കുരിശിന്റെ വഴിയിൽ ഇത്തിരിനേരം 16: പീഡാനുഭവപ്രവചനങ്ങളും ശിഷ്യരും

ഫാ. അജോ രാമച്ചനാട്ട്

സമാന്തര സുവിശേഷങ്ങൾ പ്രകാരം യേശുക്രിസ്തു മൂന്നുതവണ വരാനിരിക്കുന്ന തന്റെ പീഡാനുഭവ – മരണത്തെക്കുറിച്ച് ശിഷ്യൻമാരെ ഓർമ്മപ്പെടുത്തുന്നുണ്ട്. പക്ഷെ, സങ്കടകരമായ ഒരു കാര്യം, അവരാരും അതിനെ കാര്യമായി ഉൾക്കൊണ്ടില്ല എന്നതാണ്. എന്താണാവോ?

കൂടെയുള്ളവരൊന്നു മനസിലാക്കുന്നില്ല, മനസിലാക്കാൻ ശ്രമിക്കുന്നില്ല എന്നത് എക്കാലത്തെയും മനുഷ്യന്റെ സങ്കടങ്ങളിൽ ഒന്നാണ്. ആരെങ്കിലുമൊക്കെ മനസിലാക്കിയിരുന്നെങ്കിൽ, ചിലരെങ്കിലും ജീവിത പരീക്ഷയിൽ കഷ്ടി പാസ്സ് മാർക്കെങ്കിലും വാങ്ങിയേനെ.

കൂടെയുള്ളവന്റെ – കൂടപ്പിറപ്പോ, ജീവിത പങ്കാളിയോ, സുഹൃത്തോ ആകട്ടെ – മനസ്സ് വായിക്കുന്നവർ നമ്മളിൽ ആരുണ്ട്? എത്ര പേരുടെ കുരിശനുഭവങ്ങളിൽ നമ്മൾ കൂടെ നിന്നിട്ടുണ്ട്, കൂടെ നടന്നിട്ടുണ്ട്?

ഓടി രക്ഷപ്പെട്ടവനാണോ ഞാൻ? ഉറക്കം തൂങ്ങിയവനാണോ ഞാൻ? അറിയില്ലെന്ന് നടിച്ചവനാണോ ഞാൻ? നോമ്പുകാലം ബന്ധങ്ങളെ വിമലീകരിക്കാനും കൂടിയാണ്.

ഫാ. അജോ രാമച്ചനാട്ട്