നോമ്പുകാലം ഇരുപതാം നൂറ്റാണ്ടിലെ വിശുദ്ധരൊപ്പം: ഇരുപത്തിമൂന്നാം ദിനം – വി. കത്രീന ഡെക്സലർ

“ദിവ്യകാരുണ്യം ഒരിക്കലും അവസാനിക്കാത്ത ബലിയാണ്. അത് സ്നേഹത്തിന്റെ കൂദാശയും അത്യുന്നതസ്നേഹവും സ്നേഹപ്രവർത്തിയുമാണ്” – വി. കത്രീന ഡെക്സലർ (1858-1955).

അമേരിക്കയിൽ ജനിച്ച് വിശുദ്ധപദവിയിലേക്ക് ഉയർത്തപ്പെട്ട രണ്ടാമത്തെ വ്യക്തിയാണ് സി. കത്രീന ഡെക്സലർ. 1858 നവംബർ ഇരുപത്തിയാറാം തീയതി ഫിലാഡെൽഫിയായിൽ ഒരു ധനിക കുടുംബത്തിൽ ജനിച്ചു. കത്രീനയുടെ ജനനത്തിന് ഏതാനും ആഴ്ചകൾക്കുള്ളിൽ അമ്മ മരണമടഞ്ഞു. രണ്ടാനമ്മയും വളരെ സ്നേഹമുള്ള വ്യക്തിയായിരുന്നു. എല്ലാ ദിവസവും വൈകുന്നേരം അര മണിക്കൂർ തനിയെ പ്രാർത്ഥിക്കുന്ന, പിതാവ് ഫ്രാൻസിസ് ആൻ്റണിയുടെ മാതൃക കണ്ടാണ് കത്രീന വളർന്നത്. എല്ലാ ആഴ്ചയിലും രണ്ടാനമ്മ പാവപ്പെട്ടവർക്ക് ഭക്ഷണവും ധനപരമായ സംഭാവനയും നൽകിയിരുന്നു.

1887-ൽ കത്രീനയും സഹോദരിയും പതിമൂന്നാം ലെയോ മാർപാപ്പയെ സന്ദർശിച്ചപ്പോൾ ആഫ്രിക്കൻ അമേരിക്കരുടെ ഇടയിൽ ശുശ്രൂഷ ചെയ്യാൻ മിഷനറിമാരെ അയയ്ക്കാൻ ഒരു നിർദ്ദേശം മുന്നോട്ടുവച്ചു. സ്വയം ഒരു മിഷനറിയായി അവരുടെ ഇടയിൽ ശുശ്രൂഷ ചെയ്യാൻ മാർപാപ്പ കത്രീനയോട്  ആവശ്യപ്പെട്ടു. രണ്ടു വർഷത്തിനുശേഷം കത്രീന 1889 കാരുണ്യത്തിന്റെ സഹോദരിമാർ എന്ന സന്യാസ സഭയിൽ പ്രവേശിച്ച് 1891-ൽ പ്രഥമ വ്രതവാഗ്ദാനം നടത്തി.

അമേരിക്കയിലെ ആഫ്രിക്കൻ വംശജരുടെ ഇടയിൽ പ്രവർത്തിക്കാനായി കത്രീന Sisters of the Blessed Sacrament for Indians and Colored എന്ന സന്യാസ സഭയ്ക്ക് രൂപം നൽകി. മുപ്പത്തിമൂന്നു വയസു മുതൽ 1955-ൽ മരിക്കുന്നതു വരെ ആഫ്രിക്കൻ വംശജരുടെ ഇടയിലാണ് മദർ കത്രീനാ പ്രവർത്തിച്ചിരുന്നത്. 1915-ൽ അമേരിക്കയിലെ ന്യൂ ഓർലിയൻസിൽ ആഫ്രിക്കൻ അമേരിക്കക്കാർക്കു വേണ്ടിയുള്ള ആദ്യ കത്തോലിക്കാ സർവ്വകലാശാലയായ സേവ്യർ യൂണിവേഴ്സിറ്റി (Xavier University in New Orleans) സ്ഥാപിച്ചു. 1955 മാർച്ച് മാസം മൂന്നാം തീയതി 96-ആം വയസ്സിൽ മദർ കത്രീന നിര്യാതയായി. ജോൺപോൾ രണ്ടാമൻ പാപ്പ കത്രീനയെ 1988 നവംബർ 20-ന് വാഴ്ത്തപ്പെട്ടവളായും 2000 ഒക്ടോബർ ഒന്നിന് വിശുദ്ധയായും പ്രഖ്യാപിച്ചു.

വി. കത്രീനയോടൊപ്പം പ്രാർത്ഥിക്കാം.

വി. കത്രീനായേ, ദിവ്യകാരുണ്യത്തിന്റെ വലിയ ഭക്തയായ നിന്നെ അനുകരിച്ച് നോമ്പുകാലത്ത് വിശുദ്ധ കുർബാനയിലെ ഈശോയെ കൂടുതൽ സ്നേഹിക്കാൻ എനിക്കുവേണ്ടി പ്രാർത്ഥിക്കണമേ. ആമ്മേൻ.

ഫാ.ജയ്സൺ കുന്നേൽ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.