കുരിശിന്റെ വഴിയിൽ ഇത്തിരി നേരം 11: ശിമയോൻ

ഫാ. അജോ രാമച്ചനാട്ട്

അവര്‍ പോകുന്നവഴി ശിമയോന്‍ എന്ന ഒരു കിറേനേക്കാരനെ കണ്ടുമുട്ടി. യേശുവിന്റെ കുരിശു ചുമക്കാന്‍ അവര്‍ അവനെ നിര്‍ബന്‌ധിച്ചു. (മത്തായി 27:32)

വയലിൽ നിന്നു വരുന്ന വഴിയാണ്. ഗാഗുൽത്തായിലേയ്ക്കുള്ള വഴിയൊന്നു ക്രോസ് ചെയ്തു വേണം വീട്ടിലേയ്ക്ക് പോകാൻ. റോമൻ പട്ടാളക്കാർ ആരെയോ ക്രൂശിക്കാൻ കൊണ്ടുപോവുന്നു. ചോദ്യം വന്നു, “ഒന്ന് സഹായിച്ചുകൊടുക്കാമോ?” “വഴിയിൽ വീണു മരിക്കാതിരിക്കാൻ വേണ്ടിയാണെ”ന്നുകൂടി.

ഇന്നായിരുന്നെങ്കിൽ ചാനലുകാരൊക്കെ പലയാവർത്തി ചോദിച്ചേനേ,”എന്തായിരുന്നു, അപ്പോഴത്തെ അനുഭവം?” ശിമയോന്റെ മറുപടിയെന്താവും, “കുരിശുമായി വീഴാൻ പോയൊരാളെ കണ്ടു, അൽപനേരം സഹായിച്ചു, അത്രേയുള്ളൂ.”

ജീവിതപ്രാരാബ്ധങ്ങളുടെ കുരിശുമായി വീഴാൻ പോകുന്നവരെ നമ്മളെങ്ങനെയാണ് Treat ചെയ്യുന്നത്? FB യും, വാട്ട്സാപ്പും, ട്വിറ്ററുമില്ലാതെ എന്ത്? സ്റ്റാറ്റസിൽ നമ്മുടെ സഹായങ്ങൾ നൃത്തം ചെയ്യും. പിന്നെ പരമാവധി വാർത്താചാനലുകളും. ഒരു സന്തോഷം. സഹായിച്ചതിന്റെ ആനന്ദം.

ശിമയോനെപ്പോലെ കുറെയധികം മനുഷ്യരുണ്ട് ഈ ഭൂമിയിൽ. “നിന്റെ ഇടത് കൈ ചെയ്യുന്നത്, വലതു കൈ അറിയരുതെ”ന്ന് നിർബന്ധമുള്ളവർ. ചെയ്ത നൻമയുടെ അടയാളങ്ങൾക്കായി വാശി പിടിക്കാത്തവർ. കണക്കുപറയാൻ ഇഷ്ടപ്പെടാത്തവർ.

ശിമയോന് ക്രിസ്തുവിൽ നിന്ന് കിട്ടിയ സമ്മാനമെന്താവും എന്ന് ഞാൻ ഓർത്തിട്ടുണ്ട്. ചോരപ്പാടുകൾക്കിടയിലൂടെ വാത്സല്യം നിറഞ്ഞൊരു നോട്ടം. കുരിശുമായി വീഴാൻ പോകുന്ന അനേകർക്ക് താങ്ങാകാനുള്ള ഒരു കൃപയായി ആ നോട്ടം രൂപാന്തരപ്പെട്ടുകാണും.

കുരിശിന്റെ ഭാരം കൊണ്ട് കുനിഞ്ഞ് എന്റെ മുന്നിലൂടെ വേച്ചുവേച്ചു നടന്നു പോകുന്ന എത്ര പേരുടെ കുരിശിന്റെ താഴെ എന്റെ കൈകൾ താങ്ങായി നിന്നു എന്നതാവട്ടെ ഇന്നത്തെ മനസാക്ഷിയോടുള്ള ചോദ്യം. നോക്കണേ, ആരൊക്കെയോ കുരിശുമായി വേച്ചു പോകുന്നുണ്ട്.

ഫാ. അജോ രാമച്ചനാട്ട്