കുരിശിന്റെ വഴിയിൽ ഇത്തിരി നേരം12: വേറോനിക്ക – കുരിശിന്റെ വഴിയിലെ മാതൃത്വം 

ഫാ. അജോ രാമച്ചനാട്ട്

പീഢാനുഭവയാത്രയിലെ വൈകാരികമായ രംഗങ്ങളിൽ ഒന്ന് – വേറോനിക്കാ യേശുവിന്റെ മുഖം തുടയ്ക്കുകയാണ്. വഴിയരികിൽ കാഴ്ചക്കാരും കരച്ചിലുകാരുമായി എത്രയോ സ്ത്രീകൾ നിന്നതാണ്. കാഴ്ചക്കാർ മാത്രമായി അവരൊക്കെ ശേഷിക്കേ, വേറോനിക്കയെന്ന പെണ്ണിന്റെ ഉള്ളിലെ മാതൃത്വം അണപൊട്ടിയൊഴുകുകയാണ്.

വേറോനിക്കയെപ്പറ്റി അധികമൊന്നും അറിയില്ല, ആർക്കും. പ്രായമെത്രയുണ്ട്? ഏതു നാട്ടുകാരിയാണ്? വിവാഹിതയാണോ? അമ്മയാണോ? യേശുവിനെ മുൻപരിചയമുണ്ടായിരുന്നോ? അങ്ങനെ പല ചോദ്യങ്ങളുമുണ്ട്, നിയതമായ ഉത്തരങ്ങളില്ലാതെ.

ഏതു ദുരിതക്കാഴ്ചയിലും മറ്റാരേക്കാളും അമ്മമാർ സങ്കടപ്പെടുന്നത് എന്തുകൊണ്ടാണ്? സങ്കടപ്പെടുന്നത് തന്റെ കുഞ്ഞുതന്നെയാണ് എന്ന് അവർക്ക് തോന്നുന്നതുകൊണ്ടാണ്.

മുൾമുടി തറച്ച ശിരസ്സിൽ നിന്ന് ഒഴുകിയിറങ്ങുന്ന ചോരത്തുള്ളികളും വിയർപ്പും ചേർന്ന് വികൃതമാക്കിയ, കട്ടപിടിച്ച ചോരത്തുള്ളികൾ കണ്ണിന്റെ കാഴ്ച പോലും മറച്ച യേശുവിന്റെ മുഖം. വേറോനിക്ക ആരുമാകട്ടെ, പ്രായമേതുമാകട്ടെ, ക്രിസ്തുവിനായി അവളുടെ ഗർഭപാത്രത്തിന്റെ കോണിൽ നിന്നൊരു തേങ്ങൽ.

ഉള്ളിൽ നിന്നൊഴുകുന്ന മാതൃത്വത്തിൽ പരിസരം പോലുമവൾ മറക്കുന്നുണ്ട്. മനുഷ്യത്വം തൊട്ടുതീണ്ടിയിട്ടില്ലാത്ത റോമൻ പട്ടാളത്തിന്റെ നടുവിൽ, ശാന്തമായി തന്റെ കുഞ്ഞിന്റെ മുഖം തുടച്ചു വൃത്തിയാക്കുന്നൊരമ്മ.

നമ്മളിൽ ആരാണ് ഇത്തരം മാതൃത്വ ഭാവങ്ങൾ ജീവിതത്തിൽ എന്നെങ്കിലുമൊരിക്കൽ അനുഭവിക്കാത്തത്? ഇരുളും വെളിച്ചവും ചേർന്ന് തിരുവാതിര കളിക്കുന്ന നമ്മുടെ ജീവിതത്തിലേയ്ക്ക് ചോദിക്കാതെ പറയാതെ വന്നുകയറുന്ന ചില മനുഷ്യർ. ചില കരുതലുകൾ !

മുടങ്ങാത്ത ചില ജൻമദിനാശംസകൾ. നമ്മളറിയാതെ നമുക്കായി വേളാങ്കണ്ണിയിലും, ഭരണങ്ങാനത്തും, വല്ലാർപാടത്തുമൊക്കെ ഏൽപിക്കപ്പെടുന്ന കുർബാനനിയോഗങ്ങൾ. സൂക്ഷിച്ചുവയ്ക്കപ്പെടുന്ന ചോക്ലേറ്റ് കഷണങ്ങൾ. ചൂടുകഞ്ഞിയും അച്ചാറും ചമ്മന്തിപ്പൊടിയും. ആശുപത്രിയിലെ കൂട്ടിരിക്കലുകൾ. മാമ്മോദീസയ്ക്കും, കല്യാണത്തിനും വീടുകേറിപ്പാർക്കലിനുമൊക്കെ നമുക്കായി മാറ്റിവയ്ക്കപ്പെടുന്ന ദശാംശങ്ങൾ. സുഖാന്വേഷണങ്ങൾ. ഓർമപ്പെടുത്തലുകൾ.
ആരോഗ്യത്തെക്കുറിച്ചുള്ള ആകുലതകൾ. പരിഭവങ്ങൾ…

അതെ, ചില വേറോനിക്കാമാരാണ് നമ്മുടെ കുരിശിന്റെ വഴികളിൽ ബലമായത്. ചില മുഖം തുടക്കലുകളാണ് കുരിശുമായി നിവർന്നു നിൽക്കാൻ നമുക്കും തുണയായത്.

ഇതൊന്നും സ്ത്രീകൾ മാത്രമാണെന്ന് ധരിക്കല്ലേ, സ്ത്രീകളേക്കാൾ മാതൃത്വവും കരുതലും ഹൃദയത്തിൽ സൂക്ഷിക്കുന്ന എത്രയോ പുരുഷൻമാരുണ്ട്. ദൈവമേ, വേറോനിക്കായെപ്പോലെ കരുണയുടെ തൂവാലകൾ ഹൃദയത്തിൽ കൊണ്ടു നടക്കാൻ, കുരിശു ചുമക്കുന്നവന്റെ മുഖം തുടയ്ക്കുന്നവരാകാൻ ഞങ്ങൾക്കും കൃപ തരണേ.

ഫാ. അജോ രാമച്ചനാട്ട്