കുരിശിന്റെ വഴിയിൽ ഇത്തിരി നേരം 08: വി. കുർബാനയിലെ സത്താമാറ്റം

ഫാ. അജോ രാമച്ചനാട്ട്

കുരിശിന്റെ വഴിയിലാണ് നാം. പെസഹായ്ക്കുള്ള ഒരുക്കദിനങ്ങൾ. പെസഹായുമായി ബന്ധപ്പെട്ട ഏറ്റവും വലിയ ധ്യാനവിഷയം പരി. കുർബാനയുടെ സ്ഥാപനം ആണല്ലോ. ഓരോ ക്രിസ്ത്യാനിയുടെയും ആത്മാവിന്റെ ഭക്ഷണമായ വിശുദ്ധ കുർബാനയെക്കുറിച്ച് ഈ പെസഹാക്കാലത്ത് ഒന്ന് ചിന്തിക്കുകയാണ്. എന്താണെന്നോ? “ഓസ്തിയും വീഞ്ഞും ഈശോയുടെ യഥാർത്ഥ ശരീരവും രക്തവുമായി മാറുന്നു” എന്നത് സാധാരണക്കാരിൽ എത്ര പേര് വിശ്വസിക്കുന്നുണ്ട് എന്നതാണ് ചോദ്യം.

ഈശോയുടെ ജീവനുള്ള പരിപൂർണമായ സാന്നിധ്യമാണ് തിരുവോസ്തിയിൽ നമ്മൾ അനുഭവിക്കുന്നത്. ഗോതമ്പപ്പവും വീഞ്ഞും തിരുസഭയിലെ ഏതെങ്കിലും ഒരു പുരോഹിതനാൽ അർപ്പിക്കപ്പെടുന്ന ദിവ്യബലിയുടെ സമയത്ത് തമ്പുരാന്റെ ശരീരവും രക്തമായി അക്ഷരാർത്ഥത്തിൽ മാറുകയാണ്. ഈ മാറ്റത്തെ വിളിക്കുന്ന പേരാണ് സത്താമാറ്റം (Transubstantiation). എട്ടാംക്ലാസ്സിലെ വേദപാഠത്തിലാണ് Trans-substantiation അഥവാ ‘സത്താമാറ്റ’ത്തെ കുറിച്ച് പഠിച്ചത് എന്നാണെന്റെയൊരോർമ്മ. വി. കുർബാനയിൽ അപ്പത്തിന്റെ അപ്പത്തം മാറി ക്രിസ്തുവിന്റെ ശരീരമായി മാറുന്നു; പുറമെ അപ്പത്തിന്റെ ഗുണങ്ങൾ നിലനിർത്തിക്കൊണ്ട് തന്നെ.

സെമിനാരിയിലെ ഫിലോസഫിപഠനം ഗൗരവമാകുന്നത്‌ Metaphysics – ലേയ്ക്ക് എത്തുമ്പോഴാണ്. സത്താമാറ്റം വിശദീകരിക്കാൻ Metaphysics ന്റെ പദങ്ങളാണുപയോഗിക്കുന്നതും. അവ ഏതൊക്കെയെന്ന് പരിശോധിക്കാം.

1. Substance ( സത്ത ) – ഒരു പദാർത്ഥം അതായിരിക്കുന്ന അവസ്ഥ. സത്തയെന്നും പറയാം. ഉദാ: മനുഷ്യന്റെ മനുഷ്യത്വം, കല്ലിന്റെ കല്ലത്തം etc.

2. Accidents (സവിശേഷഗുണങ്ങൾ) – ഒരു പദാർത്ഥം എന്താണെന്ന് സൂചിപ്പിക്കുന്ന പ്രത്യേകതകൾ. നിറം, ആകൃതി, രുചി, മണം തുടങ്ങിയവ. ഉദാ: പാലിന്റെ വെളുപ്പ്, പൂവിന്റെ സുഗന്ധം, തീയുടെ ചൂട് etc.

ഭൂമിയിലെ മാറ്റങ്ങൾ പലതരത്തിൽ ഉണ്ട്.

