കുരിശിന്റെ വഴിയിൽ ഇത്തിരിനേരം 20: വിയർപ്പുതുള്ളി

ഫാ. അജോ രാമച്ചനാട്ട്

“അവന്‍ തീവ്രവേദനയില്‍ മുഴുകി കൂടുതല്‍ തീക്‌ഷ്‌ണമായി പ്രാര്‍ഥിച്ചു. അവന്‍റെ  വിയര്‍പ്പു രക്‌തത്തുള്ളികള്‍ പോലെ നിലത്തുവീണു. അവന്‍ പ്രാര്‍ഥന കഴിഞ്ഞ്‌ എഴുന്നേറ്റ്‌ ശിഷ്യന്‍മാരുടെ അടുത്തു വന്നപ്പോള്‍ അവര്‍ വ്യസനം നിമിത്തം തളര്‍ന്ന്‌ ഉറങ്ങുന്നതു കണ്ടു.” (ലൂക്കാ 22: 44-45)

അങ്ങനെയൊക്കെ ഉറങ്ങാനാവുമോ? കൂടെ ഒരാൾ – മറ്റാരുമല്ല, സ്വന്തം ഗുരുതന്നെ – ചോര വിയർക്കുന്ന സമയത്ത്? പറ്റുമെന്ന് തന്നെയാണ് നമ്മുടെ അനുഭവവും. ദേ, മനസ്സിൽ ഓർമകളുടെ വേലിയേറ്റം. കഠിനമായ ജീവിതപരീക്ഷകളിൽ വെന്തുരുകുമ്പോഴും ഉറക്കം നടിച്ചവർ. എങ്ങനെ മറക്കും നമ്മൾ?

ഒരാൾ പങ്കുവച്ച ഒരു അനുഭവം പറയാം. കോളേജ് പഠനകാലം. ഹോസ്റ്റലിലാണ് ജീവിതം. ഒരു കൈ ഒടിഞ്ഞിട്ട് കഴുത്തിൽ തൂക്കിയിട്ടിരിക്കുകയാണ്. കൈ ഒടിഞ്ഞവന്റെ ദുരിതജീവിതം അറിയാമല്ലോ. മറ്റേ കൈ കൊണ്ട് എങ്ങനെയൊക്കെയോ പോക്കറ്റിൽ ഇടുന്ന തൂവാല കഴുകിയെടുത്തു. ഇനിയതൊന്ന് ഊരി പിഴിയണം. എന്ത് ചെയ്യും? പുറത്തിറങ്ങിയപ്പോൾ ദേ, സഹമുറിയൻ. “എടാ, ഇതൊന്നു പിഴിഞ്ഞ് തരാമോ” എന്ന് ചോദിച്ചപ്പോൾ “എനിക്ക് പറ്റില്ല” എന്ന് കൂളായി മറുപടി. ഓർക്കുമ്പം ഇന്നും മനസ്സിന് നീറ്റലാണെന്ന്.

ആർക്കാണില്ലാത്തത്, അതും അതിലും വലുതും ചെറുതുമായ പലതും. അതാണ് പറഞ്ഞത്, തൊട്ടപ്പുറത്ത് ഒരുത്തന്റെ ചോര കണ്ണീരായിട്ടും വിയർപ്പായിട്ടും മണ്ണിൽ വീഴുമ്പോഴും ഇങ്ങിവിടെ ഉറങ്ങാനാവുമെന്ന്. എത്രയോ മനുഷ്യർ, എത്രയോ മുഖങ്ങൾ.

നീറോ ചക്രവർത്തിയുടെ വീണവായനയും, എലിയുടെ പ്രാണവേദനയുമൊക്കെ സത്യം തന്നെയാണ് സുഹൃത്തേ. ആരൊക്കെയോ ഇവിടെ വെന്തുരുകുന്നുണ്ട്. എവിടെയൊക്കെയോ ചോര വിയർക്കുന്നുണ്ട്. അറിഞ്ഞിട്ടും അറിയാത്തവരുടെ നടുവിൽ വിയർത്തൊലിക്കുന്ന എല്ലാവർക്കും ക്രിസ്തുവിന്റെ അതേ ഛായ തന്നെയാണ്.

ഫാ. അജോ രാമച്ചനാട്ട്