് അവനിറങ്ങിയത് ഗത്സമെനിൽ നിന്നു കിട്ടിയ ബലം കൊണ്ടല്ലേ? “എന്റെ ഹിതമല്ല, നിന്റേത്” ഭവിക്കട്ടെ എന്നുപറഞ്ഞ് ജീവിതം ബലിയർപ്പിക്കാൻ മാത്രം ശക്തിപ്പെട്ടില്ലേ? കൂടെ നടന്ന ചങ്ക്സ് നിലവിട്ടുറങ്ങുമ്പോഴും മാലാഖമാർ അവനു കൂട്ടുവന്നില്ലേ?

ജീവിതത്തിന്റെ പച്ചയായ അനുഭവങ്ങളെ, പരീക്ഷണങ്ങളെ, നിസഹായതകളെ ഗത്സമെനായി കാണാനുള്ള ആന്തരികബലം നേടിയെടുക്കുകയാണ് പ്രധാനം. നെരിപ്പോടനുഭവങ്ങൾക്കു നടുവിൽ സ്വർഗത്തിലെ അപ്പൻ അയയ്ക്കുന്ന മാലാഖമാരെ കണ്ടെത്തുകയാണ് പ്രധാനം.

എന്റെ കുഞ്ഞേ, പച്ചമനുഷ്യൻ ദൈവത്തോട് നിലവിളിക്കുന്ന ഇടത്തിന്റെ പേരാണ് ഗത്സമെൻ. അത് നിന്റെ മുറിയാകാം, വീടാകാം, അൾത്താരയുടെ മുന്നാകാം, വാഹനമാകാം, ജോലിസ്ഥലമാകാം, ചന്തയോ റോഡോ ആകാം. ആ ജയ്സണെപ്പോലെ ഒന്നു നിലവിളിയ്ക്കെന്റെ ചങ്ങായീ, “ദൈവമേ..” എന്ന്. നിലവിളിക്കാൻ ധൈര്യപ്പെട്ടവനൊക്കെ കുരിശെടുത്തിട്ടുണ്ട്, ചുമ്മാ പുഷ്പം പോലെ !

ഫാ. അജോ രാമച്ചനാട്ട്