1. ഭൗതീകമാറ്റം – ഇവ താത്കാലികങ്ങളാണ്. വെള്ളം ചൂടാകുമ്പോൾ നീരാവിയാകുന്നതും, തണുക്കുമ്പോൾ ഐസ്കട്ടയായി മാറുന്നതും ഏറ്റവും എളുപ്പമുള്ള ഉദാഹരണമാണ്.
– സത്തയ്ക്ക് മാറ്റം സംഭവിക്കുന്നില്ല
– ബാഹ്യപ്രത്യേകതകൾ മാത്രം മാറുന്നു.

2. രാസമാറ്റം – സ്ഥിരമായ മാറ്റമാണത്. വിറകു കത്തി ചാരമായി മാറുന്നതും, ഭക്ഷണം വേകുന്നതുമൊക്കെ ഈ കൂട്ടത്തിൽ പെടും.
– സത്തയ്ക്ക് മാറ്റം വരുന്നു.
– ബാഹ്യസവിശേഷതകളും മാറുന്നു. ഇത് രണ്ടുമാണ് പ്രകൃതിയിൽ സാധാരണ സംഭവിക്കുന്ന മാറ്റങ്ങൾ.

3. സത്താമാറ്റം – ബാഹ്യസവിശേഷതകൾക്കു മാറ്റം വരാതെ ഒരു പദാർത്ഥത്തിന്റെ സത്ത മറ്റൊന്നായി മാറുന്ന മാറ്റമാണ് സത്താമാറ്റം.
– സത്ത മാറുന്നു.
– ബാഹ്യഗുണങ്ങൾ മാറുന്നില്ല.

സത്താമാറ്റത്തിൽ Substance മറ്റൊന്നായി മാറുന്നു, Accidents മാറാതെ തന്നെ. അപ്പവും വീഞ്ഞും ഈശോയുടെ ശരീരവും രക്തവുമായി മാറുന്നു, ബാഹ്യ സവിശേഷതകൾ നിലനിർത്തിക്കൊണ്ടുതന്നെ. ദിവ്യകാരുണ്യത്തിൽ അപ്പത്തിന്റെ നിറവും ആകൃതിയും മാറുന്നില്ലല്ലോ, പക്ഷെ, സത്ത മാറുന്നു – അപ്പം ക്രിസ്തുശരീരമായിത്തീരുന്നു. വീഞ്ഞ് – നിറവും രുചിയും മാറാതെ ഈശോയുടെ രക്തമായി രൂപാന്തരപ്പെടുന്നു.

ശാസ്ത്രലോകത്തിന് പരീക്ഷണങ്ങൾ കൊണ്ട് തെളിയിക്കാവുന്നതല്ല ഇത്. വിശ്വാസം കൊണ്ടുമാത്രമേ സത്താമാറ്റത്തെ അംഗീകരിക്കാനാവൂ. നേരിട്ട് മനുഷ്യമാംസമായി രൂപാന്തരപ്പെട്ടാൽ മനുഷ്യന് അതിനെ സമീപിക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ട് ദൈവം മുൻകൂട്ടി കണ്ടിരിക്കണം. മാംസക്കഷണത്തെ നമുക്കെങ്ങനെ ഭക്ഷിക്കാനാകുമെന്ന് ചിന്തിച്ചുനോക്കൂ.

വി. കുർബാനയിലെ സത്താമാറ്റത്തെ അറിഞ്ഞു ബോധ്യപ്പെടുകയും വിശ്വാസത്തോടെ സമീപിക്കുകയും ചെയ്താലേ, നമ്മുടെ ബലിയർപ്പണം അർത്ഥപൂർണമാകുന്നുള്ളൂ. ബലിയർപ്പണം ചിലർക്കെങ്കിലും ബോറാകുന്നതിന്റെ കാരണവും ഈ അറിവില്ലായ്‌മതന്നെയാണ്. സത്താമാറ്റം എന്ന ദൈവീക ഇടപെടലിലൂടെയുള്ള അത്ഭുതത്തെ – ശസ്ത്രത്തിന് നിർവചിക്കാനാവാത്ത മാറ്റത്തെ – വിശ്വസിക്കാൻ വേണ്ട കൃപയ്ക്കായി നമുക്കു ദൈവത്തോടു യാചിക്കാം.

ഫാ. അജോ രാമച്ചനാട്ട്