കുരിശിന്റെ വഴിയിൽ ഇത്തിരിനേരം 09: പീലാത്തോസ്

ഫാ. അജോ രാമച്ചനാട്ട്

യേശുസംഭവത്തിന്റെ ഗതി എങ്ങനെ വേണമെങ്കിലും തിരിച്ചുവിടാൻ കഴിവും അധികാരസ്ഥാനവും ഉണ്ടായിരുന്നവനാണ് പീലാത്തോസ്. ദേശാധിപതിയാണ്, റോമൻ സാമ്രാജ്യത്തിലെ യൂദയാപ്രവിശ്യയുടെ തലവനുമാണ്. എന്നിട്ടോ?

നോക്കൂ, കാര്യങ്ങൾ മനസിലാകാഞ്ഞിട്ടല്ല, പക്ഷെ, കാടും പള്ളയും തല്ലി അയാൾ കുറെയധികം സമയം കളയുന്നുണ്ട്. (വി. ഗ്രന്ഥത്തേക്കാളും, ദുഃഖവെള്ളിയാഴ്ചത്തെ പീഡാനുഭവചരിത്രത്തിൽ അത് കൂടുതൽ വ്യക്തമാണ്). നെല്ലും പതിരും വേർതിരിക്കാൻ ശ്രമിക്കാതെ വെറുതെ വട്ടം ചുറ്റുന്നുണ്ട്, ചുറ്റിക്കുന്നുമുണ്ട്. അങ്ങനെയൊന്നും ഭരണകാര്യങ്ങളിൽ തലയിടാത്ത ഭാര്യപോലും അയാൾക്ക് സഹായമായി ദൂതനെ അയയ്ക്കുന്നുമുണ്ട്.

ഇത്രയുമൊക്കെയായിട്ടും, എന്തിനാണാവോ കലാപകാരിയായ ബറാബാസിനെ മോചിപ്പിക്കാൻവേണ്ടി Either – Or ചോദ്യവുമായി അയാൾ നിന്നത്? നാലു കയ്യടി ഓർത്താവണം. കസേരയുടെ ഉറപ്പിനുവേണ്ടിയാവണം. ഏറ്റവുമൊടുവിൽ, ചരിത്രത്തിലെ ഏറ്റവും നെറികെട്ട ആ കൈ കഴുകലും.

സ്വന്തമായി നിലപാടുകൾ ഇല്ലാത്തവനെ പീലാത്തോസ് എന്നു വിളിച്ചോളൂ. ശരിയും തെറ്റും വ്യക്തമായി തിരിച്ചറിഞ്ഞിട്ടും ശരിക്കൊപ്പം നിൽക്കാൻ കെൽപ്പില്ലാത്തവനെയും പീലാത്തോസ് എന്ന് വിളിക്കണം. സത്യത്തേക്കാളധികം കസേരയും കയ്യടിയും തേടുന്നവന്റെ പേരും പീലാത്തോസ് എന്നാണ്. പറയേണ്ടത് പറയാതെയും, ചെയ്യേണ്ടത് ചെയ്യാതെയും, “അല്ലെങ്കിലും, ഞാനെന്തു ചെയ്യാനാണെ”ന്ന്, “എനിക്കൊന്നും അറിയില്ലെ”ന്ന് പറഞ്ഞ് മുഖം ക്ലീനാക്കുന്ന ‘so-called പുണ്യവാൻമാരും പുണ്യവതികളും’ പീലാത്തോസുമാർ തന്നെയാണ്.

വെറുതെയൊരു ആത്മപരിശോധനയ്ക്കാണ്…നിഷ്കളങ്കർ വിചാരണ ചെയ്യപ്പെടുന്ന ഇടങ്ങളിൽ എനിക്ക് ആരുടെ റോളാണ്? കൈ കഴുകിയും കൈ മലർത്തിയും എത്ര ജീവിതങ്ങളുടെ തകർച്ചയ്ക്ക് കാരണമായിട്ടുണ്ട് ഞാൻ? എന്റെ ഹൃദയശൂന്യതകളും കപടതകളും എത്ര ബറാബാസുമാർക്ക് വളമായിട്ടുണ്ട്? നോമ്പുകാലം മനസ്സിന്റെ ശുദ്ധീകരണത്തിന്റേതാകട്ടെ.

ഫാ. അജോ രാമച്ചനാട്ട്